ദോഹ: ഖത്തർ മുൻസിപ്പാലിറ്റി മന്ത്രാലയവും സൂഖ് വാഖിഫ് മാനേജ്‌മെന്റും ചേർന്ന് സംഘടിപ്പിക്കുന്ന 11ാമത് പ്രാദേശിക ഈത്തപ്പഴ മേളയിൽ ജനത്തിരക്കേറുന്നു. ആദ്യ മൂന്ന് ദിവസങ്ങളിൽ ഏകദേശം 20,000 സന്ദർശകരാണെത്തിയത്. ഈ ദിവസങ്ങളിൽ 41 ടൺ ഈത്തപ്പഴം വിറ്റഴിച്ചതായും മുൻസിപ്പാലിറ്റി മന്ത്രാലയം വ്യക്തമാക്കി. ജനപ്രിയ ഇനമായ ഖലാസ് ഈത്തപ്പഴമാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത്. 17 ടൺ ഖലാസ് ഈത്തപ്പഴമാണ് മൂന്ന് ദിവസത്തിനകം വിറ്റുപോയത്. ഷിഷി, ഖെനൈസി ഇനങ്ങൾ 8.3 ടൺ വീതവും, ബർഹി ഉൾപ്പെടെയുള്ള മറ്റ് ഇനങ്ങൾ 4.2 ടൺ വീതവും വിറ്റഴിഞ്ഞു.
രാജ്യത്തെ കാർഷിക മേഖലയെ പിന്തുണക്കാനും പ്രാദേശിക ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് മുനിസിപ്പാലിറ്റി മന്ത്രാലയം പ്രദർശനം സംഘടിപ്പിക്കുന്നത്. പ്രാദേശിക ഈത്തപ്പഴങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കാർഷിക സുസ്ഥിരത കൈവരിക്കാനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തവണത്തെ മേളയിൽ 114 പ്രാദേശിക ഫാമുകളും സീസണൽ പഴവർഗങ്ങൾ ലഭ്യമാക്കുന്ന 11 ഫാമുകളുമാണ് പങ്കെടുക്കുന്നത്.
സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്‌ക്വയറിൽ ആരംഭിച്ച പ്രദർശനം ആഗസ്റ്റ് 10 വരെ നീണ്ടുനിൽക്കും. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ വൈകീട്ട് 4 മണി മുതൽ രാത്രി ഒമ്പതുവരെയും, വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് നാലു മുതൽ രാത്രി 10 മണി വരെയുമാണ് പ്രവേശന സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.