ആക്രമണം: സൗദിയിൽ എണ്ണ ഉൽപാദനത്തിൽ വൻ ഇടിവ്; കയറ്റുമതിയെ ബാധിച്ചേക്കും
റിയാദ്: സൗദി അറേബ്യയിലെ തന്ത്രപ്രധാനമായ ഊർജ കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ശക്തമായ ആക്രമണങ്ങളെത്തുടർന്ന് രാജ്യത്തെ എണ്ണ-വാതക ഉൽപാദന പ്രവർത്തനങ്ങൾ ഭാഗികമായി തടസ്സപ്പെട്ടതായി ഊർജ്ജ മന്ത്രാലയം അറിയിച്ചു. റിയാദ്, കിഴക്കൻ പ്രവിശ്യ, യാംബു ഇൻഡസ്ട്രിയൽ സിറ്റി എന്നിവിടങ്ങളിലെ ഉദ്പാദന കേന്ദ്രങ്ങൾ, എണ്ണ ശുദ്ധീകരണശാലകൾ, പെട്രോകെമിക്കൽ മേഖലകൾ, വൈദ്യുതി നിലയങ്ങൾ എന്നിവയാണ് ആക്രമണത്തിന് ഇരയായത്.
ഊർജ കമ്പനിയിലെ വ്യാവസായിക സുരക്ഷാ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഒരു സൗദി പൗരൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി മന്ത്രാലയം സ്ഥിരീകരിച്ചു. മരിച്ച വ്യക്തിയുടെ കുടുംബത്തെ മന്ത്രാലയം അനുശോചനം അറിയിച്ചു. കൂടാതെ, വിവിധ കേന്ദ്രങ്ങളിലായി ഏഴ് ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ പലയിടങ്ങളിലും പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു.
ആക്രമണത്തെത്തുടർന്ന് രാജ്യത്തെ എണ്ണ ഉൽപ്പാദനത്തിൽ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രധാന വിതരണ പാതയായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈനിലെ പമ്പിങ് സ്റ്റേഷനുനേരെയുണ്ടായ ആക്രമണം മൂലം പ്രതിദിനം ഏഴ് ലക്ഷം ബാരലുകളുടെ കുറവുണ്ടായി. മനീഫ ഉൽപാദന കേന്ദ്രത്തിൽ പ്രതിദിനം മൂന്ന് ലക്ഷം ബാരലുകളുടെ കുറവ് രേഖപ്പെടുത്തി.
നേരത്തെയും ആക്രമണങ്ങൾ നേരിട്ടിട്ടുള്ള ഖുറൈസ് കേന്ദ്രത്തിലും മൂന്ന് ലക്ഷം ബാരലുകളുടെ ഉൽപ്പാദന തടസ്സം നേരിട്ടു. ഇതോടെ രാജ്യത്തിെൻറ മൊത്തം എണ്ണ ഉൽപാദന ശേഷിയിൽ പ്രതിദിനം ഏകദേശം ആറ് ലക്ഷം ബാരലുകളുടെ കുറവാണ് നിലവിൽ കണക്കാക്കുന്നത്.
കയറ്റുമതിയെ ബാധിച്ചേക്കും
ജുബൈലിലെ സറ്റോർപ്, റാസ് തനൂറ, യാംബുവിലെ സാംറെഫ്, റിയാദ് റിഫൈനറി തുടങ്ങിയ പ്രമുഖ ശുദ്ധീകരണ ശാലകളെ ആക്രമണം നേരിട്ട് ബാധിച്ചിട്ടുണ്ട്. ഇത് അന്താരാഷ്ട്ര വിപണിയിലേക്കുള്ള എണ്ണ ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ കുറവുണ്ടാക്കാൻ സാധ്യതയുണ്ട്. കൂടാതെ, ജുവൈമയിലെ പ്രോസസിങ് കേന്ദ്രങ്ങളിൽ അഗ്നിബാധ ഉണ്ടായതിനെത്തുടർന്ന് ദ്രവീകൃത പെട്രോളിയം വാതകം (എൽ.പി.ജി), പ്രകൃതി വാതകം എന്നിവയുടെ വിതരണവും തടസ്സപ്പെട്ടു.
സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഊർജ്ജ കേന്ദ്രങ്ങളുടെ സുരക്ഷ ശക്തമാക്കിയതായും മന്ത്രാലയ വക്താവ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.