അറേബ്യൻ ലെഗസി അച്ചീവ്മെന്റ് അവാർഡ് അറേബ്യൻ ആക്സസ് മാനേജ്മെന്റ് കൺസൽട്ടൻസ് സ്ഥാപകനും സി.ഇ.ഒയുമായ ജൗഹർ മാളിയേക്കലിന് ഗൾഫ്
മാധ്യമം ചീഫ് എഡിറ്റർ ഹംസ അബ്ബാസ് സമ്മാനിക്കുന്നു. മാധ്യമം ജോയന്റ് എഡിറ്റർ പി.ഐ. നൗഷാദ്, ഗൾഫ് മാധ്യമം മിഡ്ലീസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലിം
അമ്പലൻ എന്നിവർ സമീപം,
റിയാദ് /ഷാർജ: വേറിട്ട ആശയങ്ങൾ കൊണ്ടും മികവുകൊണ്ടും പ്രവാസ ലോകത്തെ വ്യവസായ -വാണിജ്യ മേഖലയിൽ വിജയം നേടി മുന്നേറുന്ന പ്രതിഭകളെ ആദരിക്കുന്നതിനായി ‘ഗൾഫ് മാധ്യമം കമോൺ കേരള’ ഏർപ്പെടുത്തിയ ‘അറേബ്യൻ ലെഗസി അച്ചീവ്മെന്റ് അവാർഡ്’ സൗദി അറേബ്യയിൽനിന്നുള്ള മലയാളി യുവ വ്യവസായി ജവഹർ മാളിയേക്കലിനും.
ഷാർജയിൽ ഗൾഫ് മാധ്യമം സംഘടിപ്പിച്ച ‘കമോൺ കേരള’ പരിപാടിയോട് അനുബന്ധിച്ചായിരുന്നു അവാർഡ് സമർപ്പണം. ജവഹർ മാളിയേക്കൽ ഉൾപ്പെടെ ആറ് പേർക്കായിരുന്നു അവാർഡ്. റിയാദ് ആസ്ഥാനമായ അറേബ്യൻ ആക്സസ് മാനേജ്മെന്റ് കൺസൽട്ടൻസ് സ്ഥാപകനും സി.ഇ.ഒയുമാണ് മലപ്പുറം നിലമ്പൂർ വഴിക്കടവ് സ്വദേശിയായ ജൗഹർ മാളിയേക്കൽ.ഷാർജ എക്സ്പോ സെന്ററിൽ കമോൺ കേരളയുടെ സമാപന വേദിയിലെ പ്രൗഢമായ ചടങ്ങിൽ ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ ഹംസ അബ്ബാസ് പുരസ്കാരം സമ്മാനിച്ചു. മാധ്യമം ജോയന്റ് എഡിറ്റർ പി.ഐ. നൗഷാദ്, ഗൾഫ് മാധ്യമം മിഡ്ലീസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലിം അമ്പലൻ തുടങ്ങിയവർ സംബന്ധിച്ചു.
ഫലകം പ്രശസ്ത ചലച്ചിത്ര നടൻ മോഹൻലാൽ സമ്മാനിക്കുന്നു
സൗദി അറേബ്യയിൽ കുറഞ്ഞകാലത്തിനുള്ളിൽ വിജയം നേടിയ ഊർജസ്വലനായ യുവ ബിസിനസ് സംരംഭകനാണ് ജവഹർ മാളിയേക്കൽ. എം.ബി.എ, സി.എം.എ വിദ്യാഭ്യാസ യോഗ്യതകളുമായി 2009 മാർച്ചിലാണ് സൗദിയിലെത്തിയത്. അൽ രാജ്ഹി ഗ്രൂപ്പിൽ അകൗണ്ടന്റായാണ് തുടക്കം. പിന്നീട് ഹൊഷാൻകോ, അലിസ്സ എന്നീ കമ്പനികളിലും ജോലി ചെയ്തു. സ്വന്തം ബിസിനസ് സംരംഭം എന്ന ലക്ഷ്യത്തോടെ അവിടെനിന്ന് രാജിവെച്ചു. 2017ൽ സൗദിൽ മൂല്യവർധിത നികുതി (വാറ്റ്) നടപ്പായപ്പോൾ ചെയ്ത കാര്യങ്ങൾ അനുഭവസമ്പത്തായി ഒപ്പമുള്ളത് ധൈര്യം പകർന്നു. 2020 ഡിസംബറിൽ ‘അറേബ്യൻ ആക്സസ്’ എന്ന പേരിൽ സ്വന്തം കമ്പനി ആരംഭിച്ചു. നാട്ടിലും ഒരു കമ്പനി രൂപവത്കരിച്ചു. നിലമ്പൂരിൽ രജിസ്ട്രേഡ് ഓഫിസ് തുടങ്ങി.
ഇപ്പോൾ കമ്പനിയുടെ റിയാദിലെ ഓഫിസിൽ മാത്രം 30 സ്റ്റാഫുണ്ട്. ദുബൈയിലും ഒമാനിലും ലണ്ടനിലും അറേബ്യൻ ആക്സസിന്റെ ബ്രാഞ്ചുകൾ തുടങ്ങി. കോർപറേറ്റ് ഓഫിസ് റിയാദിലാണ്. ദുബൈയിലും ഒമാനിലും നിലമ്പൂരിലും സ്റ്റാഫുകൾ ഉണ്ട്. ഇതിന് പുറമെ റിയാദിൽ കോഫി ഷോപ്, റെസ്റ്റാറന്റ്, ഹെവി എക്യുപ്മെന്റ് കമ്പനി എന്നിവയും വേറെയുണ്ട്.ഇപ്പോൾ ഗ്രൂപ് ഓഫ് കമ്പനീസായി അറേബ്യൻ ആക്സസ് മാറിക്കഴിഞ്ഞു. ബർഗർ കിങ് പോലുള്ള വലിയ കമ്പനികളുടെ മാർക്കറ്റിങ്, ബ്രാൻഡിങ് ചുമതല ഏറ്റെടുത്ത് നടത്തുന്നുണ്ട്. നിലവിൽ 70 ആളുകൾക്ക് തൊഴിൽ നൽകുന്നുണ്ട്. ഒരു അകൗണ്ടന്റായി സൗദിയിലേക്ക് വന്ന ജവഹർ കഴിഞ്ഞ 15 വർഷം കൊണ്ട് 70 പേർക്ക് പ്രത്യക്ഷമായും അത്രത്തോളം ആളുകൾക്ക് പരോക്ഷമായും ഉപജീവനം നൽകുന്ന ബിസിനസ് സംരംഭകനായി മാറി.
കഴിഞ്ഞ ഒരു വർഷത്തിനിടെ 800 കമ്പനികൾ സൗദിയിൽ രജിസ്റ്റർ ചെയ്യാനും ഓപ്പറേറ്റ് ചെയ്യാനുമുള്ള ലൈസൻസിങ് നടപടികൾ പൂർത്തിയാക്കി കൊടുത്തിട്ടുണ്ട്. 1250 ഓളം വിദേശ സംരംഭകർക്ക് സൗദിയിൽ ബിസിനസ് തുടങ്ങാനുള്ള സൗകര്യം ചെയ്തുകൊടുത്തു. ലൈസൻസിങ് നടപടികൾ പൂർത്തീകരിച്ചു കൊടുക്കൽ മാത്രമല്ല, ബിസിനസ് സംബന്ധമായ മാർഗനിർദേശങ്ങളും നൽകാറുണ്ട്. കുറച്ചേറെ ഭാവി പദ്ധതികൾ മനസ്സിലുണ്ട്.
സംരംഭകർക്ക് ബിസിനസ് ട്രെയ്നിങ് നൽകാൻ ബിസിനസ് സ്കൂൾ ആരംഭിക്കാനും ഒരു അകൗണ്ടിങ് സോഫ്റ്റ് വെയർ നിർമിക്കാനും പദ്ധതിയുണ്ട്. പിതാവ് മാളിയേക്കൽ ഹസൈനാർ 35 വർഷത്തോളം റിയാദിൽ പ്രവാസിയായിരുന്നു. ഭാര്യ റൂബി ഫെമിന കമ്പനി കാര്യങ്ങൾ നോക്കിനടത്താൻ സഹായിക്കുന്നു. രണ്ട് മക്കളാണ്: ഹസ്ബിൻ, അയിൻ ഇവ എയ്ജൽ എന്നിവർ. ഖദീജയാണ് മാതാവ്. സഹോദരങ്ങളായ ജംഷീദും ജസീമും ബിസിനസിൽ സഹായിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.