ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിലെ വാരാന്ത്യ പരിപാടിയിൽ ഫിറോസ് കൊയിലാണ്ടി സംസാരിക്കുന്നു
ജിദ്ദ: വിശ്വാസിയുടെ ജീവിതത്തിന്റെ ദിശ നിർണയിക്കുന്നത് പ്രാർഥനയാണ്. സർവലോക രക്ഷിതാവും നിയന്താവുമായ ജഗദീശ്വരനോട് ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിൽ ആത്മാർഥതയോടെയും മനസ്സാന്നിധ്യത്തോടെയും പ്രാർഥിക്കുമ്പോൾ അതിന്റെ പ്രതിഫലനങ്ങൾ തന്റെ ജീവിതത്തെ ശോഭയുള്ളതാക്കി മാറ്റുമെന്ന് ഫിറോസ് കൊയിലാണ്ടി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ‘പ്രാർഥനനിരതമായ ജീവിതം’ വിഷയത്തിൽ നടന്ന വാരാന്ത്യ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്ഭുതങ്ങളുടെ മഹാകലവറയാണ് മനുഷ്യമനസ്സ്. വികാര വിചാരങ്ങളും ആഗ്രഹാഭിലാഷങ്ങളും താല്പര്യങ്ങളും ചിന്തകളും ആശയങ്ങളും ആദ്യം രൂപംകൊള്ളുന്നതവിടെയാണ്.
അഭിലാഷ പൂര്‍ത്തീകരണത്തിനുള്ള പ്രാർഥനകളും അവിടെത്തന്നെ ഉദയം ചെയ്യുന്നു. സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന് ഉത്തമമായത് ആശിക്കാനും സ്രഷ്ടാവിന്റെ സഹായം തേടാനുമാണ് പ്രാർഥന എന്നും അദ്ദേഹം പറഞ്ഞു. തികച്ചും വ്യക്തിപരമായ പ്രാർഥനകൾ പോലും അറിവില്ലായ്മകൊണ്ട് പൗരോഹിത്യത്തിന്റെ കമ്പോള സാധ്യതയായി മാറിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് ഓരോ സത്യവിശ്വാസിയും തന്റെ ദൈനംദിന ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട പ്രാർഥനകൾ സ്വയം പഠിക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും അബ്ദുൽ ഗഫൂർ ചുണ്ടക്കാടൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.