ദമ്മാം: പ്രഫഷനൽ നാടകമെന്ന പ്രവാസ സ്വപ്നങ്ങൾക്ക് നിറം പകർന്ന് അഞ്ചിലധികം മികച്ച നാടകങ്ങൾ കിഴക്കൻ പ്രവിശ്യയിൽ അവതരിപ്പിച്ച ബിജു പി. നീലേശ്വരത്തിന്റെ നേതൃത്വത്തിൽ ജുബൈൽ നാടകവേദി രൂപം കൊള്ളുന്നു. ദമ്മാം നാടക വേദിയുടെ പ്രവർത്തനങ്ങൾ തൃപ്തികരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യത്തിലാണ് പുതിയ നാടക സംഘത്തിന് രൂപം കൊടുക്കുന്നത്.
വ്യവസായ നഗരമായ ജുബൈലിൽ സ്ഥിരം നാടകവേദി എന്നത് ജുബൈൽ മലയാളികളുടെ എക്കാലത്തെയും സ്വപ്നമായിരുന്നു. ജോലിയാവശ്യാർഥം ജുബൈലിലേക്ക് താമസം മാറിയ സാഹചര്യത്തിലാണ് പുതിയ ദൗത്യവുമായി മുന്നിട്ടിറങ്ങുന്നതെന്ന് ബിജു പി. നീലേശ്വരം പറഞ്ഞു. ജുബൈൽ നാടക സമതിയുടെ നേതൃത്വത്തിൽ അരങ്ങിലെത്തിക്കുന്ന പ്രഥമ നാടകത്തിന്റെ വിളംബരവും നാടകസമിതിയുടെ ലോഗോ പ്രകാശനവും ശനിയാഴ്ച (ജൂൺ 21) വൈകീട്ട് ഏഴിന് ജുബൈൽ ക്ലാസിക് റസ്റ്റോറൻറ് ഹാളിൽ നടക്കും.
വായനയുടെ രസം പകരാനും കാഴ്ചയുടെ വസന്തം തീർക്കാനും ഒരേപോലെ കഴിയുന്ന കലാരൂപമെന്ന നിലയിൽ കാലത്തോട് കലഹിക്കാനും കാലത്തോട് സംവദിക്കാനും കഴിയുന്ന നാടകം വീണ്ടും ജീവൻ വെക്കുമ്പോൾ പ്രവാസത്തിൽ നിരവധി പേരുടെ സ്വപ്നങ്ങൾക്ക് കൂടി നിറം പകരാനാകുമെന്ന് സംഘാടക സമിതി കൺവീനർ അനിൽ റഹീമ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ലോഗോ പ്രകാശന പരിപാടിയിൽ പ്രവിശ്യയിലെ വിവിധ മേഖലയിൽ നിന്നുള്ള സാംസ്കാരിക കലാ പ്രവർത്തകർ പങ്കെടുക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.