ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി സൗദി സന്ദർശനം പൂർത്തിയാക്കി മടങ്ങി

ജിദ്ദ: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ജിദ്ദയിൽനിന്ന് മടങ്ങി. സന്ദർശനത്തിെൻറ ഭാഗമായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനുമായി അവർ നടത്തിയ നിർണായക ചർച്ചകൾക്ക് ശേഷമാണ് ശനിയാഴ്ച മടക്കയാത്ര നടത്തിയത്. കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസിെൻറ നേതൃത്വത്തിൽ ഉന്നതതല സംഘം പ്രധാനമന്ത്രിക്ക് യാത്രയയപ്പ് നൽകി.

വെള്ളിയാഴ്ച ജിദ്ദയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുമുള്ള സാധ്യതകൾ നേതാക്കൾ വിശദമായി വിലയിരുത്തി. മേഖലയിൽ നിലനിൽക്കുന്ന സങ്കീർണമായ സൈനിക സംഘർഷങ്ങളും അവയുണ്ടാക്കുന്ന ആഗോള പ്രത്യാഘാതങ്ങളുമായിരുന്നു ചർച്ചയിലെ പ്രധാന ശ്രദ്ധാകേന്ദ്രം. പ്രത്യേകിച്ച്, ചെങ്കടൽ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നാവിക ഗതാഗത സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികൾ, ഊർജ വിതരണ ശൃംഖലയുടെ സുരക്ഷ, ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇത്തരം അസ്ഥിരതകൾ ഉണ്ടാക്കുന്ന ആഘാതം എന്നിവ നേതാക്കൾ ഗൗരവമായി വിശകലനം ചെയ്തു.

മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി സംയുക്ത ശ്രമങ്ങൾ ഏകോപിപ്പിക്കാൻ സൗദി അറേബ്യയും ഇറ്റലിയും തമ്മിൽ ധാരണയായി. വർധിച്ചുവരുന്ന സൈനിക നീക്കങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച നേതാക്കൾ, സമാധാനപരമായ അന്തരീക്ഷം പുനഃസ്ഥാപിക്കേണ്ടതിന്റെ അനിവാര്യതയും അടിവരയിട്ടു.

നേരത്തെ ജിദ്ദയിൽ എത്തിയ പ്രധാനമന്ത്രിയെ മക്ക ഡെപ്യൂട്ടി ഗവർണറുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വീകരിച്ചത്. യാത്രയയപ്പ് ചടങ്ങിൽ ഇറ്റലിയിലെ സൗദി അംബാസഡർ അമീർ ഫൈസൽ ബിൻ സത്താം ബിൻ അബ്ദുൽ അസീസ്, ജിദ്ദ മേയർ സാലിഹ് അൽ തുർക്കി, മക്ക പ്രവിശ്യ പൊലീസ് മേധാവി മേജർ ജനറൽ സാലിഹ് അൽ ജാബ്രി, സൗദിയിലെ ഇറ്റാലിയൻ അംബാസഡർ കാർലോ ബാൽഡൂച്ചി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. മേഖലയിലെ പുതിയ വെല്ലുവിളികളെ നേരിടുന്നതിനും സാമ്പത്തിക-പ്രതിരോധ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനും പുതിയ വേഗം നൽകുന്നതായിരുന്നു ജോർജിയ മെലോണിയുടെ ഈ സന്ദർശനം.

Tags:    
News Summary - Italian Prime Minister Giorgia Meloni returns after completing visit to Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.