ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസർവിനുള്ള യുനസ്കോ ‘മാൻ ആൻഡ് ദ ബയോസ്ഫിയർ’ പ്രോഗ്രാം പ്രവേശന അംഗീകാരം കൈമാറുന്നു
റിയാദ്: ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസർവ് യുനസ്‌കോ മാൻ ആൻഡ് ദ ബയോസ്ഫിയർ (എംഎബി) പ്രോഗ്രാമിലേക്കുള്ള ഔദ്യോഗിക പ്രവേശനം നേടിയതായി ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസർവ് ഡെവലപ്‌മെന്റ് അതോറിറ്റി വ്യക്തമാക്കി. ഈ അഭിമാനകരമായ അന്താരാഷ്ട്ര അംഗീകാരം ലഭിക്കുന്ന സൗദിയിലെ ആദ്യത്തെ സൗദി റോയൽ റിസർവാണിത്.
സൗദി വിഷൻ 2030 ലക്ഷ്യങ്ങൾക്ക് അനുസൃതമായി പ്രകൃതി പരിസ്ഥിതികളെ സംരക്ഷിക്കുന്നതിനും ജൈവവൈവിധ്യ സംരക്ഷണം, സുസ്ഥിര വികസനം എന്നീ മേഖലകളിൽ ആഗോള സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുമുള്ള സൗദിയുടെ അചഞ്ചലമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന ഒരു നാഴികക്കല്ലായാണ് ഈ നേട്ടത്തെ വിലയിരുത്തുന്നത്.
ഈ അന്താരാഷ്ട്ര അംഗീകാരം ഒരു പാരിസ്ഥിതിക നേട്ടം മാത്രമല്ല, സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും നേതൃത്വത്തിൽ രാജകീയ റിസർവുകൾ കൈകാര്യം ചെയ്യുന്നതിനും റിസർവുകളെ നൂതന സംരക്ഷണ രീതികളുമായി സംയോജിപ്പിക്കുന്നതിനും സുസ്ഥിര വികസനം എന്ന ആശയം ഏകീകരിക്കുന്നതിനും അസാധാരണമായ ഒരു ദേശീയ മാതൃക നൽകുന്നതിൽ ഭരണകൂടത്തിന്റെ ആഗോള സാക്ഷ്യമാണതെന്ന് ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസർവ് ഡെവലപ്‌മെന്റ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ അമീർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് പറഞ്ഞു.
പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക മാനങ്ങൾ ഒരുപോലെ കണക്കിലെടുക്കുന്ന വർഷങ്ങളുടെ സ്ഥാപനപരമായ പ്രവർത്തനത്തിന്റെയും സംയോജിത തന്ത്രപരമായ ആസൂത്രണത്തിന്റെയും ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശങ്ങളും പിന്തുണയുമാണ് സൗദിയിലെ സംരക്ഷിത മേഖലകൾ കൈവരിച്ച പുരോഗതിയിലും സമൃദ്ധിയിലും ഏറ്റവും വലിയ സ്വാധീനം ചെലുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.