സൗദിയിലെ പ്രവാസികളുടെ ആശങ്ക പരിഹരിക്കാൻ നിരന്തരം ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി; ‘പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് ആവശ്യമായ സഹായങ്ങള്‍ ഏകോപിപ്പിക്കും’

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അടിയന്തര സഹായവും കൃത്യമായ വിവരങ്ങളും ലഭിക്കുന്നതിന് സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍. പശ്ചിമേഷ്യയിലെ സംഘഷത്തെതുടര്‍ന്ന് സൗദി അറേബ്യയിലെ പ്രവാസി മലയാളികളുടെ ആശങ്ക പരിഹരിക്കുന്നത് സംബന്ധിച്ച സബ്മിഷന് നിയമസഭയില്‍ മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഹൂതി ആക്രമണത്തിന്റെയും ഇറാന്‍ അമേരിക്ക യുദ്ധത്തിന്റെയും പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയിൽ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഈ സംഘര്‍ഷം ഇപ്പോള്‍ സൗദി അറേബ്യയിലാണ്ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഒരു അരക്ഷിത ബോധം നമ്മുടെ ആളുകള്‍ക്ക് എല്ലാവര്‍ക്കും ഉണ്ടായിട്ടുണ്ട്.

സൗദി അറേബ്യയിലെ കേരളീയരായ പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും അടിയന്തര സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി ഈ മാസം പത്താം തീയതി നോര്‍ക്കയുടെ ഹെല്‍പ്പ് ഡസ്‌ക് അവിടെ ആരംഭിച്ചിട്ടുണ്ട്. പ്രവാസികളുടെ ആശങ്കകള്‍ പരിഹരിക്കുക, അടിയന്തര സഹായം ആവശ്യമായവരുടെ വിവരങ്ങള്‍ ശേഖരിക്കുക, ബന്ധപ്പെട്ട അധികാരികളുമായി ഏകോപന നടത്തി ആവശ്യമായ സഹായം ലഭ്യമാക്കുക എന്നതാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം. ഇതിനായി നോര്‍ക്ക റൂട്ട്‌സ് ഹെല്‍പ്പ്‌ലൈന്‍ സംവിധാനങ്ങളും ആരംഭിച്ചിട്ടുണ്ട്.

പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ നമ്പറുകള്‍ അറിയിച്ചിട്ടുണ്ട്. ഈ നമ്പറുകള്‍ പബ്ലിഷ് ചെയ്തിട്ടുള്ളതാണ്. ഈ സംവിധാനത്തിലൂടെ പ്രവാസികള്‍ക്ക് അടിയന്തര സഹായം, യാത്രാസംബന്ധമായ വിവരങ്ങള്‍, നിലവിലെ സാഹചര്യം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ തേടാവുന്നതാണ്.

വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ടിട്ട് അവിടെ ഇന്ത്യന്‍ എംബസിയില്‍ ചില സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. അതിന്റെ നമ്പറുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതു പോലെ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലും അവിടെ ഓഫീസിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുടങ്ങിയിട്ടുണ്ട്. പ്രവാസികള്‍ക്ക് ആവശ്യമായ സാഹചര്യങ്ങളില്‍ ഈ സംവിധാനങ്ങളുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

വിമാന സര്‍വീസുകള്‍, യാത്രാതടസങ്ങള്‍, അടിയന്തര സഹായങ്ങള്‍ എന്നിവ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി ഇന്ത്യന്‍ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും വെബ്‌സൈറ്റുകളും സാമൂഹ്യമാധ്യമ പേജുകളും പിന്തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അത് കൂടാതെ പ്രവാസി സംഘടനകളുമായി ആശയവിനിമയം നടത്തുന്നതിനുള്ള നടപടിയും നോര്‍ക്ക സ്വീകരിച്ചിട്ടുണ്ട്.

സൗദിയിലെ പ്രവാസികളുമായും പ്രവാസി സംഘടനകളുമായും നോര്‍ക്ക ഈ മാസം 24ാം തീയതി ഓണ്‍ലൈന്‍ യോഗം നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. പ്രവാസി സംഘടനകളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കി അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയും ആവശ്യമായ സഹായങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്നതാണ്. വിമാന സര്‍വീസുകള്‍ തടസപ്പെട്ടതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ തുടരുകയും ചെയ്യുന്ന സന്ദര്‍ശക, ടൂറിസ്റ്റ്, ഉംറ, ബിസിനസ് വിസക്കാര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാന്‍ സൗദി അധികൃതര്‍ സൗകര്യം പ്രഖ്യാപിച്ചിട്ടുണ്ട്. നമ്മുടെ കൂടി ഇടപെടല്‍ കൊണ്ടാണ് അങ്ങനെ പ്രഖ്യാപിച്ചത്.

വിമാനസര്‍വീസുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് വിസ നടപടിക്രമങ്ങള്‍ പാലിച്ച് മടങ്ങാനുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. മടങ്ങേണ്ടവര്‍ക്ക് വിസ വ്യവസ്ഥകളും യാത്രാനിബന്ധനകളും പാലിച്ചുകൊണ്ട് ഖത്തര്‍, ബഹറിന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളിലെ വിമാനത്താവളങ്ങള്‍ വഴിയുള്ള യാത്രാസാധ്യതകളും ഉറപ്പ് വരുത്തിയിട്ടുണ്ട്.

സൗദി അറേബ്യയിലെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെയും പ്രവാസി സംഘടനകളുമായി ആശയവിനിമയം നടത്തി അവിടുത്തെ സാഹചര്യം വിലയിരുത്തുന്നതിനും അടിയന്തരമായി ഇടപടേണ്ട വിഷയങ്ങള്‍ തിരിച്ചറിയുന്നതിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നോര്‍ക്ക അതില്‍ ഇടപെട്ടിട്ടുണ്ട്.

ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാരിന്റെ സംവിധാനം കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായിട്ടും സൗദിയിലെ എംബസിയുമായും അവിടുത്തെ കോണ്‍സല്‍ ജനറലിന്റെ ഓഫീസുമായും നിരന്തരമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഏത് വിഷയം വന്നാലും ആരുടെ പ്രശ്‌നം വന്നാലും അതില്‍ ഇടപെടാനുള്ള മെക്കാനിസം നമ്മള്‍ ഉണ്ടാക്കിയിട്ടുണ്ട്. ജനപ്രതിനിധികളുടെ അടുത്താണ് സ്വഭാവികമായും ഇത്തരം പരാതികള്‍ വരുന്നത്. ആ പരാതികള്‍ നോര്‍ക്കയെ അറിയിച്ചാല്‍ അപ്പോള്‍ തന്നെ പരിഹരിക്കുന്നതിനുള്ള സംവിധാനം കൂടി ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

Tags:    
News Summary - Constant intervention for Saudi expats' concerns -VD satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.