ദാറസ്സിഹ മെഡിക്കൽ സെന്ററിന്റെ പുതിയ ആസ്ഥാനം ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ്ഖാൻ ഉദ്ഘാടനം ചെയ്യുന്നു. ഇറാം ഹോൾഡിങ് സി.എം.ഡി ഡോ. സിദ്ദിഖ് അഹമ്മദ്, ഇന്ത്യൻ എംബസി ഇക്കണോമിക്, ആൻഡ് കോമേഴ്സ് കോൺസുലാർ മനുസ്മൃതി എന്നിവർ സമീപം
ദമ്മാം: ആതുര ശുശ്രൂഷ മേഖലയിൽ രണ്ട് പതിറ്റാണ്ടിലധികമായി പ്രവർത്തിക്കുന്ന ദാറസ്സിഹ മെഡിക്കൽ സെന്ററിന്റെ പുതിയ ആസ്ഥാനം ദമ്മാമിൽ തുറന്നു. ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ്ഖാൻ ഉദ്ഘാടനം നിർവഹിച്ചു.
സൗദിയുടെ സ്വപ്ന പദ്ധതിയായ ‘വിഷൻ 2030’ വിജയിപ്പിക്കുന്നതിന് ശക്തമായ പിന്തുണയുമായി ആരോഗ്യ മേഖലയിൽ നിരവധി ഇന്ത്യക്കാരാണ് ജോലിചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ പ്രവാസികൾക്ക് നിലവാരമുള്ള ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിൽ ദാറസ്സിഹ പോലുള്ള ക്ലിനിക്കുകളുടെ പങ്ക് അഭിനന്ദിക്കപ്പെടേണ്ടതാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി ആരോഗ്യവകുപ്പ് മുൻ ഉപമന്ത്രി ഹമാദ് അൽ ദിവാലിയ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ചികിത്സക്കൊപ്പം മനസ് തൊടുന്ന സ്നേഹവും പരിചരണവും രോഗികൾക്ക് നൽകുന്നതാണ് ഏറ്റവും മികച്ച ആതുരാലയങ്ങൾ ചെയ്യേണ്ടതെന്നും അത് ദാറസ്സിഹയിൽ ലഭ്യമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘വിഷൻ 2030’ന്റെ ഭാഗമായി ആരോഗ്യരംഗത്തെ പരിഷ്കരണ അജണ്ടയുമായി ദാറസ്സിഹ മെഡിക്കൽ സെന്ററിനെ ബന്ധിപ്പിക്കാനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയതെന്ന് സിഎം.ഡി ഡോ. സിദ്ദീഖ് അഹമ്മദ് പറഞ്ഞു.
ഇന്റേണൽ മെഡിസിൻ മുതൽ പീഡിയാട്രിക്സ്, ഗൈനക്കോളജി, ഡെർമറ്റോളജി, ജനറൽ സർജറി തുടങ്ങി ആരോഗ്യ മേഖലയിൽ സമഗ്ര സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന അത്യാധുനിക മെഡിക്കൽ സാങ്കേതികവിദ്യയാണ് പുതിയ ദാറസ്സിഹ മെഡിക്കൽ സെന്ററിൽ സജ്ജീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാർക്ക് ഏറ്റവും മികച്ചസംവിധാനങ്ങൾ ഉപയോഗിച്ചുള്ള ചികിത്സയും വിദഗ്ധരുടെ സേവനവും ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ദാറസ്സിഹ പിന്തുടരുന്നതെന്നും പുതിയ സംവിധാനങ്ങൾ സേവന മേഖലയെ കൂടുതൽ നിലവാരത്തിലേക്ക് ഉയർത്തുമെന്നും ഡയറകട്ർ മുഹമ്മദ് അഫ്നാസ് പറഞ്ഞു.
1995ൽ ആരംഭിച്ച് 2006ൽ ഇറാം ഹോൾഡിംഗ്സ് ഏറ്റെടുത്തത് മുതൽ മികച്ച പരിചരണം നൽകുന്ന ആരോഗ്യ കേന്ദ്രമാണ് ദാറസ്സിഹ. ദമ്മാമിലും അൽ ഖോബാറിലും രണ്ട് പ്രധാന ക്ലിനിക്കുകൾ കൂടാതെ 75 ലധികം റിമോട്ട് ഏരിയ ക്ലിനിക്കുകൾ, 50ഓളം ഡോക്ടർമാർ, മറ്റ് സംവിധാനങ്ങൾ ഉൾപ്പടെ 24 മണിക്കൂറും സേവനം ലഭ്യമാക്കുന്നു.
ഉദ്ഘാടന ചടങ്ങിൽ 15ഉം 20ഉം 25ഉം വർഷം സേവനകാലാവധി പൂർത്തിയാക്കിയവരെ ഫലകവും പ്രശംസാപത്രവും സമ്മാനങ്ങളും നൽകി ആദരിച്ചു. ഇറാം ഹോൾഡിങ് ഡയറക്ടർ റിസ്വാൻ അഹമ്മദ് സിദ്ധീഖ്, സി.ഒ.ഒ മധുകൃഷ്ണൻ, സി.ഇ.ഒ അബ്ദുൽ റസ്സാഖ്, ദാറസ്സിഹ ഓപറേഷൻ മാനേജർ സുധീർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.