റിയാദ്: വനിതകൾക്ക് വാഹനമോടിക്കാനുള്ള നിരോധം നീങ്ങിയതോടെ സൗദിയിലെ ഹൗസ് ഡ്രൈവർ തൊഴിൽ മേഖലയിൽ വലിയ മാറ്റത്തിന് സാധ്യത. പത്ത് ലക്ഷത്തോളം വിദേശികൾ ജോലി ചെയ്യുന്ന മേഖലയിൽ വലിയ ഇടിവ് പ്രതീക്ഷിക്കുന്നുണ്ട്. തുടക്കത്തിൽ ഹൗസ് ഡ്രൈവർമാരുടെ പണി ഒറ്റയടിക്ക് ഇല്ലാതാവില്ലെങ്കിലും ക്രമേണ കുടുംബങ്ങളുടെ ചെലവ് ചുരുക്കലിെൻറ ഭാഗമായി ഡ്രൈവർമാരെ വെട്ടിക്കുറക്കുമെന്നാണ് സൂചന. മാത്രമല്ല വിദേശ വനിതകൾക്കും ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്ന സാഹചര്യത്തിൽ ഗാർഹികജോലിക്കാരായ വനിതകൾക്ക് ഡ്രൈവിങ്ജോലി കൂടി ആവാമെന്ന അവസ്ഥ വരും. മുൻകാലങ്ങളെ അപേക്ഷിച്ച് കുടുംബ ബജറ്റ് കുറക്കുക എന്ന പ്രവണത രാജ്യത്ത് ദൃശ്യമാണ്. ഹൗസ് ഡ്രൈവർമാർക്കും വീട്ടുജോലിക്കാർക്കുമായി രാജ്യത്ത് 33 ദശലക്ഷം റിയാൽ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്.
ജീവിതച്ചെലവ് വെട്ടിക്കുറക്കാനായാൽ ഇത് ആളോഹരി വരുമാനത്തെ ഗുണപരമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. സർക്കാറിനും ബീമമായ മെച്ചം ലഭിക്കും. സർക്കാർ ഗാർഹിക തൊഴിലാളികൾക്ക് സൗജന്യ ചികിൽസ ഉൾപെടെ പല ആനുകൂല്യങ്ങളും നൽകുന്നുണ്ട്. രാജ്യത്ത് നടപ്പിലാക്കിയ ലെവി നിയമം ഗാർഹികതൊഴിലാളികൾക്ക് ബാധകമല്ല. വനിതകളെ ജോലി സ്ഥലത്ത് എത്തിക്കാനും കുട്ടികളെ സ്കൂളിലെത്തിക്കാനുമാണ് ഭൂരിഭാഗം പേരും ഹൗസ് ഡ്രൈവർമാരെ വെക്കുന്നത്. വനിതകളുടെ ബുദ്ധിമുട്ട് മാത്രം പരിഗണിച്ചാണ് ഭൂരിഭാഗം പുരുഷൻമാരും ഡ്രൈവര്‍മാരെ നിയോഗിച്ചത്. ഇൗ ജോലികളെല്ലാം വീട്ടിലെ സ്ത്രീകൾക്കോ, ജോലിക്കാരിക്കോ ചെയ്യാവുന്ന അവസ്ഥ വരും. പുതിയ തലമുറയിലെ പെൺകുട്ടികൾ വിദ്യാഭ്യാസവും കാര്യപ്രാപ്തിയും കൂടുതലുള്ളവരാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇൗ സാഹചര്യത്തിൽ ഒരു ഡ്രൈവറെ ആശ്രയിക്കാതെ തന്നെ മുന്നോട്ട് പോവുന്ന പ്രവണത വരും. ഇതെല്ലാം വലിയൊരു തൊഴിൽമേഖലക്ക് ഫലത്തിൽ തിരിച്ചടിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്്.
മലയാളികൾ ഉൾപെടെ വലിയൊരു പ്രവാസി സമൂഹത്തെയാണിത് ബാധിക്കുക. കേരളത്തിൽ നിന്ന് ലക്ഷക്കണക്കിന് ആളുകൾ ഹൗസ്ഡ്രൈവർ വിസയിൽ സൗദിയിൽ ജോലി ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് വലിയ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ആളുകൾ സൗദിയിൽ ഇൗ മേഖലയിൽ ജോലി നോക്കുന്നുണ്ട്്. ജീവിതച്ചെലവ് കുറവായതിനാൽ അവർക്ക് കിട്ടുന്ന വരുമാനം കൊണ്ട് നാട്ടിൽ കുടുംബങ്ങൾക്ക് സാമാന്യം നല്ല ജീവിത നിലവാരം ഉറപ്പുവരുത്തിയിരുന്നു. പുതിയ സാഹചര്യത്തിൽ കേരളത്തിലെ സാമൂഹിക ജീവിതത്തെ ഇവിടുത്തെ പരിഷ്കാരം വലിയ തോതിൽ ബാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. 50 ശതമാനത്തോളം ഹൗസ് ഡ്രൈവര്‍മാരുടെ സേവനത്തില്‍ നിന്ന് സ്വദേശി കുടുംബങ്ങള്‍ പിന്മാറുമെന്ന് സൗദിയിലെ സാമ്പത്തിക മാധ്യമങ്ങള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.