ഐ.സി.എഫ് ‘രിഫാഈ കെയർ’ പദ്ധതിയെക്കുറിച്ച് നേതാക്കൾ ജിദ്ദയിലെ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
ജിദ്ദ: ഓട്ടിസം, സെറിബ്രൽ പാൾസി ഉൾപ്പെടെയുള്ള വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസമേകാൻ ഐ.സി.എഫ് ‘രിഫാഈ കെയർ’ എന്ന പേരിൽ വിപുലമായ പദ്ധതി നടപ്പാക്കുന്നു. കേരളത്തിൽ ജന്മനാ അവശതകൾ അനുഭവിക്കുന്ന നിരവധി കുട്ടികൾക്ക് മതിയായ പരിചരണവും സഹായങ്ങളും ലഭ്യമല്ലാത്ത സാഹചര്യം പരിഗണിച്ചാണ് ഐ.സി.എഫ് ഈ കാരുണ്യ ദൗത്യത്തിന് രൂപം നൽകിയിരിക്കുന്നത്. സാമ്പത്തികമായും ശാരീരികമായും പ്രയാസങ്ങൾ നേരിടുന്ന ആയിരം കുടുംബങ്ങളെ ലക്ഷ്യമിട്ട് മൂന്ന് കോടി രൂപയുടെ പദ്ധതിയാണ് നിലവിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.
കേരളത്തിൽ നിന്നുള്ള പ്രവാസി കുടുംബങ്ങളിലെ കുട്ടികൾക്ക് മുൻഗണന നൽകുന്ന ഈ പദ്ധതിയിലൂടെ, തെരഞ്ഞെടുക്കപ്പെടുന്ന ഓരോ കുടുംബത്തിനും പ്രതിമാസം 2,500 രൂപ വീതം വർഷത്തിൽ 30,000 രൂപയുടെ ധനസഹായം ലഭ്യമാക്കും. കൂടാതെ, പ്രവാസികളുടെ കുടുംബക്ഷേമവും സാമൂഹിക സുരക്ഷയും ലക്ഷ്യമിട്ട് ‘ഐ.സി.എഫ് കെയർ’ എന്ന പേരിൽ മറ്റൊരു പദ്ധതിയും സംഘടന നടത്തിവരുന്നുണ്ട്.
മാരക രോഗങ്ങൾ മൂലമോ അകാല മരണം മൂലമോ പ്രതിസന്ധിയിലാകുന്ന പ്രവാസി കുടുംബങ്ങൾക്ക് ഈ പദ്ധതി വലിയ ആശ്വാസമാണ്. രോഗബാധിതർക്ക് ചികിത്സ സഹായമായി മൂന്ന് ലക്ഷം രൂപ വരെയും, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെയും ഈ സ്കീമിലൂടെ നൽകുന്നു.
സഹജീവികൾക്ക് താങ്ങാവുക എന്ന ലക്ഷ്യത്തോടെ ഐ.സി.എഫ് നടപ്പാക്കുന്ന ഈ പ്രവർത്തനങ്ങൾ ദുരിതമനുഭവിക്കുന്ന നിരവധി കുടുംബങ്ങൾക്കാണ് പ്രതീക്ഷ നൽകുന്നത്. പദ്ധതികളെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ഐ.സി.എഫ് നാഷനൽ ജനറൽ സെക്രട്ടറി സിറാജ് കുറ്റ്യാടി, നാഷനൽ ഫിനാൻസ് സെക്രട്ടറി ബഷീർ എറണാകുളം, നാഷനൽ ഡെപ്യൂട്ടി പ്രസിഡൻറ് മുജീബ് എ.ആർ നഗർ, നാഷനൽ വെൽഫെയർ സെക്രട്ടറി ലുഖ്മാൻ പാഴൂർ, പി.ആർ ആൻഡ് മീഡിയ സെക്രട്ടറി എം.കെ. അഷ്‌റഫലി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.