ചെങ്കടലിൽ സൗദി കപ്പലിന് നേരെ ഹൂതി ആക്രമണം; കപ്പൽ സുരക്ഷിതം, തിരിച്ചടിച്ച് സഖ്യസേന

ജിദ്ദ: ചെങ്കടലിൽ യാത്ര ചെയ്യുകയായിരുന്ന സൗദി കമ്പനിയുടെ ഉടമസ്ഥതയിലുള്ള 'എൻ.സി.സി മാസ' എന്ന വാണിജ്യ കപ്പലിന് നേരെ ഹൂത്തി മിലിഷ്യ ആക്രമണം നടത്തിയതായി അധികൃതർ സ്ഥിരീകരിച്ചു. ജനറൽ അതോറിറ്റി ഫോർ ട്രാൻസ്പോർട്ട് നൽകിയ വിവരമനുസരിച്ച്, ആക്രമണത്തിൽ കപ്പലിന്റെ പുറംഭാഗത്തിന് നിസ്സാര കേടുപാടുകൾ സംഭവിച്ചെങ്കിലും ജീവനക്കാരെല്ലാം പൂർണ്ണമായും സുരക്ഷിതരാണ്.

കപ്പലിന്റെ സുരക്ഷയും പ്രവർത്തനക്ഷമതയും ഉറപ്പുവരുത്തിയ ശേഷം അത് ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടർന്നു. അന്താരാഷ്ട്ര നിയമങ്ങളും സമുദ്ര സുരക്ഷാ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തിക്കൊണ്ട് വാണിജ്യ കപ്പലുകൾക്ക് നേരെ നടക്കുന്ന ഇത്തരം നീക്കങ്ങൾ കടുത്ത സമുദ്ര ഭീകരവാദമാണെന്ന് ജനറൽ അതോറിറ്റി ഫോർ ട്രാൻസ്പോർട്ടും സഖ്യസേനയും അപലപിച്ചു.

സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽമാലിക്കി

 

അതിനിടെ, ഹൂതികളുടെ ഭീരുത്വം നിറഞ്ഞ ഈ ആക്രമണത്തിന് ഹുദൈദയിലെ ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് സഖ്യസേന ശക്തവും കൃത്യവുമായ തിരിച്ചടി നൽകിയതായി ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽമാലിക്കി അറിയിച്ചു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിച്ചുകൊണ്ട്, ചെങ്കടലിലെ കപ്പലുകൾക്ക് ഭീഷണിയുയർത്തിയ കൃത്യമായ സൈനിക കേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും ആക്രമണ ദൗത്യം വിജയകരമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഹുദൈദ തുറമുഖം സഖ്യസേന ആക്രമിച്ചു എന്ന പ്രചാരണം അദ്ദേഹം തള്ളി. ഹുദൈദ, റഅസ് ഈസ, സലീഫ് ഉൾപ്പെടെയുള്ള എല്ലാ യെമനി തുറമുഖങ്ങളും വാണിജ്യ, അവശ്യവസ്തുക്കളുടെ ഗതാഗതത്തിനായി തുറന്നു പ്രവർത്തിക്കുന്നുണ്ട്. സൻആ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ നടത്താൻ വിസമ്മതിക്കുകയും ജനങ്ങളെ ഉപരോധത്തിലാക്കുകയും ചെയ്യുന്നതിലൂടെ ഹൂതികൾ യെമനി ജനതയുടെ ദുരിതം വർധിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യെമൻ ജനതക്കൊപ്പം സൗദി അറേബ്യ എന്നെന്നും ഉറച്ചുനിൽക്കുമെന്നും, സൗദിയുടെ താൽപ്പര്യങ്ങളും കപ്പലുകളുടെ സുരക്ഷയും ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ തുടരുമെന്നും, ഹൂതികളുടെ ശത്രുതാപരമായ നീക്കങ്ങൾക്ക് യാതൊരു ദാക്ഷിണ്യവുമില്ലാതെ ശക്തമായ മറുപടി നൽകുമെന്നും വക്താവ് മേജർ ജനറൽ തുർക്കി അൽമാലിക്കി മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Houthi attack on Saudi ship in the Red Sea; vessel safe, coalition forces retaliate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.