സൗദി അരാംകോ പ്രസിഡന്റും സി.ഇ.ഒയുമായ അമീൻ നാസർ
റിയാദ്: ആഗോള ഊർജ പരിവർത്തനത്തിന് കൂടുതൽ യാഥാർഥ്യബോധമുള്ളതും പ്രായോഗികവുമായ സമീപനം സ്വീകരിക്കണമെന്ന് ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ പ്രസിഡന്റും സി.ഇ.ഒയുമായ അമീൻ നാസർ പറഞ്ഞു. ക്വലാലംമ്പൂരിൽ ‘ഏഷ്യ എനർജി 2025’ സമ്മേളനത്തിൽ ‘ഏഷ്യയിലെ ഊർജ പരിവർത്തനം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകത്തിശന്റ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് ഏഷ്യയിൽ പരിവർത്തന പദ്ധതി ധാരാളമായി വിലയിരുത്തപ്പെടുകയും എന്നാൽ നടപ്പാക്കാതിരിക്കുകയും ചെയ്തുവെന്ന് അമീർ നാസർ വിശദീകരിച്ചു. പരമ്പരാഗത ഊർജ സ്രോതസ്സുകളുടെ തിരോധാനത്തോടെ പരിവർത്തനം വേഗത്തിലും എളുപ്പത്തിലും നടക്കുമെന്ന് ചിലർ വിശ്വസിച്ചു. എന്നാൽ എണ്ണയുടെ ആവശ്യം പ്രതിദിനം 10 കോടി ബാരൽ കവിയുന്നു. ആവശ്യം കുറയുന്നതിന്റെ ലക്ഷണം കാണുന്നുമില്ല.
സംഘർഷങ്ങളുടെ കാലത്ത് അസംസ്കൃത എണ്ണയുടെയും വാതകത്തിന്റെ പ്രാധാന്യം ചരിത്രം തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എണ്ണയുടെയും വാതകത്തിന്റെയും പ്രാധാന്യം കുറച്ചുകാണാൻ കഴിയില്ല. ഈ വസ്തുത നിലവിൽ വ്യക്തമാണ്. ഊർജ്ജ സുരക്ഷക്കുമേലുള്ള ഭീഷണികൾ ആഗോളതലത്തിൽ ആശങ്ക സൃഷ്ടിക്കുന്നത് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുകയാണ്. പുതിയ ഊർജസ്രോതസ്സുകൾ പരമ്പരാഗത സ്രോതസ്സുകളെ മാറ്റിസ്ഥാപിക്കുന്നില്ല. മറിച്ച് പുതിയതും പഴയതുമായ ഇന്ധനങ്ങൾ പരസ്പരം പൂരകമാകുകയാണ് ചെയ്യുന്നതെന്നാണ് അനുഭവം തെളിയിച്ചിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.
ഊർജ പരിവർത്തനത്തെക്കുറിച്ച് നിലവിലുള്ള വിവരണത്തിൽ സാങ്കേതിക, സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക പോരായ്മകൾ ഉയർത്തുന്ന വെല്ലുവിളികൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു വശത്ത് ഈ പരിവർത്തനം വളരെ ചെലവേറിയതാണ്.
നെറ്റ്-സീറോ എമിഷൻ കൈവരിക്കുന്നതിനുള്ള ചെലവ് 200 ട്രില്യൺ ഡോളറിലെത്താം. മറുവശത്ത് പുനരുപയോഗ ഊർജ സ്രോതസ്സുകൾ അവയുടെ പ്രാധാന്യവും വളർച്ചയും ഉണ്ടായിരുന്നിട്ടും നിലവിലുള്ള ഭാരങ്ങളും അപകടസാധ്യതകളും വഹിക്കാൻ ആവശ്യമായ വിശ്വാസ്യതയിലെത്തിയിട്ടില്ലെന്നും നിലവിലെ ആവശ്യം നിറവേറ്റുന്നില്ലെന്നും യാഥാർഥ്യം തെളിയിക്കുന്നുവെന്നും അമീൻ നാസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.