ഹജ്ജ് സേവനത്തിനായി ഐ.സി.എഫ് - ആര്‍.എസ്.സി 5,000 വളണ്ടിയര്‍മാരെ സജ്ജമാക്കും

ജിദ്ദ: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകർക്ക് സേവനം ചെയ്യാന്‍ 5,000 വളണ്ടിയര്‍മാരെ ഐ.സി.എഫും, ആര്‍.എസ്.സിയും രംഗത്തിറക്കുമെന്ന് ഭാരവാഹികൾ ജിദ്ദയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 14 വര്‍ഷത്തെ നിസ്വാര്‍ഥ സേവന പാരമ്പര്യം മുന്‍നിര്‍ത്തിയാണ് ഈ വര്‍ഷം കൂടുതല്‍ വളണ്ടിയര്‍മാരെ രംഗത്തിറക്കുന്നത്. കേരളത്തില്‍ നിന്നുള്ള ഹാജിമാര്‍ക്ക് പുറമെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും, മറ്റു രാഷ്ട്രങ്ങളില്‍ നിന്നുമെത്തുന്ന ഹാജിമാര്‍ക്കും സേവനം ലഭ്യമാക്കും. ഇത്തരത്തിലുള്ള ഹാജിമാര്‍ക്ക് വേണ്ടി ഭാഷാ പരിജ്ഞാനവും സേവനപരിചയവുമുള്ള വളണ്ടിയേഴ്‌സിന് പ്രത്യേകം പരിശീലനം നല്‍കിയിട്ടുണ്ട്.

ആദ്യ ഹജ്ജ് സംഘം എത്തിയത് മുതല്‍ ജിദ്ദ, മദീന വിമാനത്താവളങ്ങളിലും ഹാജിമാരുടെ താമസ സ്ഥലങ്ങളിലും നിലവില്‍ വളണ്ടിയര്‍മാര്‍ സേവനങ്ങള്‍ ചെയ്തുവരുന്നുണ്ട്. ദുല്‍ഹജ്ജ് ഒമ്പതു മുതല്‍ അറഫ, മിന, മുസ്ദലിഫ, അസീസിയ, ബസ് സ്റ്റേഷനുകള്‍, മെട്രോ റെയില്‍ സ്റ്റേഷനുകള്‍, മസ്ജിദുൽ ഹറാം, അജിയാദ്, അസീസിയ പരിസരങ്ങളിലും സദാസമയവും സേവനം ലഭ്യമാക്കുന്നതിന് വിവിധ ഷിഫ്റ്റുകളിലായി വളണ്ടിയേഴ്സിനെ രംഗത്തിറക്കും.

ഐ.സി.എഫ്, ആര്‍.എസ്.സി വളർണ്ടിയര്‍മാരുടെ സേവന മികവിനെ രാജ്യത്തിന്റെ നിയമപാലകരും സൗദി മെഡിക്കല്‍ ടീമും ഇന്ത്യന്‍ കോണ്‍സുലേറ്റും പ്രശംസിച്ചിട്ടുണ്ട്. രാജ്യത്തിന്റെ 31 സെന്‍ട്രലുകളില്‍ നിന്നുമുള്ള 5,000 വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനങ്ങളെ ഏകോപ്പിക്കുന്നതിനും കൃത്യതയോടെയും വേഗതയോടെയും ഹാജിമാര്‍ക്ക് സേവനം ലഭ്യമാക്കുന്നതിനും സയ്യിദ് ഹബീബ് അല്‍ ബുഖാരിയുടെ രക്ഷാകര്‍തൃത്തില്‍ നാഷനല്‍ ഡ്രൈവ് നിലവില്‍ വന്നിട്ടുണ്ട്. സിറാജ് കുറ്റിയാടി, സാദിഖ് ചാലിയാര്‍, ബഷീര്‍ ഉള്ളണം, മന്‍സൂര്‍ ചുണ്ടമ്പറ്റ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ഇലക്ട്രോണിക് വീല്‍ ചെയറുകള്‍, മറ്റു സേവന സാമഗ്രികള്‍, മുഴു സമയ ഹെല്‍പ്പ്‌ഡെസ്‌ക്, മെഡിക്കല്‍ വിങ്, സ്‌കൊളെഴ്സ് ഡസ്‌ക് എന്നിവയും സേവനസ്ഥലത്ത് ഹാജിമാര്‍ക്ക് വേണ്ടി ലഭ്യമാക്കും. ഹാജിമാരുടെ കുടുംബങ്ങള്‍ക്ക് വളണ്ടിയേഴ്‌സുമായി ബന്ധപ്പെടാനുള്ള സംവിധാനങ്ങള്‍, മക്ക ഹറം പരിസരങ്ങള്‍, അസീസിയ ഏരിയകള്‍ ഉള്‍പ്പടെ, ബില്‍ഡിങ് ലൊക്കേഷന്‍ മാപ് ഉപയോഗിച്ച് വഴി തെറ്റിയ ഹാജിമാരെ ലക്ഷ്യസ്ഥലത്തെത്തിക്കാനുള്ള സംവിധാനങ്ങള്‍ എന്നിവയും ഈ വര്‍ഷം ഒരുക്കിയിട്ടുണ്ട്.

ഹാജിമാര്‍ക്കുള്ള വെല്‍ക്കം കിറ്റ്, കുടകള്‍, ചെരിപ്പുകള്‍, അത്യാവശ്യസാധനങ്ങള്‍ എല്ലാം വളണ്ടിയര്‍ കോര്‍ ഹാജിമാര്‍ക്ക് നല്‍കുന്നുണ്ട്. ഇതിനായി നാഷനല്‍ ഡ്രൈവ് ടീമിന്റെ മേല്‍നോട്ടത്തില്‍ 15 ഉപസമിതികളും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വളണ്ടിയേഴ്സിന്റെ രജിസ്ട്രേഷന്‍ ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സയ്യിദ് ഹബീബ് അല്‍ ബുഖാരി (ഐ.സി.എഫ് നാഷണല്‍ പ്രസിഡന്റ്), സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ (ജിദ്ദ സെന്‍ട്രല്‍ സെക്രട്ടറി), മുജീബ് എ.ആര്‍ നഗര്‍ (ഇന്റര്‍ നാഷണല്‍ സെക്രട്ടറി), നൗഫല്‍ എറണാകുളം (ഗ്ലോബല്‍ ജി.ഡി സെക്രട്ടറി), സാദിഖ് ചാലിയാര്‍ (ഗ്ലോബല്‍ മീഡിയ സെക്രട്ടറി),

സിറാജ് കുറ്റ്യാടി (നാഷണല്‍ വൈല്‍ഫയര്‍ സെക്രട്ടറി), ബഷീര്‍ ഉള്ളണം (നാഷണല്‍ ഓര്‍ഗനൈസെഷന്‍ സെക്രട്ടറി), മന്‍സൂര്‍ ചുണ്ടമ്പറ്റ (ജനറല്‍ സെക്രട്ടറി, ആര്‍.എസ്.സി സൗദി നാഷണല്‍ വെസ്റ്റ്) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.