മികച്ച കളിക്കാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സാധിക അലി, സജീർ എന്നിവർ ചേർന്ന് നിർവഹിക്കുന്നു
ജുബൈൽ: യുവ ഫുട്ബാൾ താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനും അച്ചടക്കമുള്ള കായിക സംസ്കാരം രൂപപ്പെടുത്താനും ലക്ഷ്യമിട്ട് ജുബൈൽ എഫ്.സി സോക്കർ അക്കാദമിയുടെ പ്രതിമാസ പെർഫോമൻസ് ഇവാല്യൂഷൻ പ്രോഗ്രാമീന് തുടക്കമായി. ഫിഫ അരീന സ്റ്റേഡിയത്തിൽ നടന്ന ചടങ്ങ് കിംസ് ഹെൽത്ത് മെഡിക്കൽ സെൻറർ സി.ഒ.ഒ. സാധിക അലി ഉദ്ഘാടനം ചെയ്തു. കിംസ് ഹെൽത്ത് മാർക്കറ്റിങ് മാനേജർ സജീർ, ഷാനവാസ്, ആഷിഖ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
പരിപാടിയുടെ ഭാഗമായി ‘സന്തോഷകരമായ ആശയവിനിമയത്തിന്റെ ശക്തി: വിജയാന്തരീക്ഷം സൃഷ്ടിക്കൽ’ എന്ന വിഷയത്തിൽ കിംസ് ഹെൽത്ത് മെഡിക്കൽ സെൻററിലെ സൈക്കോളജി സ്പെഷ്യലിസ്റ്റ് ജോയ്സി ജോൺസൺ കൗൺസിലിങ് സെഷൻ നയിച്ചു. യുവ കായികതാരങ്ങളുടെ ആത്മവിശ്വാസം രൂപപ്പെടുത്തുന്നതിനും പ്രകടനം മെച്ചപ്പെടുത്തുന്നതിനും പോസിറ്റീവായ ഇടപെടലിന്റെയും മാനസികാരോഗ്യത്തിന്റെയും ആശയവിനിമയത്തിന്റെയും പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു. പ്രതിമാസ പെർഫോമൻസ് ഇവാല്യൂഷൻ പ്രോഗ്രാം ഇനിമുതൽ എല്ലാ മാസവും രണ്ടാമത്തെ വെള്ളിയാഴ്ച നടക്കും. വെള്ളിയാഴ്ചയിലെയും ശനിയാഴ്ചയിലെയും പരിശീലന ബാച്ചുകളെ സംയോജിപ്പിച്ചാണ് ഇത് നടത്തുക.
താരങ്ങൾക്ക് കൂടുതൽ മത്സരക്ഷമതയും ആകർഷകവുമായ മാച്ച് ഡേ അന്തരീക്ഷം ഉറപ്പാക്കാൻ വേണ്ടിയാണിതെന്ന് അക്കാദമി അറിയിച്ചു. അക്കാദമി ഡയറക്ടർ ഇല്യാസ്, മാനേജർ അജിൻ, പ്രസിഡൻറ് അശ്വിൻ, സെക്രട്ടറി ഷാഫി, ജോയിൻറ് സെക്രട്ടറി ഷജീർ, ഹെഡ് കോച്ചുമാരായ ആഷിഖ്, അൻഫാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.