മക്കയിലും ജിദ്ദയിലും കനത്ത മഴ

ജിദ്ദ: മക്ക, ജിദ്ദ എന്നിവിടങ്ങളിൽ ഞായറാഴ്ച രാത്രി പെയ്തത് കനത്ത മഴ. മേഖലയുടെ വിവിധ ഭാഗങ്ങളിൽ ഇടിയോടുകൂടിയ സാമാന്യം നല്ല മഴയാണ് പെയ്തത്. നേരത്തെതന്നെ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് വന്നതോടെ ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ മുൻകരുതൽ എടുത്തിരുന്നു. ജിദ്ദ, റാബിഖ്, ഖുലൈസ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു.

കാലാവസ്ഥ വ്യതിയാനം തുടരുന്നതിനാൽ മഴയുണ്ടാകുമ്പോൾ വീടുകളിൽതന്നെ കഴിയണമെന്നും ഒഴുക്കുള്ള സ്ഥലങ്ങളിൽനിന്ന് അകന്ന് കഴിയണമെന്നും സുരക്ഷ നിർദേശങ്ങൾ ശ്രദ്ധിക്കുകയും പാലിക്കുകയും വേണമെന്നും സിവിൽ ഡിഫൻസും മക്ക ഗവർണറേറ്റ് ദുരന്ത നിവാരണ കേന്ദ്രവും സുരക്ഷയുടെ ഭാഗമായി പ്രദേശവാസികളോട് ആവശ്യപ്പെട്ടിരുന്നു. ജിദ്ദയിൽ സിവിൽ ഡിഫൻസ് ടീമുകളെ വിന്യസിച്ചിരുന്നതായി സിവിൽ ഡിഫൻസ് അറിയിച്ചു.

കാറ്റിന്റെയും മിന്നലിന്റെയും അകമ്പടിയോടെ കനത്ത മഴക്കാണ് ഞായറാഴ്ച മക്ക നഗരം സാക്ഷ്യം വഹിച്ചത്. വടക്കുകിഴക്കൻ പ്രദേശങ്ങളിലും സമീപപ്രദേശങ്ങളിലുമാണ് മഴ ധാരാളമായി പെയ്തത്. പല റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിൽ മഴവെള്ളം കെട്ടിക്കിടന്നു. വാഹനഗതാഗതം തടസ്സപ്പെട്ടു. ചില ഭാഗങ്ങളിൽ വൈദ്യുതി തടസ്സമുണ്ടായി. ചില കാറുകൾ തകരാറിലായി.

മഴ തുടരുന്നതിനാൽ അടിയന്തര സാഹചര്യം മുന്നിൽക്കണ്ട് പ്രധാന റോഡുകളിലും റൗണ്ട് എബൗട്ടുകളിലും സിവിൽ ഡിഫൻസ് ടീമുകൾ നിലയുറപ്പിച്ചിരുന്നു. റോഡിൽനിന്ന് വെള്ളം വേഗം വലിച്ചെടുക്കാൻ ഫീൽഡ് ടീമുകളെ മുനിസിപ്പാലിറ്റി നിയോഗിച്ചിരുന്നു. ജഅ്റാന-അൽഖുബൈയ്യ റോഡിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ വാഹനത്തിലുള്ളവരെ രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് ട്വിറ്ററിൽ കുറിച്ചു.

Tags:    
News Summary - Heavy rains in Mecca and Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.