ഖമീസ് മുശൈത്ത് മെക് സെവൻ കൂട്ടായ്മയുടെ റിപ്പബ്ലിക് ദിനാചരണ പരിപാടി
അബഹ: അബഹയിൽ മെക് സെവൻ എക്സൈസിന്റെ ഉദ്ഘാടനവും ഇന്ത്യൻ റിപ്പബ്ലിക് ദിനാചരണവും സംഘടിപ്പിച്ചു. ഖമീസ് മുശൈത്ത് മദീനസ്കറി റോഡിലെ ബലദിയ പാർക്കിൽ നടന്ന പരിപാടി കിങ് ഖാലിദ് യൂനിവേഴ്സിറ്റി ഡെന്റൽ വിഭാഗം പ്രഫസർ ഡോ. ഖാദർ തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു.
ആരോഗ്യമുള്ള ജനതയാണ് ഒരു രാജ്യത്തിന്റെ മുതൽകൂട്ടെന്നും ശക്തമായ തണുപ്പിനെ അവഗണിച്ചും ആരോഗ്യ സംരക്ഷണത്തിന് എത്തുന്നവരെ അദ്ദേഹം അഭിനനിച്ചു. റിപ്പബ്ലിക് ദിനാചരണത്തിന്റ ഭാഗമായി പതാക ഉയർത്തൽ ബാപ്പുട്ടി താജും മധുര വിതരണം അബ്ദുൽ റഷീദ് കാപ്പുങ്ങലും നിർവഹിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്ക് ബോധവൽക്കരണ ക്ലാസ് ഡോ. ബിനുകുമാർ നടത്തി.
ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് മലബാറിൽ പ്രചാരണം നേടിയ മൾട്ടി എക്സസൈസ് കോമ്പിനേഷൻ (മെക്-സെവൻ) എന്ന വ്യായാമ കൂട്ടായ്മ ഖമീസ് മുശൈത്ത് ഏരിയയിലാണ് ആരംഭിച്ചത്. ഉദ്ഘാടന ചടങ്ങിൽ അസീറിലെ സാമൂഹിക, സാംസ്കാരിക സംഘടനാ നേതാക്കളും ബിസിനസ്, കായിക, മാധ്യമ രംഗത്തുള്ളവരും വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരുമായ നിരവധി ആളുകൾ പങ്കെടുത്തു. മെക്-സേവൻ പരിശീലനം അബ്ദുൽ റഷീദ് കാപ്പുങ്ങൽ, ബാപ്പുട്ടി താജ് എന്നിവരാണ് നൽകുന്നത്. മുജീബ് എള്ളുവിള, ഉസ്മാൻ കിളിയമണ്ണിൽ, മജീദ്, മുഹമ്മദ് അലി ചെന്ത്രാപ്പിന്നി, സത്താർ ഒലിപ്പുഴ എന്നിവർ നേതൃത്വം നൽകി.
യോഗ, എയ്റോബിക്സ്, ഫിസിയോ തെറപ്പി, ഡീപ് ബ്രീത്തിങ്, അക്യു പ്രഷർ, ഫേസ് മസാജ്, ലളിതമായ വ്യായാമം തുടങ്ങിയ ഏഴ് വ്യായാമങ്ങളുടെ ആനുപാതിക സങ്കലനമാണ് മെക് സെവൻ. 21 ഇനങ്ങളുള്ള മെക് സെവൻ പ്രോഗ്രാം ഏത് പ്രായത്തിലുള്ളവർക്കും അനായാസം ചെയ്യാനാകുന്ന വ്യായാമ മുറകളാണ്. ഓർമ വർധിപ്പിക്കാനും പേശീ ബലത്തിനും ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ ഉത്തേജിപ്പിക്കപ്പെടാനും മെക് സെവൻ സഹായിക്കുമെന്ന് പരിശീലകർ പറഞ്ഞു. അസീറിൽ സൗദി സ്പോട്സ് അതോറിറ്റിയുടെ എസ്.എഫ്.എ ആപ്പിൽ രജിസ്റ്റർ ചെയ്ത് അംഗീകാരത്തോടെയാണ് മെക് സെവൻ വ്യായാമ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
കൂട്ടായ്മയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ടൗണിലെ സൗജന്യ പരിശീലന കേന്ദ്രത്തിൽ ദിവസവും രാവിലെ 6.30 ന് നടക്കുന്ന വ്യായാമ പരിപാടിയിൽ പങ്കെടുക്കാമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. കൂടാതെ ഖമീസിൽ സ്ത്രീകൾക്ക് മാത്രമായുള്ള കൂട്ടായ്മയും ഉടൻ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.