സൗദി കിഴക്കൻ പ്രവിശ്യയിൽ മിന്നൽ പ്രതിരോധം; ഒമ്പത്​ മണിക്കൂറിനിടെ 64 ഡ്രോണുകൾ തകർത്തു

റിയാദ്: റിയാദിലും കിഴക്കൻ പ്രവിശ്യയിലും സൗദി അറേബ്യ ലക്ഷ്യമിട്ടെത്തിയ വൻ വ്യോമാക്രമണ നീക്കങ്ങളെ പ്രതിരോധ സേന വിജയകരമായി തകർത്തു. തിങ്കളാഴ്ച മാത്രം ഒൻപത് മണിക്കൂറിനിടെ എത്തിയ 64 സായുധ ഡ്രോണുകളാണ് സൗദി വ്യോമസേന വെടിവെച്ചിട്ടതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.

ഇതിൽ തന്നെ കിഴക്കൻ പ്രവിശ്യയിൽ മാത്രം വെറും ഒരു മണിക്കൂറിനുള്ളിൽ 35 ശത്രു ഡ്രോണുകളെ പ്രതിരോധ സേനയ്ക്ക് തകർക്കാൻ സാധിച്ചു എന്നത് സൈന്യത്തി​െൻറ ജാഗ്രത വെളിവാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിയാദിലും കിഴക്കൻ പ്രവിശ്യയിലുമായി 30 ഡ്രോണുകൾ തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് കിഴക്കൻ മേഖലയിൽ നിന്ന് മാത്രം 26 ഡ്രോണുകൾ കൂടി തകർത്ത വാർത്ത പുറത്തുവരുന്നത്.

രാജ്യത്തെ തന്ത്രപ്രധാനമായ ഊർജ്ജ നിലയങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ഈ ആക്രമണങ്ങളെല്ലാം. പ്രത്യേകിച്ച് ഷൈബ എണ്ണപ്പാടത്തിന് നേരെ 70-ലധികം ഡ്രോണുകൾ അയച്ചെങ്കിലും അവ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ റുബ് അൽ ഖാലി മണലാരണ്യത്തിന് മുകളിൽ വെച്ച് സൈന്യം വെടിവെച്ചിട്ടു.

കൂടാതെ റിയാദിന് തെക്ക് ഖർജിലുള്ള അമീർ സുൽത്താൻ എയർബേസ്, കിഴക്കൻ പ്രവിശ്യയിലെ റാസ് തന്നൂറ റിഫൈനറി, റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടേഴ്സ്, യു.എസ് എംബസി എന്നിവിടങ്ങൾ ലക്ഷ്യമിട്ട് നടന്ന വിവിധ ആക്രമണ ശ്രമങ്ങളും പ്രതിരോധ സേനയുടെ കരുത്തിൽ പരാജയപ്പെട്ടു.

പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചത്​ മുതൽ ഇതുവരെ വ്യോമ പ്രതിരോധ സേന ആകെ 380 ഡ്രോണുകൾ, 30 ബാലിസ്​റ്റിക് മിസൈലുകൾ, ഏഴ്​ ക്രൂയിസ് മിസൈലുകൾ എന്നിവയാണ് വിജയകരമായി നശിപ്പിച്ചത്. രാജ്യത്തി​െൻറ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഇത്തരം നീക്കങ്ങളെ അതീവ ജാഗ്രതയോടെയാണ് നേരിടുന്നതെന്നും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ സൗദി സായുധ സേന പൂർണ സജ്ജമാണെന്നും മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി.

Tags:    
News Summary - Lightning defense in Saudi Eastern Province destroys 64 drones in nine hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.