ജുബൈൽ കെ.എം.സി.സി ഇഫ്താർ സംഗമത്തിൽ വൈസ് പ്രസിഡന്റ് റാഫി ഹുദവി റമദാൻ
സന്ദേശം നൽകുന്നു
ജുബൈൽ: ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജുബൈലിലെ ഹുമൈദാൻ ഹാളിൽ മെഗാ ഇഫ്താർ സംഘടിപ്പിച്ചു. ജുബൈലിലെ ജാതി-മത-
ഭേദമന്യേ ആയിരക്കണക്കിന് ആളുകൾ സംഗമത്തിൽ പങ്കെടുത്തു. ജുബൈലിലെ എല്ലാ മലയാളി പ്രവാസി സംഘടനകളുടെയും സ്പോർട്സ് ക്ലബുകളുടെയും പ്രതിനിധികൾ സന്നിഹിതരായിരുന്നു. ജുബൈൽ പ്രവാസികൾക്കിടയിൽ സാഹോദര്യ ബന്ധം ശക്തിപ്പെടുത്തുന്നതിനും മലയാളി സമൂഹത്തിന്റെ ജനകീയ ഒത്തുചേരലിനും ഉള്ള അവസരം ആയിരുന്നു ജുബൈൽ കെ.എം.സി.സി സംഘടിപ്പിച്ച മെഗാ ഇഫ്താർ എന്ന് സംഗമത്തിൽ പങ്കെടുത്ത വിവിധ സംഘടനാ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
എല്ലാ വിഭാഗം ആളുകളും ഒരുമിച്ച് നോമ്പ് തുറന്നപ്പോൾ ജുബൈൽ സമൂഹത്തിന്റെ ഐക്യവും ശക്തിയും നേരിൽ കണ്ട നിമിഷം കൂടി ആയി നോമ്പ് തുറ സംഗമം.
നോമ്പ് തുറക്ക് മുമ്പായി സമസ്ത ഇസ് ലാമിക് സെന്റർ നേതാവും ജുബൈൽ കെ.എം.സി.സി ഉപാധ്യക്ഷനും ആയ റാഫി ഹുദവി റമദാൻ സന്ദേശം നൽകി. റമദാനിൽ പിന്തുടരേണ്ട ആത്മീയ സമർപ്പണത്തെ കുറിച്ചും മുസ് ലിം ലീഗ് നടത്തുന്ന കാരുണ്യപദ്ധതികളെകുറിച്ചും അദ്ദേഹം വിശദീകരിച്ചു.
മഗ്രിബ് നമസ്കാരത്തിന് അബ്ദുൽ ലത്തീഫ് മദനി നേതൃത്വം നൽകി. ശേഷം ജുബൈൽ കെ.എം.സി.സിയുടെ പൊതു സമ്മേളനം നടന്നു. കെ.എം.സി.സി കിഴക്കൻ പ്രവിശ്യാ ജനറൽ സെക്രട്ടറി സിദ്ദിഖ് പാണ്ടികശാല പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു.
പൊതു സമ്മേളനത്തിന്റെ അധ്യക്ഷൻ ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലാം ആലപ്പുഴ ജുബൈൽ കെ.എം.സി.സിയുടെ സന്ദേശവും റമദാനിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ചും സംസാരിച്ചു. കെ.എം.സി.സി സൗദി കിഴക്കൻ പ്രവിശ്യാ നേതാക്കളും ജുബൈലിലെ വിവിധ മത രാഷ്ട്രീയ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ വെട്ടുപാറ സ്വാഗതവും ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ട്രെഷറർ അസീസ് ഉണ്ണിയാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.