റിയാദ്: ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുന്ന കരട് പ്രമേയം ഐക്യരാഷ്ട്ര സഭയിൽ അമേരിക്ക വീറ്റോ ചെയ്തത് അതീവ ദുഃഖകരമെന്ന് സൗദി അറേബ്യ. ഉടൻ വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതിയിൽ അറബ് രാജ്യങ്ങൾക്ക് വേണ്ടി അൾജീരിയ സമർപ്പിച്ച പ്രമേയത്തിനെതിരെ ചൊവ്വാഴ്ചയാണ് അമേരിക്ക വീറ്റോ പ്രയോഗിച്ചത്. ഇതിനെതിരെ ശക്തമായ ഭാഷയിലാണ് സൗദി വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.
അന്താരാഷ്ട്ര സമാധാനവും സുരക്ഷയും വിശ്വാസ്യതയോടെയും ഇരട്ടത്താപ്പ് കൂടാതെയും നിലനിർത്താൻ അർപ്പിതമായ ഉത്തരവാദിത്തവും നിർവഹിക്കണമെങ്കിൽ സുരക്ഷാ കൗൺസിന്റെ നിലവിലെ ഘടനയും അധികാരങ്ങളും പരിഷ്കരണത്തിന് വിധേയമാകേണ്ടതുണ്ടെന്ന് പ്രസ്താവനയിൽ പറഞ്ഞു. ഗസ്സയിൽ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യത്തെയും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായി ഇസ്രായേലിന്റെ സൈനികാക്രമണങ്ങൾ രൂക്ഷമാകുന്നതിനെയും കുറിച്ച് ലോകത്തിന് അവബോധമുണ്ടായിരിക്കണമെന്നും സൗദി ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.
അന്താരാഷ്ട്ര പ്രമേയങ്ങൾക്കനുസൃതമായി ഫലസ്തീൻ പ്രശ്നത്തിൽ സംവാദത്തിനും സമാധാനപരമായ പരിഹാരത്തിനുമുള്ള ശ്രമത്തിന് ഈ നിലപാട് ഉപകരിക്കില്ലെന്നും പ്രസ്താവന കൂട്ടിച്ചേർത്തു.
റിയാദ്: ഫലസ്തീൻ ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ അൾജീരിയ അവതരിപ്പിച്ച ഗസ്സയിലെ വെടിനിർത്തൽ ആവശ്യപ്രമേയം അമേരിക്ക വീറ്റോ ചെയ്തതിൽ മുസ്ലിം വേൾഡ് ലീഗ് അതൃപ്തിയും ദുഃഖവും പ്രകടിപ്പിച്ചു. ഫലസ്തീനിലെ സിവിലിയന്മാരെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തോടുള്ള ആഹ്വാനം മുസ്ലിം വേൾഡ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽകരീം അൽഇൗസ ആവർത്തിച്ചു. സിവിലിയന്മാരെ സംരക്ഷിക്കുകയും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുകയും ഗസ്സയിലെ മാനുഷിക ദുരന്തവും ക്രൂരമായ യുദ്ധവും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗസ്സയിൽ ആക്രമണം തുടരുന്നത് എല്ലാ നിയമങ്ങളുടെയും ആചാരങ്ങളുടെയും നഗ്നമായ ലംഘനമാണ്. വ്യവസ്ഥിതിയുടെ ആത്മവിശ്വാസത്തിനും കെട്ടുറപ്പിനും ഭീഷണിയാണെന്നും സെക്രട്ടറി ജനറൽ പറഞ്ഞു.
റിയാദ്: ഗസ്സയിലെ വെടിനിർത്തൽ പ്രമേയത്തിെൻറ കരട് വീറ്റോ ചെയ്തതിൽ അറബ് പാർലമെൻറും പ്രതിഷേധവും ഖേദവും പ്രകടിപ്പിച്ചു. ഗസ്സയിലെ ക്രൂരമായ കൂട്ടക്കുരുതി തുടരുന്നത് മനുഷ്യരാശിക്ക് അപമാനമാണെന്ന് അറബ് പാർലമെൻറ് പറഞ്ഞു. അന്താരാഷ്ട്ര സമൂഹവും യു.എൻ സുരക്ഷ കൗൺസിലും നടപടി സ്വീകരിക്കാതെ ഇസ്രായേൽ യുദ്ധയന്ത്രം അതേപടി തുടരുന്നതിലെ അപകടത്തെക്കുറിച്ചും പാർലമെൻറ് മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര സുരക്ഷയും സ്ഥിരതയും നിയന്ത്രിക്കാൻ കഴിയാത്ത സംവിധാനമായി മാറിയെന്ന് തെളിയിക്കുന്നതാണ് രക്ഷാസമിതിയുടെ ഇടനാഴിക്കുള്ളിൽ സംഭവിക്കുന്ന കാര്യങ്ങളെന്ന് പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ഈ സംവിധാനം പരിഷ്കരിക്കേണ്ടത് ഏറ്റവും ആവശ്യമാണ്. അപ്പോഴേ നിയുക്തമായ റോൾ അതിന് നിറവേറ്റാനുള്ള ത്രാണിയും ശക്തിയും അധികാരവും വീണ്ടെടുക്കാൻ കഴിയൂ. ഇരട്ടത്താപ്പില്ലാതെ സമാധാനവും സുരക്ഷിതത്വവും സാധ്യമാക്കാനും അങ്ങനെയേ കഴിയൂ. ഗസ്സയിലെ ക്രൂരത മാനവികതക്ക് നാണക്കേടാണ്. ഫലസ്തീനിൽ രക്തമൊഴുകുന്നത് തടയാൻ അന്താരാഷ്ട്ര സമൂഹം അതിെൻറ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നും പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.