റിയാദ്: വ്യവസായ മേഖലക്ക് ആശ്വാസമായി വൻകിട വ്യവസായ സ്ഥാപനങ്ങളിലും ഫാക്ടറികളിലും ജോലി ചെയ്യുന്ന വിദേശി തൊഴിലാളികൾക്കുള്ള പ്രതിമാസ ലെവി പൂർണമായും നിർത്തലാക്കാൻ സൗദി മന്ത്രിസഭയുടെ തീരുമാനം. തൊഴിലാളികളുടെ മേൽ പ്രതിമാസം 800 റിയാൽ എന്ന നിലയിൽ ഈടാക്കുന്ന സർക്കാർ ഫീസ് ഒഴിവാക്കുന്ന സുപ്രധാന തീരുമാനമാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം കൈക്കൊണ്ടത്. നേരത്തെ താൽക്കാലികാടിസ്ഥാനത്തിൽ ലെവിയിൽ ഇളവ് അനുവദിച്ചിരുന്നു. ഇപ്പോൾ ലെവി പൂർണമായും ഒഴിവാക്കുകയാണ്.
ഇക്കണോമിക് ആൻഡ് ഡെവലപ്‌മെൻറ് അഫയേഴ്‌സ് കൗൺസിൽ സമർപ്പിച്ച ശിപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. രാജ്യത്തെ വ്യവസായ മേഖലയുടെ വളർച്ച ലക്ഷ്യമിട്ടും നിക്ഷേപകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിെൻറയും ഭാഗമായാണ് നടപടി. ഇത് സൗദിയിലെ ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങൾക്ക് വലിയ ആശ്വാസമാകും.
സൗദിയുടെ വ്യാവസായിക മേഖലക്ക് രാജ്യം നൽകിവരുന്ന സമാനതകളില്ലാത്ത പിന്തുണയുടെയും ശാക്തീകരണത്തിെൻറയും തുടർച്ചയായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ ഫാക്ടറികളെ ശാക്തീകരിക്കുക, അവയുടെ നിലനിൽപ്പ് ഉറപ്പാക്കുക, ആഗോളതലത്തിൽ അവയുടെ മത്സരക്ഷമത വർധിപ്പിക്കുക എന്നതിലുപരി ‘വിഷൻ 2030’-െൻറ ഭാഗമായി എണ്ണയിതര വരുമാനം വർധിപ്പിക്കാനും വ്യവസായവൽക്കരണം വേഗത്തിലാക്കാനുമുള്ള സൗദി സർക്കാരിെൻറ നീക്കങ്ങൾക്ക് ഈ തീരുമാനം വലിയ ഉണർവ് നൽകും.
ഫാക്ടറികൾക്ക് മേലുള്ള സാമ്പത്തിക ഭാരം കുറയ്ക്കുന്നതിലൂടെ, സൗദിയിൽ നിർമിക്കുന്ന ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ കുറഞ്ഞ വിലക്ക് മത്സരിക്കാൻ സാധിക്കും. ഇത് കയറ്റുമതി വർധിപ്പിക്കുന്നതിന് സഹായിക്കും. നിലവിലുള്ള ദേശീയ ഫാക്ടറികളുടെ പ്രവർത്തനം കൂടുതൽ സുഗമമാക്കാനും സാമ്പത്തിക പ്രതിസന്ധികളില്ലാതെ അവയ്ക്ക് മുന്നോട്ട് പോകാനും ഈ തീരുമാനം കരുത്തുപകരും. വ്യവസായ മേഖലയിലെ വിദേശ തൊഴിലാളികളുടെ ലെവി ഒഴിവാക്കുന്നതോടെ കൂടുതൽ പുതിയ നിക്ഷേപങ്ങൾ ഈ രംഗത്തേക്ക് കടന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.