ജിദ്ദ: തെക്കൻ നഗരമായ ജീസാനിലെ ജനവാസ മേഖലകൾ ലക്ഷ്യമിട്ട് യമനിലെ ഹൂതികൾ തൊടുത്ത മിസൈലുകൾ സൗദി വ്യോമപ്രതിരോധ സംവിധാനം തകർത്തു. ശനിയാഴ്ച രാവിലെ 10.40 ഒാടെയാണ് നാല് ബാലിസ്റ്റിക് മിസൈലുകൾ ജീസാനിലേക്ക് വന്നത്. മിസൈലിെൻറ അവശിഷ്ടങ്ങൾ പതിച്ച് ഒരു സ്വദേശി മരിച്ചു.
ജീസാൻ നഗരത്തിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളായിരുന്നു ഹൂതികളുടെ ലക്ഷ്യമെന്ന് സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു. നഗരപ്രാന്തത്തിൽ സ്ഥാപിച്ചിട്ടുള്ള പേട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനം നാലുമിസൈലുകളെയും വിജയകരമായി തകർത്തിടുകയായിരുന്നു. തകർത്ത മിസൈലുകളുടെ ഭാഗം വീണാണ് ഒരാൾ മരിച്ചതെന്ന് ജീസാൻ സിവിൽ ഡിഫൻസ് വക്താവ് കേണ്ൽ യഹ്യ അബ്ദുല്ല അൽഖഹ്താനി പറഞ്ഞു.
പ്രദേശത്തെ ചില വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുമുണ്ട്. വെള്ളിയാഴ്ച നജ്റാനിലേക്കും ഹൂതികൾ മിസൈൽ തൊടുത്തിരുന്നു. ഉച്ചക്ക് 12.50 നാണ് നജ്റാനിലെ ജനവാസ മേഖലയിലേക്ക് യമനിൽ നിന്ന് മിസൈൽ വന്നത്. ഇതിനെയും മിസൈൽ പ്രതിരോധ സംവിധാനം തകർത്തു. വെള്ളിയാഴ്ച രാത്രിയും ശനി പുലർച്ചെയുമായി യമനിലെ ഹൂതി കേന്ദ്രങ്ങളിൽ സൗദി വ്യോമസേന കനത്ത ആക്രമണം നടത്തിയിരുന്നു. രണ്ടു ഉന്നത നേതാക്കൾ ഉൾപ്പെടെ 38 ഹൂതി തീവ്രവാദികൾ ഇൗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.