സൗദി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ അൽ ഖുറൈഫ്
റിയാദ്: ലൈസൻസുള്ള വ്യാവസായിക സ്ഥാപനങ്ങളിലെ പ്രവാസി തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരുന്ന സാമ്പത്തിക ലെവി റദ്ദാക്കാനുള്ള തീരുമാനം ആഗോളതലത്തിൽ സൗദി വ്യവസായത്തിന്റെ മത്സരശേഷി വർധിപ്പിക്കുമെന്ന് സൗദി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ അൽ ഖുറൈഫ് പറഞ്ഞു. വിവിധ ആഗോള വിപണികളിൽ എണ്ണയിതര കയറ്റുമതിയുടെ ലഭ്യതയും വ്യാപനവും വർധിപ്പിക്കുന്നതിനും സഹായിക്കും. വ്യവസായ സ്ഥാപനങ്ങളിലെ വദേശികളായ തൊഴിലാളികളുടെ സാമ്പത്തിക ലെവി റദ്ദാക്കാൻ മന്ത്രിസഭ അംഗീകാരം നൽകിയതിന് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അൽഖുറൈഫ് നന്ദിയും കടപ്പാടും അറിയിച്ചു.
കിരീടാവകാശിയിൽനിന്ന് വ്യാവസായിക മേഖലക്ക് ലഭിക്കുന്ന തുടർച്ചയായ പിന്തുണയുടെയും ശാക്തീകരണത്തിന്റെയും വിപുലീകരണമായാണ് ഈ തീരുമാനം വരുന്നതെന്ന് സൗദി പ്രസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ മന്ത്രി പറഞ്ഞു. ‘വിഷൻ 2030’ അനുസരിച്ച് ദേശീയ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കുന്നതിനുള്ള അടിസ്ഥാന സ്തംഭങ്ങളിലൊന്നായി വ്യവസായത്തെ കണക്കാക്കുന്നു. ഈ തീരുമാനം രാജ്യത്തെ സുസ്ഥിര വ്യാവസായിക വികസനത്തിന് കരുത്ത് പകരും. വ്യാവസായിക മേഖല വാഗ്ദാനം ചെയ്യുന്ന ഘടകങ്ങളും പ്രോത്സാഹനങ്ങളും കണക്കിലെടുക്കുമ്പോൾ ദേശീയ വ്യാവസായിക കഴിവുകൾ വികസിപ്പിക്കുന്നതിന് ഇത് സംഭാവന നൽകും. കൂടുതൽ ഗുണനിലവാരമുള്ള നിക്ഷേപങ്ങൾ ആകർഷിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇത് ഫാക്ടറികളിലെ പ്രവർത്തനച്ചെലവ് കുറയ്ക്കുകയും അവയുടെ ഉത്പാദനം വികസിപ്പിക്കാനും വളരാനും വർധിപ്പിക്കാനും പ്രാപ്തമാക്കുകയും ചെയ്യും. കൂടാതെ, ഓട്ടോമേഷൻ സൊല്യൂഷനുകൾ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, നൂതന ഉൽപ്പാദന സാങ്കേതികവിദ്യകൾ തുടങ്ങിയ ആധുനിക ബിസിനസ് മോഡലുകളുടെ വ്യാവസായിക സൗകര്യങ്ങൾ സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുകയും അതുവഴി വ്യാവസായിക മേഖലയുടെ കാര്യക്ഷമതയും അതിന്റെ ആഗോള മത്സരശേഷി വർധിപ്പിക്കുകയും ചെയ്യുമെന്നും അൽഖുറൈഫ് പറഞ്ഞു.
2019-നും 2024-നും അവസാനത്തിനും ഇടയിൽ വ്യവസായ മേഖല ഗണ്യമായ കുതിച്ചുചാട്ടം കൈവരിച്ചു. ഇതിൽ വ്യവസായ സ്ഥാപനങ്ങളുടെ എണ്ണം 8,822 ഫാക്ടറികളിൽ നിന്ന് 12,000-ൽ അധികമായി വർധിച്ചു. വ്യാവസായിക നിക്ഷേപങ്ങളുടെ ആകെ മൂല്യം 35 ശതമാനം വർധിച്ച് 908,00 കോടി സൗദി റിയാലിൽനിന്ന് 1.22 ലക്ഷം കോടി സൗദി റിയാലായി ഉയർന്നു. എണ്ണയിതര കയറ്റുമതിയിലും 16 ശതമാനം വളർച്ച രേഖപ്പെടുത്തി. മൂല്യം 187,00 റിയാലിൽ നിന്ന് 217,00 കോടി റിയാലായി ഉയർന്നു. തൊഴിൽ 74 ശതമാനം വർധിച്ച് 488,000-ൽ നിന്ന് 847,000 ആയി. സൗദിവൽക്കരണ നിരക്ക് 29 ശതമാനത്തിൽ നിന്ന് 31 ശതമാനം ആയി വർധിച്ചു.
വ്യാവസായിക ജി.ഡി.പി 56 ശതമാനം വർധിച്ച് 322,00 കോടി റിയാലിൽ നിന്ന് 501,00 കോടി റിയാലായി ഉയർന്നതായും അൽഖുറൈഫ് പറഞ്ഞു. ദൈവത്തിന്റെ കൃപയും വ്യാവസായിക, ധാതുവിഭവ മേഖലക്ക് ലഭിക്കുന്ന ഉദാരമായ ഭരണ പിന്തുണയും ഇല്ലായിരുന്നെങ്കിൽ ഈ നേട്ടങ്ങൾ സാധ്യമാകുമായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വരുംകാലങ്ങളിൽ വ്യാവസായിക മേഖലയുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനുള്ള മന്ത്രാലയം ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ശ്രമങ്ങൾ സംയോജിപ്പിച്ച് സ്വകാര്യ മേഖലയെ ശാക്തീകരിച്ച് നിക്ഷേപം, നവീകരണം, സാങ്കേതികവിദ്യ എന്നിവയെ ഉത്തേജിപ്പിക്കുന്ന ഒരു വ്യാവസായിക അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനാണ് ശ്രമിക്കുന്നത്.
വികസിത വ്യവസായങ്ങളെ പ്രാപ്തമാക്കുക, അന്താരാഷ്ട്ര നിക്ഷേപങ്ങൾ ആകർഷിക്കുക, ഒരു ലക്ഷം കോടി റിയാലിന്റെ വിവിധ വ്യാവസായിക പ്രവർത്തനങ്ങളിൽ 800 നിക്ഷേപ അവസരങ്ങൾ ഒരുക്കുക, 2035 ആകുമ്പോഴേക്കും വ്യാവസായിക ജി.ഡി.പി മൂന്നിരട്ടിയാക്കി 895,00 കോടി റിയാലിലെത്തിക്കുക എന്നിവയിലൂടെ പ്രമുഖ ആഗോള വ്യാവസായിക ശക്തിയായി മാറുക, ദേശീയ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കുന്നതിനുള്ള പ്രധാന സ്തംഭങ്ങളിലൊന്നായി വ്യവസായത്തിന്റെ പങ്ക് പരമാവധിയാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.