റിയാദ് ചില്ല സർഗവേദി സംഘടിപ്പിച്ച കുമാരനാശാൻ സ്മരണയായ ‘ജലയാത്രയുടെ നൂറുവർഷങ്ങൾ’ പരിപാടിയിൽ ഷിംന സീനത്ത്, സീബ കൂവോട്, ബീന, സബീന എം. സാലി എന്നിവർ സംസാരിക്കുന്നു
റിയാദ്: കുമാരനാശാൻ വിടപറഞ്ഞിട്ട് ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ ‘ജലയാത്രയുടെ നൂറുവർഷങ്ങൾ’ എന്ന ശീർഷകത്തിൽ റിയാദ് ചില്ല സർഗവേദി അദ്ദേഹത്തിന്റെ കവിതകളെ ആധാരമാക്കി വിപുലമായ സംവാദം സംഘടിപ്പിച്ചു. ബത്ഹയിലെ ലുഹ ഹാളിൽ നടന്ന വായനാവതരണങ്ങൾക്ക് എഴുത്തുകാരി ഷിംന സീനത്ത് തുടക്കം കുറിച്ചു.
‘ആശാൻ കവിതയിലെ പെൺഭാവങ്ങൾ’ എന്ന വിഷയത്തിൽ കാലത്തിനപ്പുറം സഞ്ചരിച്ച ആശാെൻറ ഗുണവതികളായ, ദൃഢതയുള്ള സ്ത്രീ കഥാപാത്രങ്ങളുടെ പ്രണയശക്തിയെ ഷിംന വിശകലനം ചെയ്തു. പ്രധാനമായി ലീല, നളിനി, സീത എന്നീ സ്ത്രീകഥാപാത്രങ്ങളെ അവതരിച്ചുകൊണ്ടാണ് ഷിംന സംസാരിച്ചത്.
സീബ കൂവോട് ‘ആശാൻ കവിതയിലെ ബുദ്ധഗുരുദർശനങ്ങൾ’ എന്ന പ്രബന്ധാവതരണമാണ് നടത്തിയത്. ചണ്ഡാലഭിക്ഷുകി, കരുണ എന്നീ കൃതികളെ അടിസ്ഥാനമാക്കി സീബ നടത്തിയ പഠനം ആശാൻ നടത്തിയ നവോത്ഥാന പ്രവർത്തനങ്ങളുടെ കൂടി വിശകലനമായി. നാരായണഗുരുവിന്റെ പ്രഥമ ശിഷ്യരിലൊരാളായ കുമാരനാശാന്റെ ചിന്തകളെ സ്വാധീനിച്ച ഗുരുചിന്തകളും ബുദ്ധദർശനങ്ങളും എങ്ങനെ ആശാന്റെ കവിതകളിൽ ദീപ്തമായി നിൽക്കുന്നുവെന്ന് സീബ വിശദീകരിച്ചു.
‘ആശാൻ കവിതയിലെ ജാതിവ്യവസ്ഥ’ എന്ന വിഷയത്തെ അധികരിച്ചുകൊണ്ട് പ്രബന്ധാവതരണം നടത്തിയ ബീന ‘ദുരവസ്ഥ’യിലൂടെ ആശാൻ നടത്തിയ അപകടകരമായ വിഭാഗീയ അധിക്ഷേപങ്ങളെ വിമർശനവിധേയമാക്കി. ഒപ്പം തന്നെ കുമാരനാശാെൻറ അപകടമരണവുമായി ബന്ധപ്പെട്ട് ഉയർത്തിക്കൊണ്ടുവന്ന ആരോപണങ്ങളെ നിരാകരിക്കും വിധം ഡോ. എം.എ. സിദ്ധീഖ് രചിച്ച ‘കുമാരു’ എന്ന നോവലിന്റെ പ്രസക്തിയും വിശദീകരിച്ചു.
‘ആശാെൻറ കാവ്യഭാവനകൾ’ എന്ന വിഷയത്തെ ആസ്പദമാക്കി സബീന എം. സാലി അവതരണം നടത്തി. ‘വീണപൂവ്’ എന്ന കൃതിമാത്രം മതി കുമാരനാശാനെ ലോകോത്തരകവികളുടെ ഗണത്തിൽപെടുത്താനെന്ന് സബീന അഭിപ്രായപ്പെട്ടു.
കാവ്യാനുഭവങ്ങളുടെ പൂർത്തീകരണത്തിന് ആശാൻ കഥാപാത്രങ്ങളുടെ വിശദമായ ആകാര-ആഹാര്യഭംഗി വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ടെന്ന് സബീന കൂട്ടിച്ചേർത്തു. വിപിൻകുമാറിന്റെ ആമുഖ പ്രഭാഷണത്തോടെയാണ് പ്രബന്ധാവതരണങ്ങൾ തുടങ്ങിയത്.
കുമാരനാശാനെ പോലെയൊരു കവിയെ ഓർക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നത് മഹത്തായ സാംസ്കാരിക പ്രവർത്തനമാണെന്ന് അദ്ദേഹം പറഞ്ഞു. സൗരവ് ‘വീണപൂവ്’ എന്ന കവിത ആലപിച്ചു. തുടർന്നു നടന്ന സംവാദത്തിന് എം. ഫൈസൽ തുടക്കം കുറിച്ചു. കവിതയിൽ മഹാമേരുവായി നിൽക്കുമ്പോഴും മലബാർ കലാപം പോലെയുള്ള ചരിത്രസംഭവത്തെ പൂർണമായി മനസ്സിലാക്കാൻ ആശാന് കഴിയാതെ പോയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
റസൂൽ സലാം, പ്രഭാകരൻ കണ്ടോന്താർ, പ്രദീപ് ആറ്റിങ്ങൽ, കമർ ബാനു, ജോണി പനംകുളം, കെ.പി.എം. സാദിഖ് തുടങ്ങിയവർ സംവാദത്തിൽ ഇടപെട്ടു സംസാരിച്ചു. ചർച്ചകൾ ഉപസംഹരിച്ചു കൊണ്ട് ജോമോൻ സ്റ്റീഫൻ സംസാരിച്ചു. പ്രബന്ധാവതരണങ്ങളിൽ തെളിഞ്ഞ സൂക്ഷ്മതയും ഗവേഷണമൂല്യവും ഉദാഹരണസഹിതം അദ്ദേഹം ചൂണ്ടിക്കാട്ടി. ചില്ല കോഓഡിനേറ്റർ സുരേഷ് ലാൽ അവതരണങ്ങളും സംവാദവും മോഡറേറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.