യാംബു: സൗദിയിൽ വ്യവസായ ഉൽപാദക സൂചികയിൽ കഴിഞ്ഞവർഷം ശരാശരി 17.1 ശതമാനം വർധന രേഖപ്പെടുത്തിയതായി റിപ്പോർട്ട്. രാജ്യത്തെ സാമ്പത്തിക ആസൂത്രണ മന്ത്രാലയം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക വ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾക്ക് ഇടയാക്കുന്ന വ്യവസായികരംഗത്തെ വ്യതിയാനങ്ങൾ മനസ്സിലാക്കുന്നതിന് സഹായിക്കുന്ന ഒരു ഉപാധിയാണ് വ്യവസായിക ഉൽപാദന സൂചിക.
രാജ്യത്തെ വ്യവസായ മേഖലയുടെ വളർച്ചനിരക്ക് വിലയിരുത്തുന്നതിനും ഈ മേഖലയിലെ ഹ്രസ്വകാല മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്നതിനും മന്ത്രാലയം എല്ലാ വർഷവും ഉൽപാദന സൂചിക തയാറാക്കിവരുന്നു. കഴിഞ്ഞ ഡിസംബറിൽ വളർച്ചനിരക്ക് 7.3 ശതമാനമായി രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം മേയ് മുതൽ ഖനന, ഉൽപാദന മേഖലയിൽ മികച്ച പ്രകടനത്തിന് രാജ്യം സാക്ഷ്യം വഹിച്ചതായും വാർഷികാടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ഡിസംബറിൽ 4.1 ശതമാനം വളർച്ചനിരക്ക് കൈവരിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷാവസാനം നിർമാണ പ്രവർത്തന സൂചിക 18.5 ശതമാനം വർധിച്ചു. അതേസമയം, 2022ൽ വൈദ്യുതി ഗ്യാസ് വിതരണ പ്രവർത്തനങ്ങൾ ഏകദേശം 6.6 ശതമാനം കുറഞ്ഞതായിട്ടാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇത് വൈദ്യുതോർജത്തിന്റെ ആവശ്യകതയിലെ കാലാനുസൃതമായ ഇടിവിനെയാണ് സൂചിപ്പിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
രാജ്യത്തെ പ്രകൃതിവാതകശേഖരം ഒരു വർഷത്തിനിടെ 0.91 ശതമാനം തോതിൽ മികവ് രേഖപ്പെടുത്തി. 2021ൽ സൗദിയിലെ വാതകശേഖരം 829.3 കോടി ടണ്ണായി ഉയർന്നിരുന്നു. 2021ൽ പ്രകൃതിവാതക ഉൽപാദനം 2.94 ശതമാനം തോതിൽ ഉയർന്നതായും അധികൃതർ വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.