അൽ ബാഹയിലെ ഗ്ലാസ് തൂക്കുപാലം ശ്രദ്ധേയമാകുന്നു

അൽ ബാഹ: അൽ ബാഹ മേഖലയിലെ പ്രധാന ടൂറിസം ആകർഷണമായി അൽഖൈം (അമീർ ഹുസാം) പാർക്കിൽ സ്ഥിതിചെയ്യുന്ന ഗ്ലാസ് തൂക്കുപാലം മാറുന്നു. മധ്യപൂർവേഷ്യയിൽ തന്നെ ഇത്തരത്തിലുള്ള ഏക പാലമെന്ന സവിശേഷതയോടെ നിർമിക്കപ്പെട്ടിട്ടുള്ള ഈ കേന്ദ്രത്തിലേക്ക് നിലവിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി വിനോദസഞ്ചാരികളാണ് എത്തിച്ചേരുന്നത്.

 

മേഖലയിലെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതി​െൻറയും വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ അൽ ബാഹയെ ഉയർത്തിക്കൊണ്ടുവരുന്നതി​െൻറയും ഭാഗമായി അൽ ബാഹ നഗരസഭയാണ് പദ്ധതി നടപ്പാക്കിയത്. അത്യാധുനിക എഞ്ചിനീയറിങ് മാനദണ്ഡങ്ങളും ഉന്നത സുരക്ഷാസംവിധാനങ്ങളും ഉറപ്പാക്കിയാണ് പാലത്തി​െൻറ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. ശക്തമായ ഇരുമ്പ് ചട്ടക്കൂടിൽ സുതാര്യമായ ഗ്ലാസ് പാനലുകൾ ഘടിപ്പിച്ച് ഒരുക്കിയിരിക്കുന്ന ഈ പാലത്തിന് 103 മീറ്റർ നീളവും രണ്ട് മീറ്റർ വീതിയുമുണ്ട്. ഒരേ സമയം 200-ലധികം ആളുകളെ സുരക്ഷിതമായി ഉൾക്കൊള്ളാൻ ഈ നിർമിതിക്ക് ശേഷിയുണ്ട്.

 

അൽ ബാഹ ചുരത്തിന് അഭിമുഖമായി തന്ത്രപ്രധാനമായ സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത്. താഴെയുള്ള തിഹാമ സമതലങ്ങളുടെയും പ്രകൃതിമനോഹരമായ മലനിരകളുടെയും തടസ്സമില്ലാത്ത കാഴ്ചകൾ ഇവിടെ നിന്ന് ആസ്വദിക്കാനാകും. വർഷത്തിൽ പലപ്പോഴും മലനിരകളെ തഴുകിയെത്തുന്ന മേഘമാലകളും അൽ ബാഹ നഗരത്തി​െൻറ പ്രകൃതിദത്ത സൗന്ദര്യവും ഉയർന്ന തലത്തിൽ നിന്ന് വീക്ഷിക്കാമെന്നത് സന്ദർശകർക്ക് മികച്ച അനുഭവം സമ്മാനിക്കുന്നു.

സുതാര്യമായ ഗ്ലാസ് പാനലുകൾക്ക് മുകളിലൂടെ നടക്കുമ്പോൾ താഴെയുള്ള ഭൂപ്രകൃതി നേരിട്ട് ദൃശ്യമാകുന്നത് പ്രകൃതിസ്നേഹികളെയും ഫോട്ടോഗ്രാഫർമാരെയും സാഹസിക സഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്നുണ്ട്. മേഖലയിലെ പ്രധാന പ്രകൃതിദത്ത കാഴ്ചകൾ ഒറ്റ കേന്ദ്രത്തിൽ നിന്ന് കാണാൻ സാധിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം മികച്ച നിക്ഷേപ-വിനോദസഞ്ചാര പദ്ധതികൾ നടപ്പാക്കാനുള്ള അൽ ബാഹ നഗരസഭയുടെ തുടർച്ചയായ നീക്കങ്ങളിൽ നിർണായകമായൊരു നാഴികക്കല്ലായി ഈ പ്രോജക്ട് മാറിയിരിക്കുകയാണ്.

Tags:    
News Summary - അൽ ബാഹയിലെ ഗ്ലാസ് തൂക്കുപാലം ശ്രദ്ധേയമാകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.