സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ
റിയാദ്: അറബ് മേഖലയെ അസ്ഥിരപ്പെടുത്തുന്ന ഇസ്രായേലിന്റെ പ്രവർത്തനങ്ങൾ തടയേണ്ടതുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ വ്യക്തമാക്കി. ഈജിപ്ത് വിദേശകാര്യ മന്ത്രി ബദ്ർ അബ്ദുൽ ആത്വിയുമായും ജോർദാൻ വിദേശകാര്യ മന്ത്രി അയ്മൻ സഫാദിയുമായും ഫോണിൽ സംസാരിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്കമാക്കിയത്. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഖത്തറിനെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അമീർ ഫൈസൽ ബിൻ ഫർഹാൻ ചർച്ച ചെയ്തു. മേഖലയിലെ സുരക്ഷയും സ്ഥിരതയും തകർക്കുന്ന ഇസ്രായേൽ നടപടികൾ തടയുന്നതിന് അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത മന്ത്രി ഊന്നിപ്പറഞ്ഞു.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാനുമായും അമീർ ഫൈസൽ ബിൻ ഫർഹാൻ ഫോണിൽ സംസാരിച്ചു. ദോഹയിലെ ഇസ്രായേൽ ആക്രമണത്തെ സൗദി അറേബ്യ തള്ളുന്നുവെന്നും ഖത്തറിന് തന്റെ രാജ്യത്തിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും ദോഹയിൽ ഇസ്രായേൽ നടത്തിയ നഗ്നമായ ആക്രമണത്തെ അപലപിക്കുന്നുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ഇത് ക്രിമിനൽ നടപടിയും അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനവുമാണ്. ഖത്തറിലെ സഹോദരങ്ങളെ പിന്തുണക്കുന്നതിനായി സൗദി തങ്ങളുടെ എല്ലാ കഴിവുകളും വിന്യസിക്കുന്നുണ്ട്. അതിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികളും വിദേശകാര്യമന്ത്രി ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.