റോയൽ കമീഷൻ ഫോർ ജുബൈൽ ആൻഡ് യാംബു, ചൈനയിൽ നിക്ഷേപ അവസരങ്ങൾ അവതരിപ്പിക്കുന്നു

ചൈനീസ് കമ്പനികളെ ലക്ഷ്യമിട്ട് ​ജുബൈൽ റോയൽ കമീഷൻ; വ്യവസായ നഗരങ്ങളിലേക്ക്​ നിക്ഷേപ സാധ്യത തേടി

ജുബൈൽ: സൗദി അറേബ്യയുടെ വ്യാവസായിക വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്ന റോയൽ കമീഷൻ ഫോർ ജുബൈൽ ആൻഡ് യാംബു, ചൈനീസ് കമ്പനികളിൽനിന്ന്​ പുതിയ നിക്ഷേപ സാധ്യതകൾ തേടുന്നു. കമീഷൻ പ്രസിഡൻറ്​ എൻജി. ഖാലിദ് അൽ സലീമി​ന്റെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം ചൈനയിലെ ഷാങ്ഹായ്, ഷെൻഷെൻ എന്നിവിടങ്ങളിൽ ആറുദിവസം നീണ്ട സന്ദർശനം പൂർത്തിയാക്കി.

സൗദിയിലെ വ്യവസായ നഗരങ്ങളിലേക്ക് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സന്ദർശനം. നിർമിത ബുദ്ധി (എഐ), നൂതന സാങ്കേതിക വിദ്യകൾ, പുനരുപയോഗ ഊർജം, പെട്രോകെമിക്കൽസ്, സ്​റ്റീൽ വ്യവസായം, ആഗോള വിതരണ ശൃംഖലയുടെ (ലോജിസ്​റ്റിക്സ്) വിപുലീകരണം എന്നീ മേഖലകളിലെ സഹകരണത്തിന് ചർച്ചകളിൽ മുൻഗണന നൽകി.

പര്യടനത്തിന്റെ ഭാഗമായി ലോകത്തെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായ ഷാങ്ഹായ് പോർട്ട് സംഘം സന്ദർശിച്ചു. ആഗോള വിതരണ ശൃംഖലയിലും ലോജിസ്​റ്റിക് സേവനങ്ങളിലും ഷാങ്ഹായ് പോർട്ടി​ന്റെ പ്രവർത്തന രീതികളും അത്യാധുനിക മാനേജ്‌മെൻറ്​ സംവിധാനങ്ങളും സംഘം നേരിട്ട് വിലയിരുത്തി.

സൗദി വിഷൻ 2030-​ന്റെ ഭാഗമായി രാജ്യത്തെ വ്യവസായ നഗരങ്ങളെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിനും ചൈനീസ് നിക്ഷേപകരെ സൗദിയിലേക്ക് എത്തിക്കുന്നതിനും ഈ സന്ദർശനം വലിയ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags:    
News Summary - Jubail Royal Commission targets Chinese companies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.