ബഷീർ ഫത്തഹുദ്ദീൻ റിയാദ്
ഏറെ പ്രതീക്ഷകളോടെ കേരളത്തിൽ പുതിയ സർക്കാർ അധികാരമേറ്റപ്പോൾ ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾ കൂടുതൽ കരുതൽ പ്രതീക്ഷിച്ചിരുന്നു. എന്നാൽ പ്രവാസികാര്യ വകുപ്പ് വീണ്ടും മുഖ്യമന്ത്രിയുടെ കീഴിൽ തുടരാൻ തീരുമാനിച്ചതോടെ ആ പ്രതീക്ഷകളിൽ നിരാശ നിഴലിക്കുകയാണ്.
വിദേശ കുടിയേറ്റം കേരളത്തിെൻറ സാമൂഹിക-സാമ്പത്തിക ഘടനയെ ആഴത്തിൽ സ്വാധീനിച്ച പശ്ചാത്തലത്തിലാണ് പ്രവാസി ക്ഷേമത്തിനായി പ്രത്യേക സംവിധാനങ്ങൾ രൂപവത്കരിച്ചത്. 1990-കളുടെ അവസാനം മുതൽ നോർക്ക, നോർക്ക റൂട്ട്സ് തുടങ്ങിയ സംവിധാനങ്ങൾ നിലവിൽ വന്നു. ഇന്ത്യയിൽ പ്രവാസികൾക്കായി പ്രത്യേക വകുപ്പ് രൂപവത്കരിച്ച ആദ്യ സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
കേരളത്തിെൻറ സാമ്പത്തിക നിലനിൽപ്പിെൻറ നട്ടെല്ലായ പ്രവാസികളിൽനിന്നാണ് സംസ്ഥാനത്തിെൻറ വിദേശനാണ്യ വരുമാനത്തിെൻറ വലിയൊരു പങ്കും വരുന്നത്. ലക്ഷക്കണക്കിന് കുടുംബങ്ങൾ ഈ വരുമാനത്തെ ആശ്രയിച്ചാണ് കഴിയുന്നത്.
കോവിഡ് കാലത്തും മറ്റ് പ്രതിസന്ധികളിലും പ്രവാസികളുടെ പ്രാധാന്യം കേരളം അനുഭവിച്ചറിഞ്ഞതുമാണ്. ഇത്രയും സുപ്രധാനമായ വകുപ്പ് മുഖ്യമന്ത്രി കൈവശംവെക്കുന്നത് വലിയ പ്രാധാന്യമായി തോന്നാമെങ്കിലും, രാഷ്ട്രീയ ഏകോപനമടക്കം നിരവധി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് പ്രവാസി വിഷയങ്ങളിൽ ദിനേനയുള്ള ഇടപെടലുകൾ നടത്തുക പ്രായോഗികമായി ദുഷ്കരമാണ്.
തൊഴിൽ സുരക്ഷ, നിയമസഹായം, പുനരധിവാസം, വിദ്യാർഥി കുടിയേറ്റം, നിക്ഷേപ സൗകര്യങ്ങൾ തുടങ്ങിയ നിരവധി വിഷയങ്ങൾ കൈകാര്യം ചെയ്യാൻ സമർപ്പിതമായ ഒരു രാഷ്ട്രീയ നേതൃത്വമാണ് പ്രവാസികാര്യ വകുപ്പിന് ആവശ്യം. പ്രത്യേകിച്ച് ഗൾഫ് മേഖലയിലെ പുതിയ സാമ്പത്തിക-തൊഴിൽ നയംമാറ്റങ്ങളുടെ പശ്ചാത്തലത്തിൽ, കൂടുതൽ സജീവമായ ഇടപെടലുകൾ അനിവാര്യമാണ്.
ചരിത്രപരമായി പ്രാധാന്യമുള്ള ഈ വകുപ്പിന് ഒരു ‘ഫുൾ ടൈം’ മന്ത്രിയെ നിയമിക്കാതിരുന്നത് പ്രവാസികൾ ഇപ്പോഴും സർക്കാറിെൻറ മുൻഗണനാ പട്ടികയിൽ അർഹിക്കുന്ന സ്ഥാനത്ത് എത്തിയിട്ടില്ല എന്ന സന്ദേശമാണ് നൽകുന്നത്. ഭരണത്തിൽ അവർക്കായി ശക്തമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിലാണ് സർക്കാറിെൻറ യഥാർഥ പ്രതിബദ്ധത പ്രകടമാകേണ്ടത്. അതിനാൽ നോർക്ക അഫയേഴ്സ് വീണ്ടും മുഖ്യമന്ത്രിയുടെ അധിക ചുമതലയായി ഒതുങ്ങിയത് പുനഃപരിശോധിക്കപ്പെടേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.