നിയോമിൽ നിന്ന് അന്താരാഷ്ട്ര വിമാന സർവിസ് ആരംഭിക്കുന്നു

ജിദ്ദ: നിയോം വിമാനത്താവളത്തിൽ നിന്ന് തിരഞ്ഞെടുത്ത ലക്ഷ്യസ്ഥാനങ്ങളിലേക്ക് അന്താരാഷ്ട്ര വിമാനസർവിസുകൾ ആരംഭിക്കുന്നു. സൗദി എയർലൈൻസാണ് അന്താരാഷ്ട്ര സർവിസുകൾ നടത്തുകയെന്നും 2022 ജൂൺ ആദ്യത്തിൽ ദുബൈയിലേക്ക് പ്രതിവാര സർവിസുകളുണ്ടാകുമെന്നും നിയോം കമ്പനി വ്യക്തമാക്കി. ഭാവിയിൽ ലണ്ടനിലേക്ക് നേരിട്ട് വിമാന സർവിസുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. നിയോം വിമാനത്താവളം വഴിയുള്ള വാണിജ്യ സേവനങ്ങളുടെ തുടക്കമായി ഈ നടപടിയെ കണക്കാക്കും. ലോക ജനസംഖ്യയുടെ ഏകദേശം 40 ശതമാനം ആളുകൾക്ക് മൂന്ന് ഭൂഖണ്ഡങ്ങിൽ നിന്ന് നാല് മണിക്കൂറിനുള്ളിൽ നിയോമിൽ എത്താനാകുമെന്നും നിയോം കമ്പനി പറഞ്ഞു.

നിയോം കമ്പനിയുമായുള്ള പങ്കാളിത്തം സൗദി എയർലൈൻസിന്റെ അഭിലാഷത്തിനും വിഷൻ 2030നെ പിന്തുണക്കുന്നതിനുള്ള ശ്രമങ്ങൾക്കും അനുസൃതമാണെന്ന് സൗദിയ ഡയറക്ടർ ജനറൽ എൻജിനീയർ ഇബ്രാഹിം അൽ ഉമർ പറഞ്ഞു. അതിഥികളുടെ സഞ്ചാരം വർധിപ്പിക്കുന്നതിലൂടെ വ്യോമഗതാഗത മേഖലയിലെ രാജ്യത്തെ പ്രമുഖ പ്ലാറ്റ്‌ഫോമായി നിയോം വിമാനത്താവളം മാറും. കൂടുതൽ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവിസുകൾ വ്യാപിപ്പിക്കാനും ഇതിലൂടെ സാധിക്കും.

നിയോമിലെ വികസന ഘട്ടങ്ങൾ പൂർത്തിയാകുമ്പോൾ ഈ സവിശേഷ ലക്ഷ്യസ്ഥാനത്തിലൂടെയുള്ള വ്യോമഗതാഗതത്തിനുള്ള ആവശ്യം വർധിക്കും. സൗദി എയർലൈൻസിന്റെ പ്രധാന ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുമെന്നും സൗദിയ ഡയറക്ടർ ജനറൽ പറഞ്ഞു.

നിയോമിലെ സുപ്രധാന സ്ഥാപനങ്ങളിലൊന്നാണ് വിമാനത്താവളമെന്ന് നിയോം സി.ഇ.ഒ എൻജിനീയർ നള്മി അൽനാസിർ പറഞ്ഞു. നിയോം നിവാസികൾ, ബിസിനസ് പങ്കാളികൾ, നിയോമിലേക്ക് പുതിയ ഭാവി തേടുന്നവർ എന്നിവരുടെ വരവ് ത്വരിതപ്പെടുത്തുന്നതിനുള്ള സുപ്രധാന കവാടമാണ്. കൊമേഴ്സ്യൽ വിമാന സർവിസുകൾ ആരംഭിക്കുന്നതിനെക്കുറിച്ചുള്ള ഞങ്ങളുടെ പ്രഖ്യാപനം നിയോം പദ്ധതികളുടെ യാത്രയിലെ സുപ്രധാന ചുവടുവെപ്പിനെയും ഞങ്ങളുടെ ദ്രുതഗതിയിലുള്ള വളർച്ചയുടെയും വ്യക്തമായ സൂചനയെയുമാണ് പ്രതിനിധീകരിക്കുന്നത്.

നിയോമിന്റെ ലോകം കണ്ടെത്തുന്നതിനുള്ള ഏറ്റവും മികച്ചതും വേഗമേറിയതുമായ മാർഗമാണ് ഇതിലൂടെ ഉണ്ടാകുന്നത്. വിഷൻ 2030 ലക്ഷ്യങ്ങൾക്ക് അനുസൃതമായി മേഖലയിലെ എയർ ട്രാൻസ്പോർട്ടിനും ലോജിസ്റ്റിക്സ് മേഖലക്കും സേവനം നൽകുന്നതിൽ വിമാനത്താവളത്തിന് സുപ്രധാന പങ്കുണ്ടെന്നും നിയോം സി.ഇ.ഒ പറഞ്ഞു.

നിയോം കമ്പനിയുമായുള്ള പങ്കാളിത്തത്തിലൂടെ സൗദി എയർലൈൻസ് നിയോം വിമാനത്താവളത്തിലേക്കും തിരിച്ചും നേരിട്ട് സർവിസ് നടത്താനാണ് ആലോചിക്കുന്നത്. ലോകമെമ്പാടുമുള്ള നിരവധി ബിസിനസ് പങ്കാളികൾക്കും നിക്ഷേപകർക്കും പുറമെ നിലവിൽ 65 ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രാദേശികവും അന്തർദേശീയവുമായ വിദഗ്ധരുടെ 1,500-ലധികം ജീവനക്കാരുടെ വിശിഷ്ട ടീമും നിയോമിലുണ്ട്.

Tags:    
News Summary - International flight service starts from Niom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.