മക്കയിൽനിന്ന് മദീന സന്ദർശനത്തിന് എത്തിയ ഇന്ത്യൻ ഹാജിമാരെ സന്നദ്ധപ്രവർത്തകർ വരവേറ്റപ്പോൾ
മക്ക: ഹജ്ജിനു ശേഷമുള്ള ഇന്ത്യൻ ഹാജിമാരുടെ മദീന സന്ദർശനം ആരംഭിച്ചു. ശനിയാഴ്ച രാവിലെ മുതലാണ് തീർഥാടകർ മദീനയിലേക്ക് പുറപ്പെട്ടത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ മലയാളി തീർഥാടകരും ശനിയാഴ്ച മദീനയിലെത്തി. 332 ഹാജിമാരാണ് ആദ്യദിനം മദീന സന്ദർശനത്തിന് പുറപ്പെട്ടത്. രാവിലെ ഏഴിന് പുറപ്പെട്ട സംഘം ഉച്ചക്ക് മൂന്നോടെ മദീനയിലെത്തി. ഹജ്ജ് സർവിസ് കമ്പനികളുടെ പ്രത്യേക ബസുകളിലാണ് ഹാജിമാരെ എത്തിക്കുന്നത്.
ഹാജിമാരുടെ ബാഗേജുകൾ എത്തിക്കാൻ പ്രത്യേക വാഹനങ്ങളും ഒരുക്കി. ആദ്യമെത്തിയ മലയാളി തീർഥാടകരെ സ്വീകരിക്കാനായി നിരവധി മലയാളി സന്നദ്ധ പ്രവർത്തകർ താമസസ്ഥലത്തെത്തിയിരുന്നു. മദീനയിൽ ആദ്യമെത്തിയ സംഘത്തിന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. റൂമുകളിൽ എത്തിക്കാനും പ്രായമായവരെ സഹായിക്കാനും സന്നദ്ധ സംഘടന പ്രവർത്തകരെത്തി. ആദ്യ സംഘം മലയാളികൾക്ക് ജന്നത്തുൽ ബഖിഇഅയുടെ സമീപം മർക്കസിയ ഏരിയയിലാണ് താമസം ഒരുക്കിയിട്ടുള്ളത്.
ഇനിയുള്ള ദിവസം ഹാജിമാർ മസ്ജിദുന്നബവിയിലെ നമസ്കാരങ്ങളിൽ പങ്കെടുക്കും. പ്രവാചകന്റെ ഖബർ സന്ദർശനവും വിവിധ ചരിത്രസ്ഥലങ്ങളുടെ സന്ദർശനവും ഹാജിമാർ പൂർത്തിയാക്കും. എട്ടു ദിവസത്തിനു ശേഷമാവും മദീനയിൽനിന്നും നാട്ടിലേക്ക് മടങ്ങുക. മദീന വഴി ഹജ്ജിനെത്തിയ ഇന്ത്യൻ തീർഥാടകരുടെ മടക്കം ജിദ്ദ വഴി ആരംഭിച്ചു. 3,800ഓളം തീർഥാടകരാണ് ആദ്യദിനം നാട്ടിലെത്തിയത്. ഇവർക്ക് വിവിധ എമ്പാർക്കേഷൻ പോയിൻറുകളിൽനിന്ന് സംസം കാനുകൾ നൽകുന്നുണ്ട്.
വരും ദിവസങ്ങളിൽ കൂടുതൽ ഹാജിമാർ നാട്ടിലേക്ക് മടങ്ങും. നൂറിലേറെ ഹാജിമാരാണ് ഇതുവരെ മക്കയിലും മദീനയിലുമായി വിവിധ കാരണങ്ങളാൽ മരിച്ചത്. മക്കയിൽ മരിച്ച മലയാളി തീർഥാടകരുടെ ഖബറടക്ക ചടങ്ങുകൾ പൂർത്തിയാവുന്നു. നാട്ടിൽനിന്നും ഗൾഫ് രാജ്യങ്ങളിൽനിന്നും ഇവരുടെ പലരുടെയും ബന്ധുക്കളും മക്കയിൽ എത്തിയിട്ടുണ്ട്. കാണാതായ ഹാജിമാർക്കായി അന്വേഷണം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.