‘മക്ക കരാർ’ രാജ്യങ്ങളിലെ പ്രതിനിധികളും ഇറാനും തമ്മിൽ നടന്ന തെഹ്റാനിൽ കൂടിക്കാഴ്ച
മേഖല തലത്തിൽ സമാധാനവും സുരക്ഷയും ശക്തമാക്കാൻ ചർച്ചകൾ തുടരാൻ ഇറാനും ‘മക്ക കരാർ’ രാജ്യങ്ങളും ധാരണ
റിയാദ്: ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ തിങ്കളാഴ്ച നടന്ന നാലു രാജ്യങ്ങളുടെ യോഗത്തിൽ ‘മക്ക കരാർ’ രാജ്യങ്ങളിലെ പ്രതിനിധികളും ഇറാനും മേഖലയിൽ സംയുക്ത സഹകരണം പ്രത്യേകിച്ച് സമാധാനവും സുരക്ഷയും ശക്തമാക്കുന്നതിനുള്ള ചർച്ചകൾ തുടരാൻ ധാരണയിലെത്തി. യോഗത്തിന് ശേഷമുള്ള നാലു രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. മേഖലയിലെ പിരിമുറുക്കം കുറയ്ക്കുന്നതിനും നയതന്ത്ര മാർഗ്ഗങ്ങളെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം.
മേഖല വിഷയങ്ങളിൽ ചർച്ചകളും ആലോചനകളും തുടരാൻ നാല് കക്ഷികളും ധാരണയിലെത്തി. പ്രാദേശിക സ്ഥിരതയെ പിന്തുണക്കുന്ന കാര്യങ്ങളിൽ എത്തുന്നതിനും സൈനിക നീക്കങ്ങളുടെ തീവ്രതയും അപകടസാധ്യതകളും കുറക്കുന്നതിനും ഇത് വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷ, സ്ഥിരത, മേഖലയിലെ ഇസ്രായേലിന്റെ ഇടപെടലുകൾ എന്നിവയ്ക്ക് പുറമേ ഫലസ്തീനിലെയും ലബനാനിലെയും പുതിയ സംഭവവികാസങ്ങളും ചർച്ചകളിലൂടെയും നയതന്ത്ര മാർഗ്ഗങ്ങളിലൂടെയും പ്രതിസന്ധികൾ പരിഹരിക്കാനുള്ള ശ്രമങ്ങളും യോഗം ചർച്ച ചെയ്തു.
സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ , പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീർ, തുർക്കിയ ഇന്റലിജൻസ് മേധാവി ഇബ്രാഹിം കാലിൻ എന്നിവരാണ് ‘മക്ക സംഖ്യം’ രാജ്യങ്ങളുടെ പ്രതിനിധികളായി യോഗത്തിൽ പങ്കെടുത്തത്. സന്ദർശന വേളയിൽ ഈ മൂന്ന് രാജ്യങ്ങളിലെയും പ്രതിനിധികൾ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മോഹൻസൻ റെസായി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
മേഖലാ തലത്തിലും അന്താരാഷ്ട്ര തലത്തിലും ചർച്ചകൾ സുസ്ഥിരമാക്കുന്നതിനും സമാധാനം ശക്തിപ്പെടുത്തുന്നതിനുമുള്ള സൗദിയുടെ പങ്കിന്റെ തുടർച്ചയായാണ് അമീർ ഖാലിദ് ബിൻ സൽമാന്റെയും ‘മക്ക സംയുക്ത പ്രതിരോധ കരാർ’ രാജ്യങ്ങളിലെ പ്രതിനിധികളുടെയും തെഹ്റാൻ സന്ദർശനമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ പ്രതിസന്ധിയിലെ കക്ഷികൾ ക്കിടയിലെ സംഘർഷം കുറയ്ക്കുന്നതിനും രാഷ്ട്രീയ-നയതന്ത്ര പരിഹാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗവും കൂടിയാണിത്.
ഈ സന്ദർശനത്തിന്റെ ഫലങ്ങളെ അടിസ്ഥാനമാക്കി, സംഘർഷങ്ങൾ അയവുവരുത്തുന്നതിനും മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന സൈനിക നീക്കങ്ങളിൽ നിന്ന് മാറി ചർച്ചകളിലൂടെ പ്രതിസന്ധിയുടെ കാരണങ്ങൾ പരിഹരിക്കുന്നതിനും ഉതകുന്ന പ്രായോഗിക ചുവടുവെയ്പ്പുകളാക്കി മാറ്റേണ്ടതിന്റെ പ്രാധാന്യം സൗദി ഊന്നിപ്പറഞ്ഞിരുന്നു.
തെഹ്റാൻ യോഗങ്ങളുടെ ഫലങ്ങളോടും മധ്യസ്ഥതാ ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും അഭിപ്രായങ്ങൾ തമ്മിൽ അടുപ്പിക്കുന്നതിനുമായി ഖത്തറും പാകിസ്താനും നടത്തുന്ന തുടർച്ചയായ പരിശ്രമങ്ങളോടും പോസിറ്റീവായും ഗൗരവത്തോടെയും പ്രതികരിക്കാൻ പ്രതിസന്ധിയിലെ കക്ഷികളോട് സൗദി ആഹ്വാനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.