റിയാദിൽ ഇന്റർനാഷനൽ ഹ്യൂമാനിറ്റേറിയൻ ഫോറത്തിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ സംസാരിക്കുന്നു
റിയാദ്: ഇന്റർനാഷനൽ ഹ്യൂമാനിറ്റേറിയൻ ഫോറത്തിന് റിയാദിൽ തുടക്കം. റിയാദിലെ കിങ് ഫൈസൽ കോൺഫറൻസ് ഹാളിലാണ് ‘മാനുഷിക പ്രതികരണത്തിന്റെ ഭാവി പര്യവേക്ഷണം’ എന്ന തലക്കെട്ടിൽ നാലാമത് സമ്മേളനം നടക്കുന്നത്. റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ, കിങ് സൽമാൻ റിലീഫ് കേന്ദ്രം ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽറബീഅ, അമീറുമാർ, മന്ത്രിമാർ, നയതന്ത്ര പ്രതിനിധികൾ, ദേശീയ അന്തർദേശീയ സംഘടന നേതാക്കൾ, മാനുഷിക മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധർ, കിങ് സൽമാൻ റിലീഫ് കേന്ദ്രത്തിലെ നിരവധി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
മാനുഷിക പ്രതിസന്ധികൾക്ക് സമൂലമായ പരിഹാരങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്ന് സമ്മേളനത്തിൽ നടത്തിയ പ്രഭാഷണത്തിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. സൃഷ്ടിപരമായ പരിഹാരങ്ങൾ വികസിപ്പിച്ചുകൊണ്ട് മാനുഷിക പ്രവർത്തനങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്. മാനുഷിക പ്രവർത്തനങ്ങളുടെ നേട്ടത്തിന് സംഭാവന നൽകുന്നതിന് സഹകരണം വർധിപ്പിക്കുകയും വിവരങ്ങളും അനുഭവങ്ങളും പങ്കിടുകയും ചെയ്യണം. മാനുഷിക ആവശ്യങ്ങളും ലഭ്യമായ വിഭവങ്ങളും തമ്മിലുള്ള വിടവ് വർധിപ്പിക്കുന്നത് ഒഴിവാക്കാൻ നൂതനമായ പരിഹാരങ്ങൾ കണ്ടെത്തണം.
രാജ്യം അതിന്റെ മാനുഷികതത്വങ്ങളെ അടിസ്ഥാനമാക്കി ആവശ്യമുള്ള രാജ്യങ്ങൾക്കും ജനങ്ങൾക്കും സഹായഹസ്തം നീട്ടാനും ലോകമെമ്പാടുമുള്ള ദുരിതബാധിതർക്ക് വിവേചനമില്ലാതെ ആശ്വാസം നൽകാനും അതിന്റെ ചരിത്രത്തിലുടനീളം താൽപര്യം കാട്ടിയിട്ടുണ്ട്. അന്താരാഷ്ട്രതലത്തിൽ മാനുഷിക-വികസന സഹായങ്ങളുടെ പ്രധാനദാതാക്കളുടെ രാജ്യങ്ങളിലൊന്നായി മാറാൻ വലിയ ശ്രമങ്ങൾ നടത്തി. രാജ്യം നൽകിയ മൊത്തം മാനുഷിക സഹായം 133 ശതകോടി ഡോളർ കവിയുകയും ലോകമെമ്പാടുമുള്ള 172-ലധികം രാജ്യങ്ങൾക്ക് പ്രയോജനപ്പെടുകയും ചെയ്തുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
ഭരണാധികാരികളുടെ മാർഗനിർദേശത്തിന് കീഴിൽ സൗദി ദുരിതബാധിത രാജ്യങ്ങളിലെ സഹോദരങ്ങളെ സഹായിക്കുന്നതിനായി വിവിധ കാമ്പയിനുകൾ ആരംഭിച്ചിട്ടുണ്ട്. ഫലസ്തീനിലെ സഹോദരങ്ങളെ ആശ്വസിപ്പിക്കാനുള്ള ജനകീയ കാമ്പയിനാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. മൊത്തം സംഭാവനകൾ 700 ദശലക്ഷം റിയാലിൽ കൂടുതലാണ്. യമനിൽ മൈനുകൾ നീക്കം ചെയ്യാനുള്ള പദ്ധതി നടപ്പാക്കി. 2018 മുതൽ 4,30,000-ലധികം മൈനുകൾ നീക്കം ചെയ്യാൻ പദ്ധതിയിലൂടെ സാധിച്ചു. സുഡാനീസ് പ്രതിസന്ധിയുടെ തുടക്കം മുതൽ, ജിദ്ദ ഒന്ന്, ജിദ്ദ രണ്ട് കരാറുകളിൽ പ്രവർത്തിക്കാൻ രാജ്യം മുൻകൈയ്യെടുത്തു. ഇത് ആവശ്യമുള്ളവർക്ക് മാനുഷിക സഹായം എത്തിക്കുന്നതിന് സംഭാവന നൽകി.
മാനുഷിക വെല്ലുവിളികളെ മറികടക്കാനുള്ള നയതന്ത്രശ്രമങ്ങളെ പിന്തുണയ്ക്കുന്ന ഒരു ശക്തി എന്ന നിലയിൽ ശ്രമങ്ങളെ ഏകോപിപ്പിക്കുന്നതിലും മാനുഷികപ്രതികരണം വർധിപ്പിക്കുന്നതിലും ഫലപ്രദമായ മാനുഷികനയതന്ത്രത്തിന്റെ പങ്കിന്റെ പ്രാധാന്യം വിദേശകാര്യ മന്ത്രി ഊന്നിപ്പറഞ്ഞു. തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനും സുസ്ഥിര സമാധാനത്തിനായി സംഭാഷണം, ധാരണ, അനുരഞ്ജനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും സൗദി നയതന്ത്രം രാജ്യങ്ങൾക്കിടയിൽ മധ്യസ്ഥതക്ക് ശ്രമിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.
മനുഷ്യന്റെ അന്തസും അഭിമാനവും കണക്കിലെ മേഖലയിലും ലോകത്തിലുമുള്ള സമകാലിക സംഭവങ്ങൾ മാനവ ഐക്യത്തിന്റെ നമ്മുടെ അടിയന്തിര ആവശ്യത്തെ സൗദി ഉയർത്തിക്കാട്ടുന്നു. യുദ്ധ അതിക്രമങ്ങൾ തടയുന്നതിനുള്ള ശ്രമങ്ങൾ തീവ്രമാക്കുകയും പ്രതിസന്ധി ഘട്ടങ്ങളിൽ അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കും അതിന്റെ അനുബന്ധ പ്രവർത്തനതത്ത്വങ്ങൾക്കും അനുസൃതമായി സഹായം നൽകുന്നതിൽ സഹകരിക്കുകയും ചെയ്യുന്നുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര സമൂഹത്തിനുമേൽ പ്രതിസന്ധികളും സമ്മർദങ്ങളും അടിച്ചേൽപ്പിക്കുന്ന വെല്ലുവിളികളുടെ വെളിച്ചത്തിൽ ശ്രമങ്ങൾ ഏകോപിപ്പിക്കേണ്ടതുണ്ട്. മാനുഷികമായ സഹായങ്ങളുടെ പ്രവേശനം വർധിപ്പിച്ച് ആഗ്രഹിച്ച ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് മാനുഷിക നയതന്ത്രത്തിന്റെ പ്രാധാന്യം മന്ത്രി ചൂണ്ടിക്കാട്ടി. തീരുമാനങ്ങളെടുക്കുന്ന സംവിധാനത്തെ സ്വാധീനിച്ചുകൊണ്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി വർധിപ്പിക്കേണ്ടതുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.