കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച മുസ്ലിംലീഗ് സ്ഥാപക ദിനാഘോഷവും വിചാര സദസ്സും കെ.പി മുഹമ്മദ്
കുട്ടി ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: വർത്തമാനകാല ഇന്ത്യയിൽ മുസ്ലിംലീഗിന്റെ രാഷ്ട്രീയ പ്രസക്തി വർധിച്ചുവരുന്ന സാഹചര്യത്തിൽ, പാർട്ടി ഉയർത്തിപ്പിടിക്കുന്ന പാരമ്പര്യവും ആശയങ്ങളും കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാൻ യുവതലമുറ സന്നദ്ധരാകണമെന്ന് കെ.എം.സി.സി വേൾഡ് പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി ആഹ്വാനം ചെയ്തു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച മുസ്ലിംലീഗ് സ്ഥാപക ദിനാഘോഷവും വിചാര സദസ്സും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1948 മാർച്ച് 10-ന് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗ്, ഏഴ് പതിറ്റാണ്ടിലേറെയായി രാജ്യത്തെ ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി ജനാധിപത്യ മൂല്യങ്ങളിൽ ഊന്നി പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ഇന്ത്യൻ ഭരണഘടന നിർമാണ വേളയിലും പാർലമെന്റിലും നിയമസഭകളിലും ജിദ്ദ കെ.എം.സി.സി മുസ്ലിംലീഗ് സ്ഥാപക ദിനാഘോഷവും വിചാര സദസ്സും നടത്തിയ ഇടപെടലുകൾ രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായകമാണ്. മതനിരപേക്ഷതയും മതസൗഹാർദവും മുറുകെപ്പിടിച്ച് പിന്നാക്ക ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക പുരോഗതിക്കായി പാർട്ടി നടത്തിയ പ്രവർത്തനങ്ങൾ തുല്യതയില്ലാത്തതാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. പ്രവാസലോകത്ത് കെ.എം.സി.സി നടത്തുന്ന കാരുണ്യപ്രവർത്തനങ്ങൾ ലീഗിന്റെ രാഷ്ട്രീയ ആശയങ്ങളുടെ ഉത്തമ ഉദാഹരണമാണെന്നും ചർച്ചയിൽ ഉയർന്നുവന്നു. പരിപാടിയിൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. ആക്ടിങ് പ്രസിഡന്റ് സി.കെ റസാഖ് മാസ്റ്റർ സ്ഥാപകദിന പ്രഭാഷണം നടത്തി.
ജലാൽ തേഞ്ഞിപ്പലം, ഹുസൈൻ കരിങ്കറ, മജീദ് പുകയൂർ, കെ.കെ മുഹമ്മദ്, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, വഹാബ് വടകര, താഹിർ പട്ടാമ്പി, ഫിർദൗസ് വാഫി, മുഹമ്മദലി മുസ്ലിയാർ, സീതി കൊളക്കാടൻ, സമദ് മൂർക്കനാട്, ലത്തീഫ് അരീക്കൻ, അഷറഫ് ചിറമംഗലം എന്നിവർ സംസാരിച്ചു. നാസർ മച്ചിങ്ങൽ സ്വാഗതവും സൈതലവി ഏറനാട് നന്ദിയും പറഞ്ഞു. വിവിധ ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും വിചാര സദസ്സിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.