അൽ ഖോബാർ: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗത്തിൽ ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്.ഇടിമിന്നലോട് കൂടിയ മിതമായതോ കനത്തതോ ആയ മഴക്കും ചിലയിടങ്ങളിൽ കനത്ത മഞ്ഞു വീഴ്ചക്കുമാണ് സാധ്യത.താഴ്ന്ന പ്രദേശങ്ങളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. കടൽക്ഷോഭത്തിനും സാധ്യത. തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾ അടിച്ചുവീശിയേക്കാം.
ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ (എൻ.സി.എം) റിപ്പോർട്ട് പ്രകാരം തബൂക്ക്, നിയോം, തൈമ, ഹഖ്ൽ, അൽജൗഫ്, വടക്കൻ അതിർത്തി മേഖല, ഹാഇൽ, ഖസീം, മദീന എന്നിവിടങ്ങളിൽ കനത്ത മഴക്കും റിയാദ് നഗരത്തിലും സമീപ പ്രദേശങ്ങളിലും മിതമായ മഴക്കും സാധ്യത. കിഴക്കൻ പ്രവിശ്യയിലെ ദമ്മാം, ജുബൈൽ, അൽ അഹ്സ, ഹഫർ അൽ ബാത്വിൻ, ഖഫ്ജി, നുഐരിയ, ഖത്വീഫ് എന്നിവിടങ്ങളിലും മക്ക നഗരം, ജിദ്ദ, റാബിഘ്, ഖുലൈസ്, ബഹ്റ തുടങ്ങിയ മക്ക മേഖലയിലും കനത്തതോ മിതമായ തോതിലോ മഴ പെയ്തേക്കാം.സുരക്ഷ ഉറപ്പാക്കുന്നതിനായി കാലാവസ്ഥ കേന്ദ്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, ‘അൻവാഅ്’ (Anwaa) ആപ് എന്നിവ വഴി നൽകുന്ന തത്സമയ വിവരങ്ങൾ ശ്രദ്ധിക്കാൻ പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അധികൃതർ നൽകുന്ന സുരക്ഷ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും എൻ.സി.എം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.