ഓൺലൈൻ തട്ടിപ്പ് കേസിൽ ജയിലിലായ മലയാളിക്ക് സൗദി കോടതി ജാമ്യം നല്‍കി

റിയാദ്: ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി സൗദി പൗരന് 19,000 റിയാല്‍ നഷ്ടപ്പെട്ട കേസില്‍ ജയിലിലായിരുന്ന പാലക്കാട് സ്വദേശിയെ കോടതി ജാമ്യത്തില്‍ വിട്ടു. അബഹയിലെ റിജാല്‍ അല്‍മയില്‍ താമസിക്കുന്ന സൗദി പൗരന്‍ നല്‍കിയ പരാതി പ്രകാരം ജയിലിലായ പാലക്കാട് പറളി സ്വദേശി അബ്ദുറശീദിനാണ് റിയാദ് ക്രിമിനല്‍ കോടതി ജാമ്യം നല്‍കിയത്.

ഒരു വര്‍ഷം മുമ്പ് സൗദി പൗരനെ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍ററില്‍ നിന്നാണെന്ന് പറഞ്ഞ് അജ്ഞാതര്‍ വിളിക്കുകയും ബാങ്ക് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് ഒ.ടി.പി ആവശ്യപ്പെടുകയും ചെയ്തു. ഇവര്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറിയതോടെ ഇദ്ദേഹത്തിന്‍റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 19,000 റിയാല്‍ മൂന്നു ഘട്ടമായി നഷ്ടപ്പെട്ടു. പണം പോയതറിഞ്ഞതോടെ ഇദ്ദേഹം രിജാല്‍ അല്‍മാ പൊലീസില്‍ പരാതി നല്‍കി.

പൊലീസ് സെന്‍ട്രല്‍ ബാങ്ക് വഴി നടത്തിയ അന്വേഷണത്തില്‍ ഇദ്ദേഹത്തിന്‍റെ പണം അറബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടിലേക്കാണ് ട്രാന്‍സ്ഫര്‍ ചെയ്തതെന്ന് കണ്ടെത്തി. വിളിച്ച ഫോണ്‍ നമ്പര്‍ ട്രാക്ക് ചെയ്തപ്പോള്‍ റിയാദില്‍ ജോലി ചെയ്യുന്ന അബ്ദുറശീദിന്‍റെ ഇഖാമയില്‍ എടുത്ത മൊബൈല്‍ നമ്പറായിരുന്നു. തുടര്‍ന്ന് കേസ് റിയാദ് അല്‍ഖലീജ് പൊലീസിലേക്ക് മാറ്റി. അബ്ദുറശീദിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു വിട്ടയച്ചു. അബ്ദുറശീദിനും അറബ് നാഷണൽ ബാങ്കിൽ അക്കൗണ്ടുണ്ടായിരുന്നു. വീണ്ടും പൊലീസ് സ്‌റ്റേഷനില്‍ നിന്ന് വിളിച്ചപ്പോള്‍ അദ്ദേഹം അതിന് മറുപടി നല്‍കിയില്ല. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

ഇന്ത്യക്കാരനാണ് തന്നെ വിളിച്ചതെന്നും അദ്ദേഹത്തിന്‍റെ അക്കൗണ്ടിലേക്കാണ് പണം ട്രാന്‍സ്ഫര്‍ ആയതെന്നും അതിനാല്‍ പണം തിരിച്ചുകിട്ടണമെന്നും അദ്ദേഹത്തെ ശിക്ഷിക്കണമെന്നുമാണ് സൗദി പൗരന്‍ പബ്ലിക് പ്രോസിക്യൂഷനില്‍ ആവശ്യപ്പെട്ടിരുന്നത്. താന്‍ ആരുടെയും പണം തട്ടിയെടുത്തിട്ടില്ലെന്നും തന്‍റെ അക്കൗണ്ടില്‍ ആരുടെയും പണം എത്തിയിട്ടില്ലെന്നും ശമ്പളമല്ലാത്ത മറ്റൊരു പണം അക്കൗണ്ടിലില്ലെന്നും അബ്ദുറശീദ് കോടതിയില്‍ പറഞ്ഞു.

അബ്ദുറശീദ് ആണ് തന്നെ വിളിച്ചതെന്നും പണം റശീദിന്‍റെ അക്കൗണ്ടിലേക്കാണ് പോയതെന്നും സ്ഥിരീകരിക്കാന്‍ എതിര്‍ കക്ഷിക്കായില്ല. തുടര്‍ന്ന് റശീദിനെ ജാമ്യത്തില്‍ വിടുകയായിരുന്നു. കേസില്‍ ഇന്ത്യന്‍ എംബസി വളന്‍റിയറും റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിങ് ചെയര്‍മാനുമായ സിദ്ദീഖ് തുവ്വൂരും പാലക്കാട് കെ.എം.സി.സി നേതാക്കളും വിവിധ ഘട്ടങ്ങളില്‍ റശീദിന് സഹായത്തിനുണ്ടായിരുന്നു.

Tags:    
News Summary - Jailed Saudi malayali got Bail in online fraud case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.