ഈജിപ്ത് പാർലിമെന്റ്

സൗദിയിലേക്ക് പ്രതിരോധ സേനയെ അയക്കാൻ പ്രസിഡന്റിന് അധികാരം നൽകി ഈജിപ്ഷ്യൻ പാർലമെന്റ്

റിയാദ്: സൗദി അറേബ്യ ആവശ്യപ്പെടുകയാണെങ്കിൽ പ്രതിരോധത്തിനായി പിന്തുണയും സഹായവും നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിക്ക് അനുമതി നൽകുന്ന തീരുമാനത്തിന് ഈജിപ്ഷ്യൻ പാർലമെന്റ് അംഗീകാരം നൽകി. അധികാരപ്പെടുത്തൽ ആവശ്യപ്പെടുന്ന അപേക്ഷയും അതുമായി ബന്ധപ്പെട്ട തന്ത്രപ്രധാനവും സുരക്ഷാപരവുമായ വിഷയങ്ങളും ചർച്ച ചെയ്യുന്നതിനായി കഴിഞ്ഞ ആഴ്ചയിലെ ഞായർ, തിങ്കൾ ദിവസങ്ങളിലായി ചേർന്ന രഹസ്യ യോഗങ്ങളുടെയും അതിന്റെ തുടർച്ചയായി നടന്ന യോഗത്തിന്റെയും പശ്ചാത്തലത്തിലാണിത്.

സമാധാനം നിലനിർത്തുന്നതിനായി ഈജിപ്ത് നയതന്ത്ര പാതയും രാഷ്ട്രീയ പരിഹാരങ്ങളുമാണ് എന്നും മുറുകെ പിടിക്കുന്നതെന്നും അത് രാജ്യത്തിന്റെ നയത്തിലെ ഒരു സ്ഥിരമായ സമീപനമാണെന്നും പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ ആസിം അൽജസാർ വ്യക്തമാക്കി. ഈ തീരുമാനത്തെക്കുറിച്ച് സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിനായി ഏകദേശം 500ഓളം എം.പിമാർ സംസാരിക്കാൻ അനുവാദം ചോദിച്ചിരുന്നുവെന്നും അതിനാൽ അംഗങ്ങൾക്ക് സംസാരിക്കാനും അഭിപ്രായങ്ങൾ പറയാനുമുള്ള അവസരങ്ങൾ ചിട്ടപ്പെടുത്തേണ്ടി വന്നുവെന്നും അൽജസാർ പറഞ്ഞു.

കഴിഞ്ഞ രണ്ട് യോഗങ്ങളിലായി 100ലധികം എം.പിമാരുടെ അഭിപ്രായങ്ങൾ സഭ കേൾക്കുകയുണ്ടായി. ഈ അധികാരപ്പെടുത്തലിനെയും സൗദി അറേബ്യയെ പിന്തുണക്കുന്നതിനായി സ്വീകരിക്കാവുന്ന സാധ്യതയുള്ള നടപടികളെയും കുറിച്ച് വിവിധ അഭിപ്രായങ്ങൾ ചർച്ചകളിൽ ഉയർന്നുവന്നതായും അൽജസാർ പറഞ്ഞു.

അതേ സമയം, സൗദിയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനും അതിന്റെ വിഭവങ്ങളും പ്രദേശങ്ങളുടെ സുരക്ഷിതത്വവും ഇസ്‍ലാമിക വിശുദ്ധ കേന്ദ്രങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും ആവശ്യവും സാധ്യവുമായ എല്ലാ പിന്തുണയും സൗദി അറേബ്യക്ക് നൽകുമെന്ന് ഈജിപ്ഷ്യൻ നാഷനൽ ഡിഫൻസ് കൗൺസിൽ പ്രഖ്യാപിച്ചിട്ടുണ്ട്. മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിനും സമാധാനപരമായ മാർഗങ്ങളിലൂടെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനും സഹായകമാകും വിധം ബന്ധപ്പെട്ട പ്രാദേശിക, അന്തർദേശീയ കക്ഷികളുമായി ഏകോപനം നടത്തി രാഷ്ട്രീയ, നയതന്ത്ര ശ്രമങ്ങൾ തുടരുകയും ഊർജിതമാക്കുകയും ചെയ്യുമെന്നും കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Egyptian Parliament Grants President Power to Deploy Troops to Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.