ജിദ്ദ: മീഡിയവൺ സംപ്രേഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും ആരോഗ്യകരമായ വിമർശനങ്ങളെ പോലും അടിച്ചമർത്തുന്നത് ഫാഷിസത്തിലൂന്നിയ ഭീരുത്വമാണെന്നും ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളെയും സംഘ്പരിവാര്‍ ഭീകരതയെയും തുറന്നുകാണിച്ചതിന്റെ പേരിലാണ് മീഡിയവണിന്റെ സംപ്രേഷണം തടഞ്ഞുവെച്ചത്. നിരന്തരമായ പരസ്യ നിഷേധത്തിലൂടെ സാമ്പത്തികമായി തകർത്ത് പ്രസിദ്ധീകരണം അവസാനിപ്പിക്കേണ്ടിവന്ന തേജസ് പത്രമാണ് ഭരണകൂട മാധ്യമ അടിച്ചമർത്തലിന്റെ കേരളത്തിലെ ആദ്യത്തെ ഇരയെന്ന് ചടങ്ങിൽ സംസാരിച്ച ഇന്ത്യൻ സോഷ്യൽ ഫോറം പ്രസിഡന്റ് കോയിസ്സൻ ബീരാൻ കുട്ടി അഭിപ്രായപ്പെട്ടു.
ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നാക്രമണവും വിയോജിക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും നിശ്ശബ്ദരാക്കി ഇല്ലായ്മ ചെയ്യുക എന്ന ഫാഷിസ്റ്റ് തേർവാഴ്ചയുമാണ് രാജ്യത്തു കണ്ടുകൊണ്ടിരിക്കുന്നത്.
ജനാധിപത്യ വ്യവസ്ഥിതിയിൽ അംഗീകരിക്കാനാവാത്ത സമീപനമാണ് ബി.ജെ.പി സര്‍ക്കാറിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടുള്ളത്. രാജ്യം ഫാഷിസ്റ്റ് ഭീകരതയുടെ പൂര്‍ണതയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. ഭരണകൂടത്തിന്റെ ഇത്തരം പ്രവണതകൾക്കെതിരെ പൊതുസമൂഹം ഉണർന്നുപ്രവർത്തിക്കേണ്ടതുണ്ട്. ജനാധിപത്യ വിരുദ്ധ ഫാഷിസ്റ്റു നയങ്ങൾക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമാണ് കർഷക പ്രക്ഷോഭത്തിന്റെ വിജയമെന്ന് യോഗം വിലയിരുത്തി.
മീഡിയവൺ നടത്തിവരുന്ന നിയമ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യവും പൂർണപിന്തുണയും ഇന്ത്യൻ സോഷ്യൽ ഫോറം വാഗ്ദാനം ചെയ്തു.
ജനറൽ സെക്രട്ടറി ഫൈസൽ തമ്പാറ, വൈസ് പ്രസിഡന്റ് മുഹമ്മദ് കുട്ടി തിരുവേഗപ്പുറ, സെക്രട്ടറിമാരായ റാഫി ചേളാരി, മുക്താർ ഷൊർണൂർ, സംസ്ഥാന ഭാരവാഹികളായ ശറഫുദ്ദീൻ പള്ളിക്കൽ ബസാർ, ജംഷീദ് ചുങ്കത്തറ, യാഹുട്ടി തിട്ടുവേഗപ്പുറ, റഫീഖ് പഴമള്ളൂർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.