ജിദ്ദ: രാജ്യത്തെ റസ്റ്റാറൻറുകളിലും കഫേകളിലും ടേബിളുകൾക്കിടയിലെ അകലം മൂന്നു മീറ്ററാക്കി. ആരോഗ്യ മുൻകരുതലായി പൊതുജനാരോഗ്യ അതോറിറ്റി (വിഖായ) നേരത്തേ നിശ്ചയിച്ച ഒരു ടേബിളിനു ചുറ്റും 10 ആളുകളിൽ കൂടരുതെന്ന നിബന്ധന ഒഴിവാക്കിയതായും മുനിസിപ്പൽ-ഗ്രാമകാര്യ-ഭവന മന്ത്രാലയം അറിയിച്ചു. അതിനു പകരമായാണ് ടേബിളുകൾക്കിടയിലെ അകലം മൂന്നു മീറ്റർ വീതമാക്കി നിബന്ധന പരിഷ്കരിച്ചത്. റസ്റ്റാറന്റുകളിലും കഫേകളിലും പ്രവേശനാനുമതി വാക്സിനേഷൻ പൂർത്തീകരിച്ച, തവക്കൽനാ ആപ്പിൽ 'ഇമ്യൂൺ സ്റ്റാറ്റസ്' ഉള്ളവർക്കു മാത്രമാണ്. എന്നാൽ, വാക്സിൻ എടുക്കുന്നതിൽനിന്ന് ഒഴിവാക്കപ്പെട്ട വിഭാഗങ്ങൾക്ക് ഈ നിബന്ധന ബാധകമല്ല. അകത്തിരുന്നു ഭക്ഷണം കഴിക്കാം. പ്രവേശിക്കുന്നതിനുമുമ്പ് ഉപഭോക്താക്കൾ ഓട്ടോമാറ്റഡ് ആരോഗ്യപരിശോധന സംവിധാനത്തിലെ സ്കാനിങ്ങിന് വിധേയമാകണം. ഇതിനായി കവാടങ്ങളിൽ പരിശോധന ഉദ്യോഗസ്ഥരുണ്ടായിരിക്കണം. ഓട്ടോമാറ്റഡ് ആരോഗ്യ പരിശോധന സംവിധാനമില്ലെങ്കിൽ തവക്കൽനാ ആപ്പിലെ ആരോഗ്യനില കാണിക്കാൻ ഉപഭോക്താവിനോട് ആവശ്യപ്പെടണം.
റസ്റ്റാറന്റുകളിലെ എല്ലാ ജീവനക്കാരും എല്ലായ്പ്പോഴും മൂക്കും വായും മാസ്ക് ഉപയോഗിച്ചു മൂടിയിരിക്കണം. ഭക്ഷണം വിളമ്പുന്നതിനായി നിശ്ചയിച്ച എല്ലാ സ്ഥലങ്ങളിലും ആളുകൾക്ക് കാണത്തക്കവിധം ഹാൻഡ് സാനിറ്റൈസറുകൾ ഒരുക്കിയിരിക്കണം. ഓർഡറുകൾ സ്വീകരിക്കുന്നിടത്തും കാത്തിരിപ്പ് സ്ഥലങ്ങളിലും വ്യക്തികൾ തമ്മിൽ ഒന്നര മീറ്റർ സാമൂഹിക അകലം പാലിക്കണം. ഒരേ കുടുംബത്തിലെ അംഗങ്ങളെ ഒരു വ്യക്തിയായാണ് കണക്കാക്കുക. അവർക്കിടയിൽ സാമൂഹിക അകലം ആവശ്യമില്ല. കാത്തിരിപ്പ് കേന്ദ്രങ്ങളിലോ പ്രവേശനകവാടത്തിലോ തിരക്ക് ഒഴിവാക്കാൻ ഇലക്ട്രോണിക് ആപ്ലിക്കേഷൻ വഴിയോ ഫോൺ വഴിയോ മുൻകൂട്ടി ബുക്ക് ചെയ്യുന്നതടക്കമുള്ള സംവിധാനമൊരുക്കണമെന്നും മുനിസിപ്പിൽ-ഗ്രാമകാര്യ-ഭവന മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.