ജിദ്ദ ഇസ്‌ലാമിക തുറമുഖത്ത് മാസ്‌ക്, ഹപാഗ്-ലോയിഡ് ഷിപ്പിങ് കമ്പനികളുടെ കപ്പലുകൾ
ജിദ്ദ: പ്രമുഖ ഷിപ്പിങ് ലൈനുകളായ മാസ്‌ക്, ഹപാഗ്-ലോയിഡ് എന്നിവ ഉൾപ്പെടുന്ന ‘ജെമിനി സഹകരണ’ സഖ്യത്തിെൻറ എ.ഇ15, എ.ഇ19 സർവീസുകളുടെ പ്രധാന ഹബ്ബായി ജിദ്ദ ഇസ്ലാമിക തുറമുഖത്തെ സൗദി തുറമുഖ അതോറിറ്റി (മാവാനി) ഉൾപ്പെടുത്തി. ഇത് ഈ തുറമുഖത്തിന്റെ ആഗോള പ്രാധാന്യം കൂടുതൽ വർധിപ്പിക്കാൻ സഹായിക്കുന്നതാണ്. ബാബ് അൽമന്ദബ് കടലിടുക്കിലൂടെയും സൂയസ് കനാൽ വഴിയുമുള്ള രണ്ട് പ്രധാന സർവീസ് റൂട്ടുകൾ പുതുക്കിയതിലൂടെ ഏഷ്യയിലെയും യൂറോപ്പിലെയും പ്രധാന വിപണികളിലേക്ക് സൗദി അറേബ്യക്ക് നേരിട്ടുള്ള കടൽമാർഗ കണക്റ്റിവിറ്റി കൂടുതൽ ശക്തമാകും. പുതിയ റൂട്ട് അപ്‌ഡേറ്റ് അനുസരിച്ച് എ.ഇ19 സർവീസ് അതിെൻറ പ്രവർത്തന ചക്രത്തിനിടയിൽ രണ്ട് തവണ ജിദ്ദ പോർട്ടിൽ എത്തും. ഏഷ്യയിൽനിന്ന് മെഡിറ്ററേനിയനിലേക്കുള്ള യാത്രയിലും, തിരികെ തെക്കോട്ടുള്ള യാത്രയിലുമാണ് കപ്പലുകൾ ജിദ്ദയിൽ കോൾ ചെയ്യുന്നത്. ഇത് സൗദിയിലേക്കും പുറത്തേക്കുമുള്ള ചരക്കുനീക്കത്തിന് കൂടുതൽ വഴക്കവും മികച്ച കണക്റ്റിവിറ്റിയും നൽകും.
ചൈന, ദക്ഷിണ കൊറിയ, മലേഷ്യ, ഈജിപ്ത്, മൊറോക്കോ, ശ്രീലങ്ക, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ പ്രധാന തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ഈ സർവീസുകളിലൂടെ ഒരു പൂർണ പ്രവർത്തന ചക്രത്തിന്റെ സമയം 16 ആഴ്ചയിൽനിന്ന് 14 ആഴ്ചയായി കുറയും. പ്രതിവാര സർവിസുകളുടെ ക്രമീകരണം നിലനിർത്തിക്കൊണ്ട് തന്നെ സാധനങ്ങൾ വേഗത്തിൽ എത്തിക്കാനും വിതരണ ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കാനും ഇത് സഹായിക്കും. ഒപ്പം വിഷൻ 2030െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സൗദിയെ ആഗോള ലോജിസ്റ്റിക്സ് കേന്ദ്രമാക്കാൻ ഇത് പിന്തുണക്കുകയും ചെയ്യും. ഇതിനുപുറമേ, രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിെൻറയും പ്രാദേശിക വിപണിയിൽ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത കൂട്ടുന്നതിന്റെയും ഭാഗമായി മാസ്‌കുമായി സഹകരിച്ച് അരി ഇറക്കുമതി വേഗത്തിലാക്കാനുള്ള പ്രത്യേക നടപടിയും മാവാനി പ്രഖ്യാപിച്ചിട്ടുണ്ട്. സൗദിയിലെ വിവിധ സംഭരണ കേന്ദ്രങ്ങളിലേക്ക് അരി ചരക്കുകൾ എത്തിക്കുന്നതിനായി മൊത്തം 7,700 ടി.ഇ.യു ശേഷിയുള്ള രണ്ട് കൂറ്റൻ കപ്പലുകളാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്. ഇതിൽ 4,200 ടി.ഇ.യു ശേഷിയുള്ള ആദ്യ കപ്പൽ ആഗസ്റ്റ് 30നും, 3,500 ടി.ഇ.യു ശേഷിയുള്ള രണ്ടാമത്തെ കപ്പൽ സെപ്റ്റംബറിലും ജിദ്ദ ഇസ്‌ലാമിക് പോർട്ടിലെത്തും. ഇത്തരം സഹകരണങ്ങളിലൂടെ അത്യാവശ്യ സാധനങ്ങളുടെയും തന്ത്രപ്രധാന ഉൽപന്നങ്ങളുടെയും തടസ്സമില്ലാത്ത ഒഴുക്ക് ഉറപ്പാക്കാനും ഏതൊരു വിപണി മാറ്റങ്ങളെയും നേരിടാൻ സൗദിയുടെ ലോജിസ്റ്റിക്സ് മേഖലയെ സജ്ജമാക്കാനും സാധിക്കുമെന്ന് മാവാനി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.