ഷംസുദ്ധീൻ മച്ചിഞ്ചേരി
ഭാരതം ഇന്ന് 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യത്തിനായി സ്വന്തം ജീവനും സ്വത്തും സന്തോഷങ്ങളും ത്യജിച്ച, ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടിയ ലക്ഷക്കണക്കിന് ധീരദേശാഭിമാനികളുടെ ഓർമകൾക്ക് മുന്നിൽ പ്രണാമമർപ്പിക്കേണ്ട ദിനമാണിത്.
എന്നാൽ, ചരിത്രത്തെ വളച്ചൊടിക്കാനും സ്വാതന്ത്ര്യസമരത്തിെൻറ യഥാർഥ പോരാളികളെ മറവിയിലേക്ക് തള്ളാനും ശ്രമങ്ങൾ ശക്തമാകുന്ന കാലത്ത്, ചരിത്രസത്യങ്ങൾ ഓർമിപ്പിക്കുക എന്നത് ഓരോ ജനാധിപത്യവിശ്വാസിയുടെയും കടമയാണ്. സ്വാതന്ത്ര്യം നമുക്ക് ആരുടെയും ഔദാര്യമായി ലഭിച്ചതല്ല. അനേകം മനുഷ്യരുടെ ത്യാഗത്തിെൻറയും പോരാട്ടത്തിെൻറയും ഫലമാണ്.വിപ്ലവപാതയിലെ കമ്യൂണിസ്റ്റുകളും പുരോഗമന ശക്തികളും എന്ന നിലയിൽ പരിശോധിക്കുമ്പോൾ, ഇന്ത്യയ്ക്ക് കേവലം ബ്രിട്ടീഷ് ഭരണത്തിൽനിന്നുള്ള അധികാരമാറ്റമല്ല, പൂർണ സ്വാതന്ത്ര്യമാണ് വേണ്ടതെന്ന് ശക്തമായി ഉന്നയിച്ചവരിൽ പ്രധാനിയായിരുന്നു മൗലാനാ ഹസ്രത്ത് മൊഹാനി. 1921-ൽ അദ്ദേഹം പൂർണ സ്വരാജ് എന്ന ആവശ്യം മുന്നോട്ടുവെച്ചു.
പിന്നീട് ഭഗത് സിങ്, രാജ്‌ഗുരു, സുഖ്‌ദേവ് തുടങ്ങിയ വിപ്ലവകാരികൾ സ്വാതന്ത്ര്യത്തിനായി ജീവൻ സമർപ്പിച്ച് ചരിത്രത്തിൽ അനശ്വരരായി. കേരളത്തിലും സ്വാതന്ത്ര്യസമരവും ജനകീയ പോരാട്ടങ്ങളും പുതിയ രാഷ്ട്രീയ ബോധത്തിന് വഴിയൊരുക്കി. ഇ.എം.എസ്, പി. കൃഷ്ണപിള്ള, എ.കെ.ജി. തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ കർഷകരും തൊഴിലാളികളും അടിച്ചമർത്തലിനെതിരെ അണിനിരന്നു. കയ്യൂർ, പുന്നപ്ര-വയലാർ, കരിവെള്ളൂർ തുടങ്ങിയ സമരങ്ങളിൽ നിരവധി പേർ രക്തസാക്ഷികളായി. ബ്രിട്ടീഷ് അധിനിവേശത്തോടൊപ്പം ജന്മി-കുടിയാൻ വ്യവസ്ഥയ്ക്കും ചൂഷണത്തിനുമെതിരെ നടന്ന ഈ പോരാട്ടങ്ങൾ കേരളത്തിെൻറ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിലെ നിർണായക അധ്യായങ്ങളാണ്.
മുസ്‍ലിം സമൂഹത്തിെൻറ വിലമതിക്കാനാകാത്ത ത്യാഗവും മറന്നു പോകരുത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തിയ ചരിത്രമാണ് ഇന്ത്യൻ മുസ്ലിം സമൂഹത്തിേൻറത്. 1921-ലെ മലബാർ സമരത്തിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും ഉൾപ്പെടെയുള്ള നേതാക്കൾ ബ്രിട്ടീഷ് ഭരണത്തിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ് നടത്തി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ധീരമായ നിലപാടും ആലി മുസ്ലിയാരുടെ രക്തസാക്ഷിത്വവും സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാന അധ്യായങ്ങളാണ്. ഈ ത്യാഗങ്ങൾ സ്വതന്ത്ര സമരത്തിെൻറ ഭാഗമാണെന്ന് ചരിത്രത്തിൽ രേഖപ്പെടുത്താനും കമ്യൂണിസ്റ്റുകൾ തന്നെയാണ് മുൻകൈ എടുത്തത്. ആന്തമാനിലെ സെല്ലുലാർ ജയിലിലേക്ക് നാടുകടത്തപ്പെട്ട നൂറുകണക്കിന് സ്വാതന്ത്ര്യസമര സേനാനികൾ അതിക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങി.
തടവറകളിലും ഒറ്റപ്പെടലിലും അവർ തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിന്നു. സ്വാതന്ത്ര്യത്തിനായി ജീവിതത്തിലെ മികച്ച വർഷങ്ങൾ ത്യജിച്ച ആ ധീരന്മാരുടെ ഓർമകൾ തലമുറകൾക്ക് പ്രചോദനമാണ്. സ്വാതന്ത്ര്യസമരത്തിെൻറ ചരിത്രം പറയുമ്പോൾ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തവും നിലപാടുകളും ഒരുപോലെ ഓർക്കേണ്ടതുണ്ട്. ഒരു വശത്ത് ബ്രിട്ടീഷ് ഭരണത്തിനെതിരെ ജീവൻ പോലും ബലികഴിച്ച പോരാളികളുണ്ടായിരുന്നപ്പോൾ, മറുവശത്ത് ദേശീയ സ്വാതന്ത്ര്യസമരത്തിെൻറ പ്രധാന ഘട്ടങ്ങളിൽ നിന്ന് വിട്ടുനിന്ന രാഷ്ട്രീയധാരകളും ഉണ്ടായിരുന്നു.
വി.ഡി. സവർക്കറുടെ ആന്തമാൻ ജയിൽ ജീവിതവും പിന്നീട് സമർപ്പിച്ച മാപ്പപേക്ഷകളും ചരിത്രത്തിൽ രേഖപ്പെട്ടിട്ടുള്ളതാണ്. ബ്രിട്ടീഷ് ഭരണകൂടത്തോട് അനുകൂല നിലപാട് സ്വീകരിച്ചുകൊണ്ട് ജയിൽമോചനം നേടാൻ അദ്ദേഹം ശ്രമിച്ചതും ചരിത്രചർച്ചകളുടെ ഭാഗമാണ്.
സ്വാതന്ത്ര്യസമരത്തിെൻറ ചരിത്രത്തെ ഏകപക്ഷീയമായി പുനർനിർമിക്കാനുള്ള ശ്രമങ്ങൾക്കെതിരെ വസ്തുതകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കേണ്ടത് അനിവാര്യമാണ്. സ്വാതന്ത്ര്യം മാത്രമല്ല, അതിെൻറ ആത്മാവും സംരക്ഷിക്കേണ്ടത് തന്നെയാണ്. ഇന്ന് സ്വാതന്ത്ര്യത്തിെൻറ 79ാം വാർഷികം ആഘോഷിക്കുമ്പോൾ നാം സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്, എന്തിനുവേണ്ടിയാണ് നമ്മുടെ മുൻതലമുറ പോരാടിയത്? അത് കേവലം ഒരു കൊടിമാറ്റത്തിനുവേണ്ടിയായിരുന്നില്ല. മനുഷ്യന് മാന്യമായി ജീവിക്കാനുള്ള അവകാശത്തിനും ചൂഷണത്തിൽനിന്നുള്ള മോചനത്തിനും സമത്വത്തിനും മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും വേണ്ടിയായിരുന്നു ആ പോരാട്ടം.
വിഭജനത്തിെൻറയും വിദ്വേഷത്തിെൻറയും വർഗീയതയുടെയും രാഷ്ട്രീയം മനുഷ്യരെ തമ്മിലകറ്റാൻ ശ്രമിക്കുന്ന കാലത്ത്, സ്വാതന്ത്ര്യസമരത്തിെൻറ യഥാർഥ ചരിത്രം ഓർമിക്കുന്നത് തന്നെ ഒരു രാഷ്ട്രീയ പ്രതിരോധമാണ്. മതത്തിെൻറയും ജാതിയുടെയും ഭാഷയുടെയും പേരിൽ മനുഷ്യരെ വിഭജിക്കാതെ, ഐക്യവും ജനാധിപത്യവും മതേതരത്വവും ഉയർത്തിപ്പിടിച്ച് ഈ രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാം. സ്വാതന്ത്ര്യം നേടിയെടുത്തവരുടെ ത്യാഗങ്ങളെയും നമുക്ക് ഓർക്കാം. ചരിത്രസത്യങ്ങളെ സംരക്ഷിക്കാം. സ്വാതന്ത്ര്യത്തിെൻറ മൂല്യങ്ങൾ കാത്തുസൂക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.