റിയാദ്: സഹതാമസക്കാരായ യമനികൾക്ക് ഇൻറർനെറ്റ് പങ്കുവെച്ചതിെൻറ പേരിൽ തീവ്രവാദ കേസിൽ കുടുങ്ങിയ മലയാളികൾ മോചിതരായി. ജിദ്ദയിലെ ഹംദാനിയയിൽ ചെമ്മീൻ സാൻഡ്വിച്ച് കട ജീവനക്കാരായ മലപ്പുറം സ്വദേശികളായ ഫിറോസ്, മൊയ്തീൻകുട്ടി, തിരുവനന്തപുരം സ്വദേശി ഫെബിൻ റാഷിദ് എന്നിവരാണ് സൗദി സുരക്ഷാസേനയുടെ കസ്റ്റഡിയിൽ നിന്ന് വിട്ടയക്കപ്പെട്ടത്. ഇൗ വർഷം സെപ്റ്റംബർ 25നാണ് ഇവർ പിടിയിലായത്.
ഒരേ മുറിയിൽ താമസക്കാരായ ഇവരിൽ ഫെബിെൻറ പേരിൽ ഇൻറർനെറ്റ് കണക്ഷൻ എടുത്ത് ഒരുവർഷമായി ഉപയോഗിച്ചുവരികയായിരുന്നു. ആയിടക്ക് ഇവരുടെ അതേ കെട്ടിടത്തിൽ താമസിക്കാനെത്തിയ രണ്ട് യമനികൾക്ക് ഇൻറർനെറ്റ് പങ്കുവെച്ചതാണ് പ്രശ്നമായത്.
സെപ്റ്റംബർ 10നാണ് യമനികൾ വന്നത്. കുറച്ചുദിവസങ്ങൾക്ക് ശേഷം ഇവരെ കാണാതായി. 25ന് രാവിലെ 11ഒാടെ മുറിയിലെത്തിയ സൗദി സുരക്ഷാസേന മൂന്ന് മലയാളികളെയും കസ്റ്റഡിയിലെടുത്തു അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. നാലുദിവസം കഴിഞ്ഞാണ് ഇവർ എവിടെയാണുള്ളതെന്ന് സ്പോൺസർക്ക് പോലും വിവരം ലഭിച്ചത്. ചോദ്യം ചെയ്യലിനിടയിൽ രണ്ടുപേരുടെ ഫോട്ടോ കാണിച്ച് ഇവരെ അറിയുമോ എന്ന് പൊലീസ് ഉദ്യോഗസ്ഥർ അന്വേഷിച്ചിരുന്നത്രെ.
ഫോേട്ടായിലുണ്ടായിരുന്നത് അവരുടെ സഹതാമസക്കാരായ യമനികളായിരുന്നു. തീവ്രവാദി സംഘത്തിെൻറ കണ്ണികളാണ് യമനികളെന്നും അവർക്ക് ഇൻറർനെറ്റ് പങ്കുവെച്ചതായി മനസിലായതിനെ തുടർന്ന് സംഘവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കാൻ കസ്റ്റഡിയിലെടുത്തതാണെന്നും ചോദ്യം ചെയ്ത ഉദ്യോഗസ്ഥർ മലയാളികളോട് പറഞ്ഞു. ഇതറിഞ്ഞ് അവർ ഞെട്ടിപ്പോയി. നിരന്തരമായ ചോദ്യം ചെയ്യലിൽ അവർ മാനസികമായി തളർന്നു.
23 ദിവസം കഴിഞ്ഞപ്പോൾ ഫെബിനൊഴിച്ച് മറ്റ് രണ്ടുപേരെ നിരപരാധികളെന്ന് കണ്ട് വിട്ടയച്ചു. കണക്ഷൻ ഫെബിെൻറ പേരിലായതാണ് തടസമായത്.
തുടർന്ന് റിയാദിലെ മലയാളി സാമൂഹിക പ്രവർത്തകരായ ജയൻ കൊടുങ്ങല്ലൂർ, അയ്യുബ് കരുപ്പടന്ന ഇന്ത്യൻ എംബസിയുടെ സഹായത്തോടെ മോചനത്തിനുള്ള ശ്രമമാരംഭിച്ചു. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് മുഖേനെ സൗദി വിദേശകാര്യവകുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനത്തിലൂടെ ഫെബിനെ കാണാൻ സ്പോൺസർക്ക് അനുവാദം ലഭിച്ചു.
നെറ്റ് ഷെയർ ചെയ്ത കുറ്റത്തിൽ മാപ്പിന് അപേക്ഷിച്ചു. ശേഷം ഒരാഴ്ച കഴിഞ്ഞപ്പോൾ യുവാവിനെ സുരക്ഷാസേന സ്പോൺസർക്ക് കൈമാറി. മൊത്തം ഒന്നരമാസമാണ് ഇയാൾ കസ്റ്റഡിയിൽ കഴിഞ്ഞത്. ഇൻറർനെറ്റ് ഷെയർ ചെയ്യുന്നത് സുരക്ഷിതമല്ലെന്നും അത് ചിലപ്പോൾ തീവ്രവാദം പോലുള്ള ഗുരുതര കുറ്റങ്ങളിൽ വരെ ചെന്നുപെടുമെന്നും വിഷയത്തിലിടപെട്ട സാമൂഹിക പ്രവർത്തകർ മലയാളി സമൂഹത്തിന് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.