ജിദ്ദ: ഡിസംബർ ഒമ്പത് മുതൽ 15 വരെ ഫലസ്തീനിൽ ഇസ്രായേൽ സൈന്യവും കുടിയേറ്റക്കാരും നടത്തിയ അതിക്രമങ്ങളിൽ 303 പേർ കൊല്ലപ്പെട്ടതായി ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷൻ (ഒ.ഐ.സി) മീഡിയ ഒബ്സർവേറ്ററി റിപ്പോർട്ട് ചെയ്തു. ഗസ്സയിൽ മാത്രം ഇക്കാലയളവിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2023 ഒക്ടോബർ ഏഴ് മുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 71,768 ആയി ഉയർന്നു. 1,80,408 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വെസ്റ്റ് ബാങ്കിലെ വിവിധ ഗ്രാമങ്ങളിൽ ഇസ്രായേൽ കുടിയേറ്റക്കാർ 78 ആക്രമണങ്ങളാണ് നടത്തിയത്. 2020 മുതൽ 2025 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ കുടിയേറ്റക്കാരുടെ ആക്രമണങ്ങളിൽ പ്രതിവർഷം 36 ശതമാനമാണ് വർധനവ്. ഇത് ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും മറിച്ച് ആസൂത്രിതമായ അക്രമ പരമ്പരയാണെന്നും ഒ.ഐ.സി നിരീക്ഷിക്കുന്നു. റാമൊല്ല, ഹെബ്രോൺ, നബുലസ്, ജെറിക്കോ തുടങ്ങിയ മേഖലകളിൽ കുടിയേറ്റക്കാർ വ്യാപകമായി കൃഷിനാശമുണ്ടാക്കുകയും വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്തു. കന്നുകാലികളെ മോഷ്ടിച്ചും മരങ്ങൾ മുറിച്ചുമാറ്റിയും ഫലസ്തീൻ ജനതയുടെ ഉപജീവനമാർഗങ്ങൾ ഇവർ തകർക്കുകയാണ്.
സമാന്തരമായി ഇസ്രായേൽ അധികൃതർ വൻതോതിലുള്ള കുടിയേറ്റ വിപുലീകരണ പദ്ധതികൾക്കും അംഗീകാരം നൽകി. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ 19 പുതിയ കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കാനും ജെറുസലേം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ 1,472 പുതിയ പാർപ്പിട യൂനിറ്റുകൾ നിർമിക്കാനും അനുമതി നൽകിയിട്ടുണ്ട്.
റോഡ് നിർമാണത്തിനും മറ്റുമായി ഫലസ്തീൻ അതോറിറ്റിയുടെ കീഴിലുള്ള ഭൂമി ഇസ്രായേൽ സൈന്യം ബുൾഡോസർ ഉപയോഗിച്ച് നിരപ്പാക്കി.
വെസ്റ്റ് ബാങ്കിൽ സൈന്യം നടത്തിയ 388 റെയ്ഡുകളിൽ ഒരു കുട്ടിയടക്കം നാല് പേർ കൊല്ലപ്പെട്ടു. ബിർസെയ്റ്റ് സർവകലാശാല ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സൈന്യം അതിക്രമിച്ചു കയറുകയും വിദ്യാർഥികളെ തടഞ്ഞുവെക്കുകയും ചെയ്തു.
ഇതിനുപുറമെ 10 വീടുകളും നിരവധി വ്യാപാര സ്ഥാപനങ്ങളും സൈന്യം തകർത്തു. ആരാധനാലയങ്ങൾക്ക് നേരെയും അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അൽ അഖ്സ മസ്ജിദിന് സമീപം വികലമായ ലിഖിതങ്ങൾ പതിപ്പിക്കുകയും ഹെബ്രോണിലെ ഇബ്രാഹിമി മസ്ജിദിൽ നിന്ന് വിശ്വാസികളെ പുറത്താക്കുകയും ചെയ്തു.
ഗസ്സയിൽ തുടരുന്ന ബോംബാക്രമണത്തിനൊപ്പം അതിശൈത്യവും കനത്ത മഴയും ദുരിതബാധിതരുടെ ജീവിതം നരകതുല്യമാക്കിയിരിക്കുകയാണ്. തണുപ്പ് മൂലം ഒരു ശിശു മരിച്ചു. കനത്ത മഴയിൽ ഗസ്സയിലെ 27,000 തമ്പുകൾ നശിച്ചു. തകർന്നുവീണ കെട്ടിടങ്ങൾക്കടിയിൽപ്പെട്ടും പട്ടിണി മൂലവും ജനങ്ങൾ ദുരിതമനുഭവിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.