ഫോക്കസ് ഇന്റർനാഷനൽ ജിദ്ദ ഡിവിഷൻ സംഘടിപ്പിച്ച
‘ഡ്യൂൺ സ്റ്റോറീസ്’ സാഹിത്യ സംഗമത്തിൽനിന്ന്
ജിദ്ദ: എഴുത്തുകാരെയും പുതിയ പ്രതിഭകളെയും ഉൾപ്പെടുത്തിക്കൊണ്ട് ഫോക്കസ് ഇൻറർനാഷനൽ ജിദ്ദ ഡിവിഷൻ സംഘടിപ്പിച്ച ‘ഡ്യൂൺ സ്റ്റോറീസ്’ സാഹിത്യ സംഗമം ശ്രദ്ധേയമായി. ഫോക്കസ് ജിദ്ദ ലിറ്റ് എക്സ്പോയുടെ ഭാഗമായി 2026 ജനുവരി 10ന് നടക്കാനിരിക്കുന്ന ‘ബുക്ക് ഹറാജ് 3.0’ എന്ന പുസ്തകമേളയുടെ മുന്നോടിയായിട്ടാണ് ഈ സാഹിത്യ വിരുന്ന് ഒരുക്കിയത്.
മരുഭൂമിയിൽ ഒരുക്കിയ വർണ്ണാഭമായ ടെന്റിൽ ക്യാമ്പ് ഫയറിന്റെയും തണുത്ത കാറ്റിന്റെയും സാന്നിധ്യത്തിൽ ജിദ്ദയിലെ പ്രമുഖ എഴുത്തുകാരും വായന സ്നേഹികളും ഒത്തുചേർന്ന വിജ്ഞാന വിരുന്ന് പുതിയ അനുഭവമായി. പുസ്തക എഴുത്തുകാരുമായി സംവദിക്കുക എന്ന ആശയത്തിൽ നടന്ന സാഹിത്യ സംഗമം എഴുത്തുകാരുടെ ജീവിതാനുഭവങ്ങളും രചനാപ്രക്രിയകളും പ്രവാസത്തിന്റെ അടയാളങ്ങളും പങ്കുവെക്കുന്ന ഒരു തുറന്ന വേദിയായി.
ജിദ്ദയിലെ സാഹിത്യരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾക്കൊപ്പം യുവ എഴുത്തുകാരും വേദി പങ്കിട്ടു. ഹസ്സൻ ചെറൂപ്പ, ബഷീർ വള്ളിക്കുന്ന്, എ.പി അൻവർ വണ്ടൂർ, ശിഹാബ് കരുവാരക്കുണ്ട്, വഹീദ് സമാൻ, അമീന ബഷീർ, സൗദ കാന്തപുരം, റെജി അൻവർ തുടങ്ങിയ ജിദ്ദയിലെ എഴുത്തുകാർ തങ്ങളുടെ ജീവിതാനുഭവങ്ങളും രചനാപ്രക്രിയകളും പ്രവാസത്തിന്റെ അടയാളങ്ങളും പങ്കുവെച്ചു. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ബാല എഴുത്തുകാരൻ മുഹമ്മദ് അമൻ ചർച്ചാ വേദിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായി. ഇതിനകം ഒരു ഇംഗ്ലീഷ് നോവൽ പ്രസിദ്ധീകരിക്കുകയും രണ്ടാമത്തേതിന്റെ പണിപ്പുരയിൽ തുടരുകയും ചെയ്യുന്ന മുഹമ്മദ് അമന്റെ ലളിതമായ അവതരണവും ആത്മാർഥമായ മറുപടികളും സദസ്സിന്റെ മനസ്സ് കീഴടക്കി. തനിക്ക് വലിയ ജീവിതാനുഭവങ്ങളില്ലെന്നും തന്റെ സ്വപ്നങ്ങളെ പിന്തുടർന്നാണ് എഴുതുന്നതെന്നും ലളിതമായി പറഞ്ഞത് സദസ്സിൽ വലിയ കയ്യടി നേടി. ജിദ്ദയിലെ എഴുത്തുകാരോടൊപ്പം ഖത്തറിൽ നിന്നെത്തിയ പത്രപ്രവർത്തകനും എഴുത്തുകാരനുമായ അഷ്റഫ് തൂണേരി അപ്രതീക്ഷിതമായി വേദിയിലെത്തിയത് പരിപാടിക്ക് അധിക ഊർജം നൽകി.
ഇന്ററാക്ടീവ് സെഷൻ ഷഫീഖ് പട്ടാമ്പി ചടുലവും ഹൃദ്യവുമായ രീതിയിൽ നിയന്ത്രിച്ചു. ശ്രോതാക്കളുടെ ചോദ്യങ്ങളും ഉപചോദ്യങ്ങളും ചർച്ചയെ കൂടുതൽ ആഴത്തിലേക്ക് നയിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വലിയൊരു സദസ്സിന്റെ ശ്രദ്ധയും സഹകരണവും പരിപാടിയുടെ വിജയത്തിൽ നിർണായകമായി. ചർച്ചക്ക് ശേഷം നടന്ന സൗഹൃദ സംവാദങ്ങളും തുടർന്ന് അരങ്ങേറിയ മുട്ടിപ്പാട്ടും മാപ്പിള ഗാനങ്ങളും സാഹിത്യരാത്രിയെ പൂർണമാക്കി. ജനുവരി 10ന് ജിദ്ദയിൽ നടക്കുന്ന ‘ബുക്ക് ഹറാജി'ൽ പഴയതും പുതിയതുമായ പുസ്തകങ്ങൾ വാങ്ങാനും വിൽക്കാനും കൈമാറാനും അവസരം ഉണ്ടായിരിക്കുമെന്നും പുസ്തകങ്ങൾ വിൽക്കാൻ താൽപര്യമുള്ളവർക്ക് 0559344474, 0556957687 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.