ഇത്തവണത്തെ പ്രായം കൂടിയ ഹജ്ജ് തീർഥാടക എംബ മർസിയ ബന്ധുക്കളോടൊപ്പം പുണ്യഭൂമിയിൽ


104ാം വയസ്സിൽ ഹജ്ജ് പുണ്യം നുകർന്ന് എംബ മർസിയ; ഈ വർഷത്തെ ഏറ്റവും പ്രായം കൂടിയ തീർഥാടക

മക്ക: പ്രായത്തിന്‍റെ തളർച്ചയെ തോൽപ്പിക്കുന്ന നിശ്ചയദാർഢ്യവുമായി ഇന്തോനേഷ്യയിൽ നിന്നുള്ള 104 വയസ്സുകാരി എംബ മർസിയ ഹജ്ജ് പുണ്യം സ്വന്തമാക്കി. ഈ വർഷം ഹജ്ജ് നിർവഹിച്ച തീർഥാടകരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തി. മേയ് 22ന് രാവിലെ തന്‍റെ 67 വയസ്സുള്ള മകൾ മുയിദയ്‌ക്കൊപ്പമാണ് മർസിയ മക്കയിലെത്തിയത്.

കഠിനാധ്വാനവും തളരാത്ത മനസ്സുമുണ്ടെങ്കിൽ ഏതൊരു വലിയ ആഗ്രഹവും സഫലമാക്കാമെന്ന വലിയൊരു സന്ദേശമാണ് ഇന്തോനേഷ്യയിലെ കിഴക്കൻ ജാവയിലുള്ള കെദിരി സ്വദേശിയായ ഈ വയോധിക ലോകത്തിന് പകർന്നുനൽകുന്നത്.

ഇത്തവണ ഇന്തോനേഷ്യയിൽനിന്ന് ഹജ്ജിന് അനുമതി ലഭിച്ച 2,21,000 തീർഥാടകരിൽ ഒരാളാണ് ഇവർ. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ ഹജ്ജ് തീർഥാടനത്തിനായി വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് സമ്പാദിച്ച പണവുമായാണ് മർസിയ വിശുദ്ധ ഭൂമിയിലെത്തിയത്. നാട്ടിൽ പരമ്പരാഗത രീതിയിൽ കഞ്ഞി വിറ്റാണ് ഇവർ ഉപജീവനത്തിനുള്ള വരുമാനം കണ്ടെത്തിയിരുന്നത്. നിത്യ ചെലവുകൾ കഴിഞ്ഞ് ബാക്കി വരുന്ന തുക ഒരു തകര പാത്രത്തിൽ സൂക്ഷിക്കുകയായിരുന്നു. കൂടാതെ, പണം തികയാതെ വന്ന ഘട്ടങ്ങളിൽ മകൻ നൽകിയ സാമ്പത്തിക സഹായം കൂടിയായപ്പോഴാണ് ഹജ്ജെന്ന സ്വപ്നത്തിലേക്കുള്ള വഴി തുറന്നത്. 2021ലാണ് ഇവർ ഹജ്ജിനായി ആദ്യമായി രജിസ്റ്റർ ചെയ്യുന്നത്.

എന്നാൽ, ഹജ്ജ് നിർവഹിക്കാൻ വേണ്ടിയാണ് താൻ പണം മാറ്റിവെക്കുന്നതെന്ന വിവരം തുക തികയുന്നത് വരെ ബന്ധുക്കളോടോ അയൽവാസികളോടോ മർസിയ പങ്കുവെച്ചിരുന്നില്ല. ഹജ്ജിനുള്ള തുക പൂർണമായി സമാഹരിച്ച ശേഷമാണ് തന്‍റെ വലിയ ആഗ്രഹത്തെക്കുറിച്ച് ഇവർ മറ്റുള്ളവരോട് തുറന്നുപറഞ്ഞത്. ഊന്നുവടിയുടെ സഹായത്തോടെ മാത്രമേ നടക്കാൻ കഴിയൂവെങ്കിലും തിരക്കേറിയ ഹജ്ജ് കർമങ്ങളിൽ ഭൂരിഭാഗവും വീൽചെയറിന്‍റെ സഹായത്തോടെയാണ് ഇവർ പൂർത്തിയാക്കിയത്. മർസിയ ഇപ്പോഴും പൂർണ ആരോഗ്യവതിയാണെന്നും ഹജ്ജിന്‍റെ എല്ലാ കർമങ്ങളിലും അവർ സജീവമായി പങ്കെടുത്തതായും ഇന്തോനേഷ്യയുടെ 112-ാമത് ‘സുരബായ എംബാർക്കേഷൻ ഗ്രൂപ്പ്’ മേധാവി അബിസ്വതുൻ നാദിറോ വ്യക്തമാക്കി.

ഹജ്ജ് കർമങ്ങൾ ഭംഗിയായി പൂർത്തിയാക്കി മക്കയിലെത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് എംബ മർസിയ പ്രതികരിച്ചു. പുണ്യഭൂമിയിൽ തങ്ങൾക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തെയും സൗകര്യങ്ങളെയും അവർ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

Tags:    
News Summary - Indonesian Elderly Woman Emba Marzia Performs Hajj at 104

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.