സൗദി കിഴക്കൻ പ്രവിശ്യയിൽ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ സന്ദർശനം നടത്തിയപ്പോൾ

പ്രവാസികൾക്ക് ആശ്വാസമായി ഇന്ത്യൻ അംബാസഡറുടെ സന്ദർശനം: ഏത് പ്രതിസന്ധിയിലും എംബസി ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്

ദമ്മാം: മേഖലയിലെ നിലവിലെ സാഹചര്യങ്ങളിൽ പ്രവാസികൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഏത് പ്രതിസന്ധിയെയും മറികടക്കാൻ ഇന്ത്യൻ എംബസി പ്രവാസി സമൂഹത്തിനൊപ്പം എപ്പോഴുമുണ്ടാകുമെന്നും സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ. കിഴക്കൻ പ്രവിശ്യയിൽ നടത്തിയ സന്ദർശനത്തിനിടെ വിവിധയിടങ്ങളിൽ സംഘടിപ്പിച്ച പൊതുസമ്പർക്ക പരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രിൽ 12, 13 തിയതികളിലായിരുന്നു അംബാസഡറുടെ സന്ദർശനം.

 

ശനിയാഴ്ച ജുബൈലിൽ നടന്ന പൊതുസമ്പർക്ക പരിപാടിയിൽ പങ്കെടുത്ത അദ്ദേഹം നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് പ്രവാസികൾ ഉന്നയിച്ച വിവിധ ചോദ്യങ്ങൾക്ക് മറുപടി നൽകി. ഏപ്രിൽ 13-ന് ഇന്ത്യൻ ഓവർസീസ് ഫോറം സംഘടിപ്പിച്ച പരിപാടിയിൽ സാമൂഹിക പ്രവർത്തകരുമായി അദ്ദേഹം ആശയവിനിമയം നടത്തി. അനിൽ മൽപാനി, മുകേഷ് ഗുപ്ത എന്നിവരുടെ നേതൃത്വത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യൻ ബിസിനസ് പ്രതിനിധികൾ, എംബസി വോളന്റിയർമാർ, പ്രമുഖ സാമൂഹിക പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.

പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യൻ സമൂഹം പ്രകടിപ്പിച്ച സംയമനത്തെയും സഹിഷ്ണുതയെയും അംബാസഡർ പ്രശംസിച്ചു. സൗദി അറേബ്യയിലെ സഹോദരങ്ങളുമായി തോളോട് തോൾ ചേർന്ന് ഇന്ത്യൻ സമൂഹം പ്രകടിപ്പിക്കുന്ന ഈ സഹകരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴമായ ആദരവിന്റെയും ബന്ധത്തിന്റെയും പ്രതിഫലനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സൗദിയുടെ സുരക്ഷ, സ്ഥിരത, പരമാധികാരം എന്നിവയ്ക്ക് ഇന്ത്യ നൽകുന്ന ഉറച്ച പിന്തുണ അദ്ദേഹം ആവർത്തിച്ചു. സൗദിക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായും മേഖലയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

കിഴക്കൻ പ്രവിശ്യയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കാൻ എംബസി സ്വീകരിച്ചിട്ടുള്ള സജ്ജീകരണങ്ങളും അംബാസഡർ വിശദീകരിച്ചു. അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാക്കാൻ എംബസിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്‌ലൈൻ നിലവിലുണ്ട്. കോൺസുലർ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ എംബസി പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്നും വിദൂര മേഖലകളിൽ കഴിയുന്ന പ്രവാസികൾക്കായി കൂടുതൽ കോൺസുലർ ക്യാമ്പുകൾ സംഘടിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.

എംബസി കൃത്യസമയങ്ങളിൽ പുറപ്പെടുവിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പ്രവാസികൾ ജാഗ്രതയോടെ പാലിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. മേഖലയിലെ നിലവിലെ അന്തരീക്ഷത്തിൽ അംബാസഡർ നേരിട്ടെത്തി നടത്തുന്ന ഈ ഇടപെടൽ പ്രവാസി സമൂഹത്തിന് വലിയ ആത്മവിശ്വാസമാണ് പകരുന്നത്. എംബസിയുടെ ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ പ്രവാസി സമൂഹം നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - Indian Ambassador's visit brings relief to expats: Assurance that the Embassy will stand by them in any crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.