സൗദിയിലെ ത്വാഇഫിലേക്ക് ഹൂതി വിമതർ തൊടുത്തുവിട്ട മിസൈൽ സഖ്യസേന തകർത്തു
റിയാദ്: പടിഞ്ഞാറൻ സൗദിയിലെ ത്വാഇഫ് നഗരം ലക്ഷ്യമാക്കി യെമനിലെ ഹൂതി ഭീകരർ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ വ്യോമ പ്രതിരോധ സേന വിജയകരമായി തകർത്തതായി സഖ്യസേന ഔദ്യോഗികമായി അറിയിച്ചു.
യെമനിലെ നിയമപരമായ ഭരണകൂടത്തെ പിന്തുണക്കുന്ന സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൊട്ടുപുറമേ, ചൊവ്വാഴ്ച റിയാദ് ലക്ഷ്യമാക്കി ഹൂതി ഭീകരർ അയച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളും വ്യോമസേന നശിപ്പിച്ചിട്ടുണ്ടെന്ന് മേജർ ജനറൽ തുർക്കി അൽ-മാലിക്കി മുമ്പ് വ്യക്തമാക്കിയിരുന്നു. അതിനിടെ, ചൊവ്വാഴ്ച റിയാദിൽ ബാലിസ്റ്റിക് മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഒരു കെട്ടിടത്തിനും നിർമാണത്തിലിരിക്കുന്ന പദ്ധതിക്കും ഒരു വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു. സംഭവസ്ഥലത്തെത്തി ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും മുൻകരുതലുകളും പൂർത്തിയാക്കിയതായി സിവിൽ ഡിഫൻസ് ഔദ്യോഗിക വക്താവ് അറിയിച്ചു.
ഹൂതി ഭീകരർ അയച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സൗദി പ്രതിരോധ സേന ആകാശത്തുവെച്ച് വിജയകരമായി തടഞ്ഞു തകർത്തതിനെ തുടർന്നാണ് അവയുടെ അവശിഷ്ടങ്ങൾ നഗരത്തിൽ പതിച്ചത്. വിവരമറിഞ്ഞയുടൻ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണവിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.