ദമ്മാം: അശ്രദ്ധമായി ഇ-വാലറ്റുകൾ വഴി പണമിടപാടു നടത്തുന്നവർ നിയമക്കുരുക്കിൽപെടുന്നത് വീണ്ടും പതിവാകുന്നു. കഴിഞ്ഞ വർഷം പലരിൽനിന്നായി നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഈ വാലറ്റുകൾ വഴി പണം സ്വീകരിച്ച മലയാളിയെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. ഇതിനെക്കുറിച്ച് കൃത്യമായ ബോധ്യമില്ലാതെ പണമിടപാടുകൾ നടത്തിയ മലയാളികളല്ലാത്ത നിരവധി പേരും സമാനമായ കേസുകളിൽ കുടുങ്ങിയിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് ഇതുമായി ബന്ധപ്പെട്ട ബോധവത്കരണ വാർത്ത 'ഗൾഫ് മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ വ്രതമാസക്കാലത്ത് പലരിൽനിന്നായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം സ്വീകരിച്ച സാമൂഹിക പ്രവർത്തകനാണ് ഇപ്പോൾ കുടുങ്ങിയിരിക്കുന്നത്. ഒരാൾ ഇദ്ദേഹത്തിന് പണമയച്ചതിെൻറ വിശദീകരണത്തിൽ ചാരിറ്റി പ്രവർത്തനത്തിന് എന്ന് എഴുതിയതാണ് വിനയായത്.
ഇത്തരം ഫണ്ടുകൾ സ്വകാര്യ വ്യക്തികൾ സ്വീകരിക്കുന്നത് സൗദിയിൽ നിയമവിരുദ്ധമാണ്. ഇതിലെ അഴിമതികളും തട്ടിപ്പുകളും നടക്കാതിരിക്കാനാണ് ഇത്തരത്തിൽ പണം സ്വീകരിക്കാനുള്ള അനുമതി അംഗീകൃത ഏജൻസികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ ഇ-വാലറ്റുകൾ വന്നതോടെ ഇത്തരം പണമിടപാടുകളുടെ നിയമ സാധുത പോലുമറിയാതെ എളുപ്പം നോക്കി ആളുകൾ പണം സ്വീകരിക്കുന്നത് പതിവാണ്.
ഒരു അക്കൗണ്ടിൽനിന്ന് കണക്കിൽ കവിഞ്ഞ തുക അയച്ചാൽ മാത്രമേ കുറ്റക്കാരാകൂ എന്നാണ് ഇത്തരം ഇടപാടുകൾ നടത്തുന്നവരുടെ ധാരണ. എന്നാൽ, ഒരാളുടെ അക്കൗണ്ടിലേക്ക് രാജ്യത്തിനകത്തുതന്നെ വിവിധയിടങ്ങളിൽനിന്ന് ചെറുതാണങ്കിലും ഒരേ സമയം നിരവധി പേർ പണം കൈമാറുന്നതും കുറ്റകരമാണ്. അതുപോലെ തന്നെ നാട്ടിലുള്ള ഒരാളുടെ അക്കൗണ്ടിലേക്ക് രാജ്യത്തിനകത്തുനിന്ന് പലർ പണമയക്കുന്നതും, ഒരാൾതന്നെ പല അക്കൗണ്ടുകളിലേക്ക് പണമയക്കുന്നതും നിരീക്ഷിക്കപ്പെടുന്നുണ്ട്.
എല്ലാ ഇടപാടുകളും ഇഖാമയുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ സൗദി മോണിറ്ററിങ് ഏജൻസിക്ക് ഇത് കണ്ടുപിടിക്കുന്നതിന് ഒരു തടസ്സവുമില്ല. എന്നാൽ, മാസങ്ങളായി നാട്ടിലേക്ക് പണമയക്കാതെ സ്വരൂപിച്ച ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഒരാൾക്ക് ഒറ്റത്തവണയായി നാട്ടിലേക്ക് അയക്കുന്നതിന് പ്രയാസമില്ല.
എന്നാൽ, ഇത്തരം സമയങ്ങളിൽ ശമ്പളം സ്വീകരിച്ചതിെൻറ ബാങ്ക് രേഖയോ, കമ്പനിയുടെ സമ്മതപത്രമോ നൽകണം. പണമയക്കുേമ്പാൾ ബാങ്ക് ഈ രേഖകൾകൂടി ഉൾപ്പെടുത്തുന്നതോടെ ഇത്തരം ആളുകൾ സംശയിക്കപ്പെടുന്നതിൽനിന്ന് ഒഴിവാകും. മലയാളികൾക്കിടയിൽ സർവ സാധാരണമായ കുറികൾക്കുള്ള പണവും ഈ വാലറ്റുകൾ വഴി എല്ലാ മാസവും കൈമാറുന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.
അനധികൃത പണമിടപാടുകൾ നിരീക്ഷിക്കാൻ സൗദി അതി വിപുലമായ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പണമിടപാടുകളുമായി ബന്ധപ്പെട്ട എല്ലാ നടപടികളും രാജ്യത്തെ നിയമ വിധേയമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം കേസുകളിൽ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ നമ്മൾ നടത്തിയ എല്ലാ പണമിടപാടുകളുടേയും രേഖകൾ നൽകാൻ സാധിക്കണം.ഒപ്പം ജോലി ചെയ്യുന്ന കമ്പനി പ്രതിനിധികളുടെ സാന്നിധ്യത്തിൽ ആകുന്നത് സുതാര്യത േബാധ്യപ്പെടുത്താൻ ഉപകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.