അപ്പാർട്മെന്‍റുകളുടെ ഉയർന്ന വാടകയും അനാവശ്യ നിബന്ധനകളും; ജിദ്ദ നിവാസികൾ ബുദ്ധിമുട്ടുന്നു

ജിദ്ദ: ജിദ്ദ നഗരസഭക്ക് കീഴിലുള്ള അപ്പാർട്ടുമെന്റുകളുടെ ഉയർന്ന വാടകയെക്കുറിച്ചും ചില കെട്ടിട ഉടമകളിൽ നിന്നുള്ള അനാവശ്യ നിബന്ധനകളെക്കുറിച്ചും ജിദ്ദ നിവാസികൾക്ക് പരാതി. പ്രദേശത്തെ പൗരന്മാരും താമസക്കാരും ഇതുമുഖേന ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായാണ് പരാതി.

നഗരവികസനത്തിന്‍റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ നിരവധി കെട്ടിടങ്ങൾ പൊളിച്ചു നീക്കിയതിനാൽ പ്രദേശത്തെ സ്വദേശികളും വിദേശികളുമായ പതിനായിരങ്ങൾക്കാണ് തങ്ങളുടെ താമസകേന്ദ്രം നഷ്ടപ്പെട്ടത്. ഇവർ മറ്റു പ്രദേശങ്ങളിൽ വാടക അപ്പാർട്ടുമെന്റുകൾ അന്വേഷിച്ചപ്പോഴാണ് കെട്ടിട ഉടമകൾ ഉയർന്ന വാടക ആവശ്യപ്പെടുന്നത്. ഒപ്പം അപ്പാർട്മെന്റ് ലഭിക്കണമെങ്കിൽ അനാവശ്യ നിബന്ധനകളും ചില കെട്ടിട ഉടമകൾ വെക്കുന്നുണ്ട്.

തങ്ങളുടെ ജോലിയെക്കുറിച്ചും 3,000 റിയാൽ വരെ ശമ്പളവും ഇൻഷുറൻസും ഉണ്ടാവണമെന്നൊക്കെ ചില കെട്ടിട ഉടമകൾ നിബന്ധനകൾ വെക്കുന്നത് പലർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു. ഇന്റർനെറ്റിലെ റിയൽ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോമുകളിലും അപ്പാർട്മെന്റുകൾക്ക് വളരെ ഉയർന്ന നിരക്കാണ് കാണിച്ചിരിക്കുന്നത്.

ഫർണിഷ് ചെയ്യാത്ത അപ്പാർട്ട്‌മെന്റുകൾക്ക് പ്രതിവർഷം രണ്ട് മുറികൾ സൗകര്യമുള്ളവയ്ക്ക് 25,000 റിയാൽ മുതലാണ് വാടക തുടങ്ങുന്നത്. മൂന്ന് മുറികൾക്ക് 35,000 റിയാൽ, നാല് മുറികൾക്ക് 40,000 റിയാൽ, അഞ്ച് മുറികളുള്ള അപ്പാർട്മെന്റിന് 50,000 റിയാൽ വരെയാണ് വാടക.

അപ്പാർട്മെന്റുകളുടെ വാടക വർധനവ് നിയന്ത്രിക്കുന്നതിനും പരിമിതപ്പെടുത്തുന്നതിനുമുള്ള നടപടിക്രമങ്ങളും ജിദ്ദയിലെ ഭവന വ്യവസ്ഥകൾ ശരിയാക്കാൻ ആവശ്യമായ പദ്ധതിയും വ്യക്തമാക്കാൻ മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയവുമായി ബന്ധപ്പെട്ടെങ്കിലും ഇ-മെയിൽ വഴി അയച്ച അന്വേഷണങ്ങളോട് മന്ത്രാലയം പ്രതികരിച്ചില്ലെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

Tags:    
News Summary - High rent and unwanted terms of apartments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.