ജിദ്ദ ഇന്ത്യൻ സ്‌കൂളിൽ നേരിട്ടുള്ള ക്ലാസുകള്‍ ഈ മാസം 13 ന് ആരംഭിക്കും

ജിദ്ദ: കോവിഡിനെ തുടർന്ന് ഏകദേശം 18 മാസത്തോളമായി നേരിട്ടുള്ള പഠനം മുടങ്ങിക്കിടക്കുന്ന ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ വീണ്ടും കുട്ടികളെത്തുന്നു. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശത്തെത്തുടർന്ന് സ്‌കൂളിൽ ഓഫ്‌ലൈൻ ക്ളാസുകൾ ഈ മാസം 13 ന് ആരംഭിക്കും. അന്നേ ദിവസം 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികൾക്കാണ് ക്ളാസുകൾ തുടങ്ങുന്നത്. ഒമ്പത്, പതിനൊന്ന് ക്‌ളാസുകൾ ഈ മാസം 20 നും ആരംഭിക്കും.

കോവിഡിനെതിരെ രണ്ട് ഡോസ് വാക്‌സിനെടുത്തവരും നേരിട്ടുള്ള ക്ലാസില്‍ പങ്കെടുക്കാന്‍ സമ്മതമാണെന്ന് അറിയിച്ചവരുമായ വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസ് ആരംഭിക്കുന്നത്. വാക്സിൻ എടുക്കാത്തവർക്കും യാത്ര വിലക്ക് കാരണം നാട്ടിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും.

രാവിലെ എട്ട് മുതൽ ഉച്ചക്ക് 1.20 വരെയായിരിക്കും ക്ളാസുകൾ. ഒരേ ക്‌ളാസിലെ വിദ്യാര്‍ഥികളെ തന്നെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ഓഫ് ലൈന്‍ ക്ലാസുകള്‍. സ്‌കൂളിലെത്തുന്ന വിദ്യാർത്ഥികൾ രണ്ട് ഡോസുകൾ പൂർത്തിയാക്കിയ ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള രേഖ അതാത് ക്‌ളാസ് ടീച്ചറെ ഏൽപ്പിക്കുകയും ഇതിന്റെ കോപ്പി ക്ലാസിലെത്തുമ്പോൾ കൂടെ സൂക്ഷിക്കേണ്ടതുമാണ്. ഒറ്റ ഡോസ് മാത്രമായി വാക്സിനെടുത്തവർക്ക് ക്ലാസിൽ പ്രവേശനം ഉണ്ടായിരിക്കില്ല.

ആരോഗ്യമന്ത്രാലയം നിഷ്കർഷിച്ച മുഴുവൻ പ്രതിരോധ മാർഗങ്ങളും കുട്ടികൾ പാലിക്കണം. സ്‌കൂൾ കോമ്പൗണ്ടിലെ കാന്റീൻ ഈ ദിവസങ്ങളിൽ പ്രവർത്തിക്കില്ല എന്നത് കൊണ്ട് കുട്ടികൾക്കാവശ്യമുള്ള ലഘുഭക്ഷണങ്ങൾ വീട്ടിൽ നിന്നും കൂടെ കരുതേണ്ടതാണ്. കുട്ടികളെ സ്‌കൂളിലെത്തിക്കേണ്ടതും തിരിച്ചു കൊണ്ടുപോവേണ്ടതും രക്ഷിതാക്കളുടെ ഉത്തരവാദിത്വമായിരിക്കും.

കെ.ജി മുതൽ എട്ട് വരെ ക്‌ളാസുകൾ നിലവിൽ നടക്കുന്ന പ്രകാരം ഓൺലൈൻ ആയി തന്നെ ക്ളാസുകൾ നടക്കുമെന്നും ഓൺലൈൻ, ഓഫ്‌ലൈൻ ക്ലാസുകൾക്ക് തുല്യപ്രാധാന്യമുണ്ടായിരിക്കുമെന്നും സ്‌കൂൾ പ്രിന്‍സിപ്പല്‍ ഡോ. മുസഫര്‍ ഹസന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ അറിയിച്ചു.  

Tags:    
News Summary - Jeddah Indian School offline classes starting on Sept 13

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.